2023 ല്‍ മ്യുച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി മികച്ച ആദായം നേടാന്‍ നിക്ഷേപകര്‍ക്ക് കഴിയും. എങ്കിലും താഴെ പറയുന്ന 9 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ട സാധ്യത ഒഴിവാക്കാം.

1. നിക്ഷേപ ലക്ഷ്യം: നിങ്ങളുടെ നിക്ഷേപ ലക്ഷ്യം ദീര്‍ഘ കാലത്തില്‍ ആദായം നേടാന്‍ ആണെങ്കില്‍ -ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാകും നല്ലത്. കോമ്പൗണ്ടിംഗ് നേട്ടങ്ങള്‍ ഈ പദ്ധതികളില്‍ നിന്ന് ലഭിക്കും. അതെ സമയം ഹൃസ്വ കാലയളവിലേക്ക് ഹൈബ്രിഡ്, ഡെറ്റ് (debt) ഫണ്ടുകളാണ് നല്ലത്.

2. ചെലവ് അനുപാതം: ചെലവ് അനുപാതം (expense ratio) കൂടുതല്‍ ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കരുത്. ആദായം കുറയാന്‍ കാരണമാകും.

3 .പ്രകടന ചരിത്രം: മുന്‍ വര്‍ഷങ്ങളില്‍ മികച്ച ആദായം നല്‍കിയത് കൊണ്ട് വരും വര്‍ഷങ്ങളില്‍ മികച്ച ആദായം നല്‍കണമെന്നില്ല. എങ്കിലും ഒരു വര്‍ഷം, മൂന്ന് വര്‍ഷം, 5 വര്‍ഷം തുടങ്ങി വ്യത്യസ്തമായ കാലയളവില്‍ വിവിധ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി നിക്ഷേപിക്കുന്നതാണ് ഉചിതം.

4. വൈവിധ്യവല്‍ക്കരണം: പോര്‍ട്ട് ഫോളിയോ വൈവിധ്യമാകുന്നതാണ് നഷ്ട സാധ്യത കുറയ്ക്കാന്‍ നല്ലത്. വിവിധ മേഖലകളിലായി നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്ക് മുന്‍ ഗണന നല്‍കാം.

5 .നിക്ഷേപ ശൈലി: ആക്റ്റീവ് മാനേജ്ഡ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ വിപണിയില്‍ ശരാശരി ലഭിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട ആദായം ലഭിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. എന്നാല്‍ പാസ്സീവ് ഫണ്ടുകള്‍ ഓഹരി സൂചികകളെ പിന്തുടര്‍ന്നുള്ള നിക്ഷേപ തന്ത്രമാകും നടപ്പിലാക്കുക. 66 % ആക്റ്റീവ് ഫണ്ടുകളും ഓഹരി സൂചിക ഫണ്ടുകളേക്കാള്‍ കുറഞ്ഞ ആദായമാണ് നല്‍കിയിട്ടുള്ളത്.

6 ഫണ്ട് മാനേജരുടെ പ്രവര്‍ത്തന ചരിത്രം: ഫണ്ട് മാനേജര്‍ മുന്‍പ് കൈകാര്യം ചെയ്ത് സ്‌കീമുകളില്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം ലഭിച്ചിട്ടുണ്ടോ എന്ന് അറിയണം. അവരുടെ കാര്യക്ഷമത ഉറപ്പാക്കിയിട്ട് വേണം നിക്ഷേപിക്കാന്‍.

7. ഫണ്ട് വലിപ്പം: കൂടുതല്‍ തുക നിക്ഷേപം ലഭിക്കുന്ന ഫണ്ടുകള്‍ക്ക് കൂടുതല്‍ വൈവിധ്യമായി പണം വിനിയോഗിച്ച് ആദായം നേടാന്‍ സാധിക്കും.

8. ലിക്വിഡിറ്റി : എളുപ്പം പണമാക്കാന്‍ സാധിക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അടിയന്തരഘട്ടത്തില്‍ പണം പിന്‍വലിക്കാന്‍ എളുപ്പമായിരിക്കും. ചില പദ്ധതികള്‍ക്ക് ലോക്കിന്‍ കാലാവധി ഉണ്ടാവും -അതിന് ശേഷമേ വില്‍ക്കാന്‍ സാധിക്കു. ഇക്വിറ്റി സ്‌കീമുകള്‍ ഓപ്പണ്‍ ഇന്‍ഡഡ് ആയത് കൊണ്ട് പ്രവര്‍ത്തിദിവസങ്ങളില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും.

9. നികുതി ബാധ്യത: മ്യുച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് മൂലധന നേട്ട നികുതി ബാധകമാണ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള ഇക്വിറ്റി ഫണ്ടുകള്‍ക്ക് 10 % മൂലധന നേട്ട നികുതി നല്‍കണം. ഡെറ്റ് ഫണ്ടുകള്‍ക്ക് 20 % നല്‍കണം. ഇന്‍ഡക്സേഷന്‍ അനൂകൂല്യം 3 വര്‍ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ മാത്രമാണ് ലഭിക്കുന്നത്.

Related Articles

Next Story

Videos

Share it