സിമന്റിന് ശേഷം ഈ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ അദാനി, 10,000 കോടി ചെലവില്‍ ഫാക്ടറി, 10 ലക്ഷം ടണ്‍ ഉല്‍പ്പാദനം ലക്ഷ്യം

തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഊർജ മേഖലകളിലും വലിയ സ്വാധീനമാണ് ഗൗതം അദാനി ഗ്രൂപ്പിനുളളത്. രണ്ട് വർഷം മുമ്പാണ് മറ്റൊരു അടിസ്ഥാന സൗകര്യ മേഖലയായ സിമൻ്റിലേക്ക് അദാനി ഗ്രൂപ്പ് പ്രവേശിക്കുന്നത്.
സ്വിസ് ഭീമനായ ഹോൾസിമിൽ നിന്ന് 10.5 ബില്യൺ ഡോളറിന് അംബുജ സിമൻ്റ്‌സും എ.സി.സിയും ഏറ്റെടുത്തുകൊണ്ടാണ് സിമന്റ് മേഖലയില്‍ അദാനി വരവറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് നിര്‍മാതാക്കളായ ആദിത്യ ബിർള ഗ്രൂപ്പിന് തൊട്ടുപിറകെയായി അദാനി രണ്ടാം സ്ഥാനത്തെത്തി. ബിർളയുടെ അൾട്രാടെക്കുമായുള്ള മത്സരം മുറുകിയതോടെ ബിസിനസ് വളർത്തുന്നതിനായി അദാനി കുറച്ച് സിമൻ്റ് കമ്പനികൾ കൂടി വാങ്ങി.

ചെമ്പ് വ്യവസായം

ഇതിനുശേഷം മറ്റൊരു മേഖലയില്‍ കൂടി ആധിപത്യം ഉറപ്പിക്കാനുളള നീക്കങ്ങളിലാണ് അദാനി. വൈദ്യുത വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഇന്ത്യ നിർണായക ധാതുവായി പ്രഖ്യാപിച്ചതുമായ ചെമ്പ് വ്യവസായമാണ് അദാനി ഉന്നംവെച്ചിരിക്കുന്നത്. ഇന്ത്യയുടെ പുനരുപയോഗ ഊർജ വളർച്ചയ്ക്ക് നിർണായകമായ മേഖലയായാണ് ചെമ്പ് വ്യവസായത്തെ വിദഗ്ധര്‍ കാണുന്നത്.
അദാനി എൻ്റർപ്രൈസസ് തങ്ങളുടെ ചെമ്പ് റിഫൈനറിയുടെ ആദ്യ യൂണിറ്റ് ഗുജറാത്തിലെ മുന്ദ്രയിൽ മാർച്ചിൽ കമ്മീഷൻ ചെയ്തു. അദാനി എൻ്റർപ്രൈസസിന്റെ സബ്സിഡിയറിയായ കച്ച് കോപ്പർ ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഖനന കമ്പനിയായ ബി.എച്ച്‌.പിയുമായി പ്രതിവർഷം 1.6 മില്യൺ ടൺ ചെമ്പ് വേര്‍തിരിച്ചെടുക്കാനുളള ചർച്ചയിലാണ്. പ്രതിവർഷം ഏകദേശം 30,000 കോടി രൂപയുടെ വിതരണ കരാറിലാണ് ഇരുവരും ഏര്‍പ്പെടുന്നത്.
പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്ക് വലിയ മുന്നേറ്റമുണ്ടാകുന്ന അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇന്ത്യക്ക് ചെമ്പിന്റെ ആവശ്യം നിലവിലുളളതിന്റെ പലമടങ്ങായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 10 ലക്ഷം ടൺ ശേഷിയുള്ള ശുദ്ധീകരിച്ച ചെമ്പ് ഉൽപ്പാദിപ്പിക്കുന്നതിനുളള ചെമ്പ് ശുദ്ധീകരണശാലയായാണ് കച്ച് കോപ്പർ വിഭാവനം ചെയ്തിരിക്കുന്നത്.

2029 ഓടെ പൂര്‍ണ ശേഷി

1.2 ബില്യൺ ഡോളര്‍ (10,088.53 കോടി) ചെലവില്‍ ആദ്യഘട്ടത്തിൽ 0.5 ദശലക്ഷം ടൺ ചെമ്പ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ എന്നിവയോടാണ് ഈ വ്യവസായത്തില്‍ കച്ച് കോപ്പർ മത്സരിക്കുന്നത്. 2029 മാർച്ചോടെ കമ്പനിയുടെ പൂർണ ശേഷിയായ ഒരു ദശലക്ഷം ടണ്ണിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ കച്ച് കോപ്പർ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ശുദ്ധീകരണശാലയായി മാറുന്നതാണ്.
ഇന്ത്യയുടെ നിലവിലെ പ്രതിശീർഷ ചെമ്പ് ഉപഭോഗം ഏകദേശം 0.6 കിലോഗ്രാമാണ്. പുനരുപയോഗ ഊർജ സംവിധാനങ്ങളില്‍ ഇന്ത്യ മുന്നേറുന്നതിലൂടെയും വൈദ്യുത വാഹനങ്ങള്‍ വ്യാപകമായി പ്രചാരത്തില്‍ ആകുന്നതിലൂടെയും 2030 ഓടെ ആഭ്യന്തര ചെമ്പിൻ്റെ ആവശ്യം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-23 ൽ ചെമ്പ് ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത് 27,131 കോടി രൂപയാണ്. 2022 ലെ 13.11 ലക്ഷം ടണ്ണിൽ നിന്ന് 2023 ൽ ഇന്ത്യയിലെ ചെമ്പിൻ്റെ ആവശ്യം 16 ശതമാനം വർധിച്ച് 15.22 ലക്ഷം ടണ്ണായതായി ഇൻറർനാഷണൽ കോപ്പർ അസോസിയേഷൻ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.

ഉപയോഗമുളള മേഖലകള്‍

കെട്ടിട നിർമ്മാണം, പുനരുപയോഗ ഊർജം, ഇലക്ട്രിക് മൊബിലിറ്റി, വ്യാവസായങ്ങള്‍, റെയിൽവേ, മെട്രോകൾ, പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ മേഖലകളില്‍ ചെമ്പിന് വളരെയധികം ഉപയോഗമാണ് ഉളളത്.
റെയിൽവേയുടെ വൈദ്യുതീകരണവും നവീകരണവും, മെട്രോ ഉൾപ്പെടെയുള്ള ഗതാഗത മേഖല, ഓട്ടോമോട്ടീവ് മേഖല, ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) വളര്‍ച്ച, പ്രീമിയം വീടുകളുടെ നിര്‍മാണം തുടങ്ങിയവയില്‍ കോപ്പര്‍ അവശ്യ ഘടകമാണ്.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗ ഊർജ സ്രോതസുകളിലേക്കുള്ള മാറ്റത്തിനിടയിൽ ലോക വ്യാപകമായി ചെമ്പിന് ഡിമാന്‍ഡ് ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയെക്കൂടാതെ യു.എസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലും ചെമ്പിന് ആവശ്യക്കാരേറും. ചെമ്പ് വ്യവസായം വലിയ തോതില്‍ വിപുലീകരിക്കാനുളള ശ്രമങ്ങളിലാണ് ചൈന.
Related Articles
Next Story
Videos
Share it