വസ്തു രജിസ്‌ട്രേഷനില്‍ കുതിപ്പുമായി മുംബൈ

റിയല്‍ എസ്റ്റേറ് മേഖലയിലെ ഉണര്‍വ് തുടരുന്നു. മുംബൈയില്‍ റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വസ്തു രജിസ്‌ട്രേഷന്റെ എണ്ണം കോവിഡിന് മുമ്പുള്ള സ്ഥിതിയിലായി. ഈ മാസം ഇതുവരെയുള്ള കണക്കനുസരിച്ച് 2018 സെപ്തംബറിലേതിനേക്കാള്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ മുംബൈയില്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇതേ നില തുടര്‍ന്നാല്‍ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മാസ രജിസ്‌ട്രേഷന്‍ എന്ന നിലയില്‍ എത്തുമെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബറിലെ ആദ്യ 21 ദിവസം കൊണ്ട് 6000 യൂണിറ്റുകളുടെ രജിസ്ട്രഷനാണ് നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 സെപ്തംബറില്‍ 5913 യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് 7000 കടക്കുമെന്നാണ് നിലവിലെ സൂചനകള്‍. എങ്കിലത് 10 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയതാവും. ഓഗസ്റ്റില്‍ പ്രതിദിന ശരാശരി രജിസ്‌ട്രേഷന്‍ 225 യൂണിറ്റുകളായിരുന്നപ്പോള്‍ സെപ്തംബറില്‍ 300 എണ്ണമായി കൂടി.

വസ്തു വാങ്ങുന്നതിന് പ്രത്യേക നികുതിയിളവ് നല്‍കുകയോ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ അധിക ഇളവ് നല്‍കുകയോ ചെയ്യാതിരുന്നിട്ടും വില്‍പ്പന കൂടി എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മുംബൈയ്ക്ക് പുറമേ രാജ്യത്തെ മറ്റു മെട്രോ നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലുമടക്കം റിയല്‍ എസ്റ്റേറ്റ് വില്‍പ്പന കൂടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ നോയ്ഡയിലെ പുതിയ പ്രോജക്റ്റ് ലോഞ്ച് ചെയ്ത ദിവസം തന്നെ 340 യൂണിറ്റുകള്‍ വിറ്റ് റെക്കോര്‍ഡിട്ടിരുന്നു. ഇതിനു പിന്നാലെ ഡിഎല്‍എഫ്, പ്രസ്റ്റീജ്, ശോഭ തുടങ്ങിയ പ്രമുഖ ബില്‍ഡര്‍മാരെല്ലാം വില്‍പ്പന കൂടിയെന്ന റിപ്പോര്‍ട്ട് പുറത്തു വിടുകയും ചെയ്തു.

നിരവധി പുതിയ പദ്ധതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് ബില്‍ഡര്‍മാര്‍ എല്ലാം കൂടി ഒരുക്കുക 92.5 ദശലക്ഷം ചതുരശ്രയടി റസിഡന്‍ഷ്യല്‍ സ്‌പേസ് ആകും. മുംബൈ മെട്രോപൊളിറ്റല്‍ റീജ്യണില്‍ മാത്രം അടുത്ത ഉത്സവ സീസണില്‍ മാത്രം രണ്ടു ദശലക്ഷം ചതുരശ്രയടിയുടെ പദ്ധതികള്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോഴും ആകെ പ്രോജക്റ്റുകളുടെ 70 ശതമാനവും മുംബൈ, ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂന, കൊല്‍ക്കൊത്ത തുടങ്ങിയ വന്‍കിട നഗരങ്ങളിലാണെങ്കിലും ഇപ്പോള്‍ സ്ഥിതി മാറുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ചാണ്ഡീഗഡ്, ഇന്‍ഡോര്‍, ലക്‌നൗ, നാഗ്പൂര്‍ തുടങ്ങി നിരവധി ടയര്‍ 2 നഗരങ്ങളിലും പദ്ധതി വരുന്നുണ്ട്.

നടപ്പ് ത്രൈമാസത്തില്‍ (ജൂലൈ-സെപ്തംബര്‍) പുതിയ പ്രോജക്റ്റുകളുടെ ലോഞ്ചിംഗില്‍ കഴിഞ്ഞ ത്രൈമാസത്തേക്കാള്‍ 30-40 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് അനറോക്ക് റിസര്‍ച്ച് ചൂണ്ടിക്കാട്ടുന്നത്. 2021 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങളില്‍ 24600 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ 36250 യൂണിറ്റുകളുടെ ലോഞ്ചിംഗ് നടന്നു.

Related Articles

Next Story

Videos

Share it