മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ റിസ്ക് കൈകാര്യം ചെയ്യാം; എളുപ്പമാർഗങ്ങൾ ഇതാ

എല്ലാവര്‍ക്കും ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തിലുളള നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എങ്ങനെ നിക്ഷേപിക്കണം, എന്ത് നിക്ഷേപമാണ് വേണ്ടത് അങ്ങനെ ആശങ്കകള്‍ പലതാണ്. നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ആദ്യം നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം. നിലവിലെ വരുമാനം, ആസ്തി, ചെലവ്, ബാധ്യത, സേവിംഗ്സ് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കില്‍ മാത്രമെ നിക്ഷേപം ആരംഭിക്കാന്‍ പാടുള്ളൂ. എന്നാല്‍ റിസ്‌ക് കൈകാര്യം ചെയ്യാന്‍ നമ്മള്‍ അറിഞ്ഞിരിക്കുകയും വേണം. ഇതാ മ്യൂച്വല്‍ഫണ്ടിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അസറ്റ് അലോക്കേഷന്‍ ( Asset Allocation )
നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ വിജയത്തിലെ സുപ്രധാന ഘടകമാണ് അസറ്റ് അലോക്കേഷന്‍. നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി, വരുമാനം, വയസ്, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവയെ അടിസ്ഥാനമാക്കി ഇക്വിറ്റി, ബോണ്ട്, കാഷ്, ഗോള്‍ഡ് എന്നിങ്ങനെ വ്യത്യസ്ത ആസ്തി ക്ലാസ്സുകളായി വിഭജിച്ചു വിന്യസിക്കുന്ന പ്രക്രിയ ആണ് അസറ്റ് അലോക്കേഷന്‍. ഇത് വളരെ സിംപിള്‍ ആണ്. അസറ്റ് അലോക്കേഷന്‍ കൃത്യമായി ചെയ്യാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപത്തില്‍ നിങ്ങള്‍ പ്രധാന പടി കടന്നു എന്നു തന്നെ പറയാം.
2. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കാം (Portfolio Diversification )
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇത്. അതായത്, അസറ്റ് ക്ലാസ്സുകളെ വേര്‍തിരിച്ച് നിക്ഷേപത്തിനൊരുങ്ങുക എന്നത് തന്നെ. ഒരേ അസറ്റ് ക്ലാസ്സില്‍ തന്നെയുള്ള നിക്ഷേപത്തില്‍ പൂര്‍ണമായി നിക്ഷേപിക്കാതെ വിവിധതരം സെക്ടറുകളിലായോ, കമ്പനികളിലായോ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് പോര്‍ട്ട് ഫോളിയോ വൈവിധ്യവല്‍ക്കരണം. മാര്‍ക്കറ്റ് വ്യതിയാനങ്ങളുടെ ആഘാതം കുറയ്ക്കുന്നതില്‍ വൈവിധ്യവല്‍ക്കരണം വളരെയധികം സഹായിക്കുന്നു. കണ്ടിട്ടില്ലേ കൃഷിക്കാരന്‍ റബറാണ് കൃഷി ചെയ്യുന്നതെങ്കില്‍ അതിനിടയില്‍ ഇടവിളയും ഉള്‍പ്പെടുത്തുന്നത്. അത് പോലെ തന്നെയാണിതും.
ഒരു കമ്പനിയുടെ ഓഹരിയില്‍ മാത്രം നിക്ഷേപിക്കുകയാണെങ്കില്‍, റിസ്‌ക് വളരെ കൂടുതലും നിക്ഷേപത്തിന്റെ വളര്‍ച്ച പ്രസ്തുത കമ്പനിയുടെ പ്രകടനത്തെ മാത്രം ആശ്രയിച്ചുമായിരിക്കും. ഇത് നമ്മുടെ നിക്ഷേപ മൂല്യത്തില്‍ വ്യാപകമായി ചാഞ്ചാട്ടമുണ്ടാക്കും. പകരം, നിങ്ങള്‍ 10 വിവിധ വ്യവസായ മേഖലകളിലെ 20 കമ്പനികളില്‍ ഓഹരികള്‍ വാങ്ങുകയാണെങ്കില്‍, നഷ്ടത്തിന്റെ സാധ്യത കുറയും. ഇതാണ് ഇതിലെ ലളിതമായ ടെക്നിക്.
3. മാര്‍ക്കറ്റ് വ്യതിയാനങ്ങളോട് പൊരുതാന്‍ എസ്‌ഐപി (Systematic Investment Plan )
വിപണിയിലെ എല്ലാ അസ്ഥിരമായ അവസരങ്ങളെയും നേട്ടമാക്കി മാറ്റുവാന്‍ SIP (Systematic Investment Plan ) വഴിയുള്ള നിക്ഷേപത്തിന് സാധിക്കും. കൃത്യമായ തുക കൃത്യമായ ഇടവേളകളില്‍ മാര്‍ക്കറ്റ് ലെവല്‍ പരിഗണിക്കാതെ തെരഞ്ഞെടുത്ത സ്‌കീമുകളില്‍ നിക്ഷേപിക്കുന്നത് വഴി റുപ്പീ കോസ്റ്റ് ആവറേജിംഗ് സാധ്യമാകുന്നു. ഓരോ വിപണി വ്യതിയാനത്തിലും നിക്ഷേപകന് കൂടുതല്‍ യൂണിറ്റ്‌സ് ലഭിക്കുന്നത് വഴി റുപ്പീ കോസ്റ്റ് ആവറേജിംഗ് സാധ്യമാകുന്നു, അതുവഴി നിങ്ങളുടെ നിക്ഷേപത്തിന്റെ വ്യതിയാനങ്ങളെ കുറയ്ക്കാനും അതിനെ നേട്ടമാക്കാനും SIP കള്‍ സഹായിക്കുന്നു.
റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്നതിനെ ഒന്നുകൂടി ലളിതമാക്കി പറയാം. എസ്ഐപി നിക്ഷേപത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ഫലമാണിത്. വിപണിയിലെ ഉയര്‍ച്ചയുടേയും താഴ്ചയുടേയും പ്രത്യാഘാതത്തെ ദീര്‍ഘകാലത്തില്‍ ആവറേജിംഗിലൂടെ ഇല്ലാതാക്കുന്നു. ദീര്‍ഘകാലത്തില്‍ നിക്ഷേപകര്‍ക്ക് മാക്സിമം റിട്ടേണ്‍ ലഭിക്കുവാന്‍ സഹായിക്കുന്നു
ചുരുക്കി പറഞ്ഞാല്‍ പ്രതിമാസം 500 രൂപ നിക്ഷേപിച്ചു കൊണ്ടു പോലും എസ്ഐപി നിക്ഷേപം തുടങ്ങാം. എസ്ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. ആ ഫണ്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മികച്ച എസ്ഐപികള്‍ ഒരു മുതല്‍ക്കൂട്ടാണ്. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീമുകളില്‍ ആണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ നിക്ഷേപത്തിനു നികുതി ഇളവും ലഭിക്കും.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാടു റിസ്‌കുകള്‍ ഉണ്ടെങ്കിലും (Liquidity Risk, Interest Rate Risk, Credit Risk, Concentration Risk) അവയ്ക്കെല്ലാം വ്യക്തമായ പ്രതിവിധികളുമുണ്ട്. അവയെല്ലാം വിദഗ്ധനായ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായത്തോടെ നമ്മള്‍ക്ക് നേരിടാവുന്നതേയുള്ളൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it