സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആറാം സിരീസ് ഇന്ന് തുടങ്ങുന്നു; നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടികള്‍

സര്‍ക്കാരിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസിജിബി) നിക്ഷേപത്തിന്റെ ആറാം സീരീസ് ഇന്നാരംഭിക്കുകയാണ്. ഓഗസ്റ്റ് 30 ന് തുടങ്ങുന്ന എസ്ജിബികള്‍ സെപ്തംബര്‍ 3 ന് അവസാനിക്കും. ഈ കാലയളവില്‍ സ്വര്‍ണ ബോണ്ടുകളുടെ സബ്സ്‌ക്രിപ്ഷന്‍ നടത്താം. ഇത്തവണ ഗ്രാമിന് 4732 രൂപയാണ് വില.

എപ്പോഴത്തെയും പോലെ ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ അധിക കിഴിവും ലഭിക്കും. അത്തരം നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഗ്രാമിന് 4,682 രൂപയാണ്. നിലവിലെ വിപണി വിലയേക്കാളും താഴ്ന്ന നിരക്കില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുമെന്നത് മാത്രമല്ല സര്‍ക്കാരിന്റെ സുരക്ഷിതത്വത്തോടെ ഭാവിയിലേക്ക് സ്വര്‍ണ നിക്ഷേപം നടത്താം എന്നതുമാണ് സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ പ്രത്യേകത.
2021 മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ആറ് ഗഡുക്കളായാണ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണ ബോണ്ട് സിരീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഈ കാലയളവിലെ അവസാനത്തെ സിരീസ് ആണ് ഇത്. ആര്‍ക്കൊക്കെ സ്വര്‍ണം വാങ്ങാം, എവിടെ നിന്നും വാങ്ങാം, പ്രയോജനമെന്തെല്ലാം എന്നത് അറിയാം.
എവിടെ നിന്നും വാങ്ങാം?
എല്ലാ ബാങ്കുകളില്‍ നിന്നും, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎല്‍), സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഇ), ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് (ബിഎസ്ഇ) എന്നിവടങ്ങളില്‍ നിന്നും ബോണ്ടുകള്‍ വാങ്ങാം. എന്നാല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, പെയ്മെന്റ് ബാങ്കുകള്‍ എന്നിവയ്ക്ക് എസ്ജിബി ഇഷ്യു ചെയ്യാനുള്ള അവകാശമില്ല.
ആര്‍ക്കൊക്കെ വാങ്ങാം?
ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എസ്ജിബി വാങ്ങാം. ഹിന്ദു അണ്‍-ഡിവൈഡഡ് ഫാമിലി വിഭാഗത്തിനും ട്രസ്റ്റുകള്‍ക്കും ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം. വ്യക്തികള്‍ക്ക് 4 കിലോ ഗ്രാമാണ് പരമാവധി വാങ്ങാനാകുക. എന്നാല്‍ ട്രസ്റ്റുകള്‍ക്കും മറ്റ് സമാന സ്ഥാപനങ്ങള്‍ക്കുമുള്ള പരമാവധി നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്.
സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പങ്കാളിത്ത ഉപയോക്താവായും വാങ്ങിക്കാവുന്നതാണ്. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇത്തരത്തില്‍ വാങ്ങാം. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലാണ് വാങ്ങിക്കുന്നത് എങ്കില്‍ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാവോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുത്ത പോസ്റ്റ്ഓഫീസുകളില്‍ ലഭ്യമാണ് ഈ സൗകര്യം. ഇത് അറിയാന്‍ അതാത് ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാം.
കാലാവധി എത്ര?
ഈ ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണെങ്കിലും നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും.
ആരംഭിച്ച് എട്ട് വര്‍ഷം വരെയുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതികളില്‍ നിക്ഷേപകന്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമാണ്.
പലിശ നിരക്ക് എത്ര?
2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്നപലിശ നിരക്ക്.
വില്‍ക്കുമ്പോള്‍ എങ്ങനെ പണമാക്കാം?
ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയാണ് ഇതിനായെടുക്കുക. സബ്സ്‌ക്രിപ്ഷന്‍ നടക്കുന്ന ആഴ്ചയിലെ മൂന്നു പ്രവര്‍ത്തി ദിവസങ്ങളിലെ സ്വര്‍ണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരിക്കാണ് ബോണ്ട് ഇഷ്യു ചെയ്യുകബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുന്‍ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക.
ബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുന്‍ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക.
പണയം വയ്ക്കാമോ?
ഏതൊരു നിക്ഷേപകനും സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക.
നികുതി ബാധകമാണോ?
മെച്യൂരിറ്റിയാകുമ്പോഴുള്ള മൂലധന നേട്ടം നികുതി രഹിതമാണ്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്കുള്ള മെച്ചമാണിത്.
പോരായ്മയെന്ത് ?
സ്വര്‍ണം വാങ്ങുമ്പോഴുള്ള വിലയല്ല, ഇഷ്യു കാലാവധി കഴിഞ്ഞ് പണമാക്കി മാറ്റുമ്പോള്‍ ആ സമയത്തുള്ള മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ഐബിജെഎ ലിമിറ്റഡ് രേഖപ്പെടുത്തിയ ശരാശരി വില തന്നെയാണ് ലഭിക്കുക. (എന്നാല്‍ സ്വര്‍ണവില ഏറുന്ന സാഹചര്യമെങ്കില്‍ ഉപഭോക്താവിന് ഇത് നേട്ടവും ആയേക്കാം. )


Related Articles
Next Story
Videos
Share it