താനെയിലെ 16 ഏക്കര്‍ ഭൂമി അദാനി ഗ്രൂപ്പ് വില്‍ക്കാനൊരുങ്ങുന്നു
അദാനി ഗ്രൂപ്പിനു കീഴിലുള്ള എ.സി.സി സിമന്റ് കമ്പനിയുടെ മഹാരാഷ്ട്ര താനെയിലുള്ള 16 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നതായി ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരേക്കറിന് 25 മുതല്‍ 30 കോടി രൂപ വരെ വിലയുള്ള മേഖലയാണ്. അതിനാല്‍ മൊത്തം 400 -480 കോടി രൂപ വില്‍പ്പനയില്‍ നിന്ന് ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.സി.സി സിമന്റ്‌സിന്റെ ഗവേഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്്.
അദാനി റിയാലിറ്റിക്ക് കൈമാറാനും സാധ്യത
എ.സി.സിയുടെ സ്ഥലം വില്‍ക്കുന്നതിലൂടെ അദാനി ഗ്രൂപ്പിന് ക്യാഷ് ഫ്‌ളോ മെച്ചപ്പെടുത്താന്‍ സാധിക്കും. അതേസമയം, അദാനി റിയാലിറ്റിക്ക് സ്ഥലം കൈമാറി റിയല്‍ എസ്റ്റേറ്റ് വിഭാഗം കൂടുതല്‍ വിപലുപ്പെടുത്താനും സാധ്യതയുണ്ട്. അഹമ്മദാബാദ്, ഗുരുഗ്രാം, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മൊത്തം 15 ദശലക്ഷം ചതുരശ്ര അടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദാനി റിയാലിറ്റിപൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ 19 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മാണം പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം രഹേജ ഗ്രൂപ്പില്‍ നിന്ന് 1500 കോടി രൂപക്ക് 92 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. കൂടുതല്‍ ഭൂമി വാങ്ങാനുള്ള ശ്രമത്തിലാണ് അദാനി റിയാലിറ്റി.
കഴിഞ്ഞ വര്‍ഷമാണ് സ്വിസ്സ് കമ്പനിയായ ഹോള്‍സിമില്‍ നിന്ന് അദാനി ഗ്രൂപ്പ് എ.സി.സിയും അംബുജ സിമന്റ്‌സും വാങ്ങിയത്. അതിന് ശേഷം ഇരു കമ്പനികളിലെയും ജീവനക്കാരെ ബോംബയിലേക്കും മറ്റുമായി മാറ്റി വിന്യസിച്ചിരുന്നു.