പണപ്പെരുപ്പവും പലിശ നിരക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുമോ?

കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിപ്പോ നിരക്ക് (Repo Rate) വര്‍ധിപ്പിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഒരു മാസത്തിനിടെ നടപ്പാക്കിയ 90 ബിപിഎസിന്റെ വര്‍ധനവില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്നതിനാല്‍ തന്നെ ഇനിയും പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള റിപ്പോ നിരക്ക് 4.9 നിന്ന് ആറ് ശതത്തിലധികം ഉയര്‍ത്താനിടയുണ്ടെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ പലിശ നിരക്കും പണപ്പെരുപ്പവും ഉയരുന്നതിനെ ഉറ്റുനോക്കുകയാണ് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖല.

ഇന്‍പുട്ട് ചെലവ് വര്‍ധിച്ചത് ഈ മേഖലയ്ക്ക് കനത്ത ബാധ്യതയായിരുന്നു. ഇന്‍പുട്ട് ചെലവിലെ അധിക ബാധ്യത ആസ്തികളുടെ വില ഉയര്‍ത്തിയാണ് ഡെവലപ്പര്‍മാര്‍ പരിഹരിച്ചത്. സിമന്റ്, സ്റ്റീല്‍ എന്നിവയുടെ വില വര്‍ധനവ് കാരണം ഏപ്രില്‍ മുതല്‍ വീടുകളുടെ വില ഏകദേശം 3-5 ശതമാനത്തോളമാണ് ഉയര്‍ത്തിയത്.
നിരക്ക് വര്‍ധനയുടെ ആഘാതം വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് (Real Estate) വിപണിയായ മുംബൈ നഗരത്തിലെ മെയ് മാസത്തെ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവിടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 9,523 യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍. ഐടി പ്രൊഫഷണലുകളുടെ ശമ്പള വര്‍ധനവും മറ്റ് രംഗങ്ങളിലെ വളര്‍ച്ചയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പലിശ നിരക്ക് (Interest Rate Hike) വര്‍ധനവ് തിരിച്ചടിയാകില്ലെന്നാണ് ഈ രംഗത്തുള്ളവരും പറയുന്നത്. ഈ വര്‍ഷം പലിശനിരക്ക് രണ്ടോ മൂന്നോ തവണ വര്‍ധിക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് അറിയാമെന്നും അത് തങ്ങളെ സംബന്ധിച്ചിടത്തോളം അത്ര ആശങ്കയല്ലെന്നും മഹീന്ദ്ര ലൈഫ്സ്പേസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അരവിന്ദ് സുബ്രഹ്‌മണ്യന്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്. പണപ്പെരുപ്പം ഉയരുന്നത് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഡിമാന്റില്‍ പ്രതിഫലിച്ചേക്കും. കഴിഞ്ഞ മാസം സ്റ്റീല്‍ കയറ്റുമതിക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം വിലയില്‍ കുറച്ച് കുറവുണ്ടായിട്ടുണ്ടെങ്കിലും, പണപ്പെരുപ്പത്തിന്റെ ഫലമായുള്ള വില വര്‍ധനവ് കൈമാറ്റം ചെയ്യേണ്ടതുണ്ടോ എന്ന് നോക്കുകയാണ് ഡെവലപ്പര്‍മാര്‍.
അതേസമയം, റിപ്പോ നിരക്ക് വര്‍ധന ഭവന വായ്പകളുടെ ഇഎംഐ തുകയിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ 75 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്മെന്റിന്റെ ഇഎംഐകളില്‍ 4,100 രൂപയുടെയും ഡല്‍ഹിയില്‍ ഒരു കോടി രൂപയുടെ വീടിന് 5,500 രൂപയുടെയും മുംബൈയില്‍ 2 കോടി രൂപയുടെ വീടിന് ഏകദേശം 11,000 രൂപയുടെയും വര്‍ധനവാണ് പലിശ നിരക്ക് വര്‍ധനവ് കാരണമുണ്ടായത്.


Related Articles

Next Story

Videos

Share it