Begin typing your search above and press return to search.
പണപ്പെരുപ്പത്തെ ചെറുക്കാം, നിക്ഷേപിക്കുമ്പോള്‍ ഇതൊന്ന് ശ്രദ്ധിച്ചാല്‍
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയും കടന്നു പോയ സന്ദര്‍ഭങ്ങളാണ് കടന്നു പോയത്. കരുതലോടെ നിക്ഷേപിച്ചില്ലെങ്കില്‍ ലക്ഷ്യം കൈവരിക്കാനാവില്ല
രാജ്യത്ത് പണപ്പെരുപ്പ നിരക്ക് അടുത്തിടെ റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയായ ആറു ശതമാനത്തിനും മുകളില്‍ പോയി. പിന്നീട് താഴ്ന്നുവെങ്കില്‍ പണപ്പെരുപ്പം വലിയ ഭീഷണി തന്നെയാണ്. മേയില്‍ 6.30 ശതമാനമായിരുന്നു ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പമെങ്കില്‍ ജൂണില്‍ 6.26 ശതമാനമായി പണപ്പെരുപ്പ നിരക്ക്. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പത്തെ മറികടക്കാനുള്ള ശേഷി നിങ്ങളുടെ നിക്ഷേപത്തിന് ഉണ്ടെങ്കില്‍ മാത്രമേ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുകയുള്ളൂ. നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്;
യഥാര്‍ത്ഥ നേട്ടം എന്താണെന്ന് മനസ്സിലാക്കുക
പണപ്പെരുപ്പം നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപത്തിന്റെ മൂല്യത്തില്‍ ഗണ്യമായ കുറവ് വരുത്തും. വലിയ തുകയാണെന്ന് ഇന്ന് കരുതുന്നവ പോലും കുറച്ചു കാലങ്ങള്‍ക്ക് ശേഷം ചെറിയ തുകയായി അനുഭവപ്പെടും. നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന നേട്ടത്തില്‍ നിന്ന് പണപ്പെരുപ്പം കഴിച്ചാല്‍ ബാക്കി ലഭിക്കുന്നതാണ് യഥാര്‍ത്ഥ നേട്ടം. പരമ്പരാഗത നിക്ഷേപ മാര്‍ഗമായ സ്ഥിര നിക്ഷേപത്തിനൊന്നും പണപ്പെരുപ്പത്തെ തരണം ചെയ്യാനാവണമെന്നില്ല. നാലു ശതമാനമാണ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ ശരാശരി പണപ്പെരുപ്പ നിരക്ക് ആറ് ശതമാനമാണെങ്കില്‍ നെഗറ്റീവ് റിട്ടേണ്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. അതുകൊണ്ട് യഥാര്‍ത്ഥ നേട്ടം കണക്കു കൂട്ടി അതിനായി പ്രാപ്തമാകുന്ന നിക്ഷേപ മാര്‍ഗം തെരഞ്ഞെടുക്കണം.
നേരത്തേ തുടങ്ങുക, തുടര്‍ച്ചയായി നിക്ഷേപിക്കുക
നേരത്തേ നിക്ഷേപിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ പണം സമ്പാദിക്കാനാകുകയും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ അത് സഹായകമാകുകയും ചെയ്യും. ഇങ്ങനെ നേരത്തേ തുടര്‍ച്ചയായി നിക്ഷേപിച്ചു തുടങ്ങിയാല്‍ വലിയ ലക്ഷ്യങ്ങള്‍ക്കായി പോലും ചെറിയ തുക മാറ്റിവെച്ചാല്‍ മതിയാകും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേപങ്ങള്‍ ദീര്‍ഘകാലം തുടര്‍ച്ചയായി നിക്ഷേപിക്കുന്നതിലൂടെ മികച്ച നേട്ടം തരാന്‍ പ്രാപ്തമായതാണ്.
ഉദാഹരണത്തിന് 'എ' തന്റെ 45 ാമത്തെ വയസ്സില്‍ പ്രതിമാസം 10000 രൂപ എസ്‌ഐപിയായി നിക്ഷേപിച്ചു തുടങ്ങിയെന്ന് കരുതുക. 15 വര്‍ഷം തുടര്‍ച്ചയായി 60 വയസ് വരെ ഇത് തുടര്‍ന്നു. ആകെ നിക്ഷേപിച്ചത് 18 ലക്ഷം രൂപ.
അതേ സമയം 'ബി' 30 വയസ്സില്‍ 5000 രൂപ പ്രതിമാസം എസ്‌ഐപിയായി നിക്ഷേപിച്ചു തുടങ്ങി. 60 വയസ് വരെ 30 വര്‍ഷം തുടര്‍ച്ചയായി പണം നിക്ഷേപിച്ചു. ആകെ നിക്ഷേപിച്ചത് 18 ലക്ഷം രൂപ തന്നെ. 10 ശതമാനം നേട്ടമാണ് പ്രതിമാസ എസ്‌ഐപിയിലൂടെ ലഭിച്ചതെന്ന് കരുതിയാല്‍ 'എ' യുടെ ആകെ സമ്പാദ്യം 41,79,243 രൂപയും 'ബി' യുടെ സമ്പാദ്യം 1,13,96,627 രൂപയുമാണ്. 45 ാം വയസ്സില്‍ നിക്ഷേപം തുടങ്ങിയ ആളേക്കാള്‍ ഇരട്ടിയിലേറെ സമ്പാദ്യം നേടാന്‍ 30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചയാള്‍ക്ക് കഴിഞ്ഞു.
റിസ്‌ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് പോര്‍ട്ട്‌ഫോളിയോ തയാറാക്കുക
ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ ഏര്‍പ്പെടും മുമ്പ് നിങ്ങള്‍ക്ക് എത്രമാത്രം റിസ്‌ക് എടുക്കാനാകും എന്ന നോക്കേണ്ടതുണ്ട്. നിങ്ങളുടെ നിക്ഷേപം നിങ്ങള്‍ക്ക് വേണ്ടി വളരുന്നതാവണം. നിക്ഷേപകരുടെ പ്രായവും വരുമാനവും സാഹചര്യവും അനുസരിച്ച് റിസ്‌ക് എടുക്കാനുള്ള ശേഷിയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. പണപ്പെരുത്തെ തരണം ചെയ്യുന്നതിനാണെങ്കില്‍ പോലും റിസ്‌ക് എടുക്കാനുള്ള ശേഷി വിലയിരുത്തി വേണം ഏതൊക്കെ സാമ്പത്തിക ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കണം എന്ന് തീരുമാനിക്കാന്‍.
Next Story
Videos