സ്വര്‍ണം വെറുതേ വെക്കേണ്ട, പണം നേടാം... പക്ഷേ

കുതിച്ചുയരുന്ന വില കണക്കിലെടുക്കുമ്പോള്‍ മികച്ചൊരു നിക്ഷേപമാര്‍ഗമാണ് സ്വരണം എന്നതില്‍ സംശയമില്ല. പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണം കൂടി ഉള്‍പ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുകയും ചെയ്യും. എന്നാല്‍ ഇവര്‍ പറയുന്ന പേപ്പര്‍ ഗോള്‍ഡല്ല പകരം, അസല്‍ സ്വര്‍ണത്തോടാണ് ഇന്ത്യക്കാര്‍ക്ക് പ്രിയം എന്നു മാത്രം. സ്വര്‍ണം ഏറെക്കാലം കൈയില്‍ വെച്ച ശേഷം വില്‍ക്കുകയും അതിലൂടെ ലാഭം നേടുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ കൈയില്‍ വെക്കുന്ന സമയം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചും മറ്റും കൈയില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു ഇതുവരെയും. ഇപ്പോഴിതാ റിസര്‍വ് ബാങ്ക് പുതുക്കിയ പദ്ധതി പ്രകാരം ബാങ്കില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭിക്കാനുള്ള അവസരമൊരുക്കുകയാണ്. ബാങ്ക് സ്ഥിര നിക്ഷേപം പോലെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കാം. ഓരോ വര്‍ഷവും പലിശ ലഭിച്ചു കൊണ്ടിരിക്കും. കാലാവധിക്ക് ശേഷം പിന്‍വലിക്കുമ്പോള്‍ സ്വര്‍ണമോ തുല്യമായ പണമോ തിരിച്ച് ലഭിക്കുകയും ചെയ്യും.

എച്ച്ഡിഎഫ്‌സി ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാപ് നാഷണല്‍ ബാങ്ക് തുടങ്ങിവയൊക്കെ അടുത്തിടെ ഈ സ്‌കീം പ്രോത്സാഹിപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. 2.50 ശതമാനം വരെയാണ് പല ബാങ്കുകളും സ്വര്‍ണ നിക്ഷേപത്തിന് നല്‍കുന്ന പലിശ നിരക്ക്. നിക്ഷേപിച്ച സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചാണ് പലിശ നല്‍കുക.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിക്ഷേപം നടത്താനാകും. സ്വര്‍ണ ബാറുകള്‍, നാണയം, ആഭരണങ്ങള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്താം. 10 ഗ്രാം മുതല്‍ എത്ര വേണമെങ്കിലും സ്വര്‍ണം ഒരാള്‍ക്ക് നിക്ഷേപിക്കാനുകം. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ കാലയളവിലേക്കുള്ള ഷോര്‍ട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ്, 5-7 വര്‍ഷത്തേക്കുള്ള മീഡിയം ഗവണ്‍മെന്റ് ഡിപ്പോസിറ്റ്, 12-15 വര്‍ഷത്തേക്കുള്ള ലോംഗ് ടേം ഗവണ്‍മെന്റ് ഡിപ്പോസിറ്റ് എന്നിവയാണ് കാലാവധി. പലിശ ഓരോ വര്‍ഷവും പിന്‍വലിക്കാം. അതല്ലെങ്കില്‍ കൂട്ടുപലിശയായി കാലാവധി തീരുമ്പോള്‍ ഒരുമിച്ച് വാങ്ങുകയുമാകാം. നിശ്ചിത തുക പിഴയായി നല്‍കി കാലവധിക്കു മുമ്പു തന്നെ സ്വര്‍ണം പിന്‍വലിക്കാനും കഴിയും. ചുരുങ്ങിയത് ഒരു വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്.
എന്നാല്‍ ആഭരണമടക്കം, നല്‍കുന്ന സ്വര്‍ണം ഉരുക്കിയാണ് ബാങ്ക് സൂക്ഷിക്കുക എന്നതിനാല്‍ അതേ രൂപത്തില്‍ തിരിച്ച് ലഭിക്കില്ല എന്നത് സ്വര്‍ണത്തെ വൈകാരികമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം പദ്ധതിയുടെ ആകര്‍ഷണം ഇല്ലാതാക്കുന്നതുമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it