വാക്കു പാലിച്ച് ആമസോണ്‍; കേരളത്തില്‍ വനിതകള്‍ മാത്രമുള്ള വിതരണ കേന്ദ്രങ്ങള്‍ തുടങ്ങി

ലോകത്തെ ഏറ്റവും വലിയ വിതരണ ശൃംഖലകളുള്ള ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്‍ ആമസോണ്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സംഭവത്തിന് തുടക്കമിട്ടിരിക്കുകയാണ് ആമസോണ്‍. സ്ത്രീകള്‍ക്ക് തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ പുതിയ രണ്ട് വിതരണ കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. സ്ത്രീകള്‍ മാത്രമുള്ളതാണ് ഈ ഡെലിവറി കേന്ദ്രങ്ങള്‍.

പത്തനംതിട്ടയിലെ ആറന്മുളയിലും തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലുമാണ് ഈ ഡെലിവറി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഡെലിവറി സര്‍വീസ് പാര്‍ട്ണര്‍മാര്‍ വഴിയാണ് ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ജോലി ലഭിക്കുക. ഓരോ കേന്ദ്രത്തിലും പ്രദേശത്തെ 50 ഓളം സ്ത്രീകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ഒരു രാജ്യാന്തര കമ്പനി ആദ്യമായാണ് കേരളത്തില്‍ ഇത്തരത്തില്‍ വനിതകള്‍ക്ക് മാത്രമായി വിതരണ കേന്ദ്രങ്ങള്‍ തുറക്കുന്നത്.
ഗുജറാത്തിലെ കാഡിയിലും തമിഴ്‌നാട്ടിലെ ചെന്നൈയിലും കമ്പനിക്ക് ഇത്തരം ഓള്‍ വിമന്‍ കേന്ദ്രങ്ങളുണ്ട്. ലോജിസ്റ്റിക്‌സ് രംഗത്ത് സ്ത്രീകള്‍ക്ക് തൊഴിലുറപ്പാക്കി, സ്ത്രീശാക്തീകരണത്തിന്റെ പാതയില്‍ ഈ മേഖലയെ കൂടി ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് ആമസോണ്‍ തുറന്നത്.
ആമസോണിന് പുറമെ വനിതാ പ്രാതിനിധ്യമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സൊമാറ്റോയും തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ ഡെലിവറി പാര്‍ട്ണര്‍മാരുടെ എണ്ണം കൂട്ടിയിട്ടുമുണ്ട് കമ്പനി.


Related Articles
Next Story
Videos
Share it