ആമസോണിന്റെ ശ്രമങ്ങള്‍ തീരുന്നില്ല! റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെതിരെ വീണ്ടും സെബിക്ക് കത്ത്


റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെതിരെ വീണ്ടും ആമസോണ്‍ സെബിക്ക് കത്ത് അയച്ചു. 24,713 കോടി രൂപയുടെ ഫ്യൂച്ചര്‍-ആര്‍ഐഎല്‍ ഇടപാടിന്റെ അവലോകനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആണ് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ വീണ്ടും സെബിയ്ക്ക് കത്തെഴുതിയത്. സിംഗിള്‍ മെംബര്‍ ബെഞ്ചിന്റെ ഡിസംബര്‍ 21 ലെ ഉത്തരവിനെതിരെ ദില്ലി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനും ആമസോണ്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഫ്യൂച്ചര്‍ റീറ്റെയില്‍ ലിമിറ്റഡിന് (എഫ്ആര്‍എല്‍) ഒരു നോ ഒബ്ജക്ഷന്‍/ അപ്രൂവല്‍ ലെറ്ററും നല്‍കരുതെന്ന് ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളോട് നിര്‍ദ്ദേശിക്കണമെന്നും കത്തില്‍ സെബിയോട് ആമസോണ്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 3 ലെ പരാതിയില്‍ നിന്ന് ആരംഭിച്ച് റെഗുലേറ്റര്‍മാര്‍ക്കും ബോര്‍സുകള്‍ക്കും കത്തുകളുടെ ഒരു പരമ്പര തന്നെ ആമസോണ്‍ എഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആണസോണ്‍ സെബിക്ക് എഴുതിയ ആറാമത്തെ കത്താണിത്.

ഓഗസ്റ്റില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുളള ഓഹരി വില്‍പ്പന കരാര്‍ പുറത്തുവന്നതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് 2019 ല്‍ തങ്ങളുമായി ഏര്‍പ്പെട്ട കരാറുകള്‍ ലംഘിച്ചുവെന്ന് ആരോപണവുമായി ആമസോണ്‍ രംഗത്ത് വരുകയായിരുന്നു.
ഫ്യൂച്ചര്‍ റീറ്റെയ്ലില്‍ 7.3 ശതമാനം ഓഹരികളുള്ള ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ വാങ്ങിയിരുന്നു. കരാര്‍ പ്രകാരം ഫ്യൂച്ചര്‍ റീറ്റെയ്ല്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അത് ആമസോണിന് വേണ്ടെങ്കില്‍ മാത്രം നടത്തുക എന്നും തങ്ങളോട് നേരിട്ട് മത്സരിക്കില്ല എന്നുമുള്ള ധാരണയുണ്ടെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it