Begin typing your search above and press return to search.
എന്തിനാണ് ഫേസ്ബുക്ക് കമ്പനി 'മെറ്റ' റീട്ടെയ്ല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്
ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റ പ്ലാറ്റ്‌ഫോംസ് കാലിഫോര്‍ണിയയിലെ റിയാല്‍റ്റി ലാബ്‌സ് ക്യാംപസില്‍ ഒരു റീട്ടെയില്‍ സ്റ്റോര്‍ ആരംഭിക്കുകയാണ്. 1550 സ്‌ക്വയര്‍ ഫീറ്റുള്ള സ്റ്റോര്‍ മെയ് 9ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. മൈക്രോസോഫ്റ്റും ആമസോണുമൊക്കെ ഷോറൂമുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുമ്പോഴാണ് മെറ്റയുടെ പുതിയ നീക്കം.
കമ്പനിയുടെ മെറ്റാവേഴ്‌സ് ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരുക എന്നത് തന്നെയാണ് റീട്ടെയ്ല്‍ ഷോറൂമിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മെറ്റാവേഴ്‌സിനായി കമ്പനി ഒരുക്കുന്ന സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാന്‍ ഒരിടം എന്നതാണ് ഈ ഷോറൂമിന്റെ പ്രത്യേകത. മെറ്റയുടെ ഒക്കലസ് ക്വസ്റ്റ് വിആര്‍ ഹെഡ്‌സെറ്റ്, പോര്‍ട്ടല്‍ വീഡിയോ കോളിംഗ് ഹാര്‍ഡ്‌വെയര്‍, റെയ്ബാനുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഗ്ലാസ് തുടങ്ങിയവയൊക്കെ ഷോറൂമില്‍ പോയി നേരിട്ട് ഉപയോഗിച്ച് നോക്കാം.
ഷോറൂം വില്‍പ്പനയ്ക്കാവില്ല, പകരം മെറ്റാവേഴ്‌സുമായി ബന്ധപ്പെച്ച വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാവും മെറ്റ ഉപയോഗിക്കുക. മെറ്റ.കോം വെബ്‌സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം കമ്പനി നല്‍കുന്നുണ്ട്. നിലവില്‍ സ്‌റ്റോറുകള്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് മെറ്റ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഭാവിയില്‍ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറിന് സമാനമായ സൗകര്യങ്ങള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മെറ്റ കൊണ്ടുവന്നേക്കും.
മെറ്റാവേഴ്‌സ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്ന മുറയ്ക്കാവും ഷോറുമുകള്‍ ഉള്‍പ്പടെയുള്ളവ കൊണ്ടുവരുക. മെറ്റയുടെ സോഷ്യല്‍ മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോം ഹൊറിസോണ്‍ വേള്‍ഡ്‌സിന്റെ വെബ്‌സൈറ്റ് പതിപ്പ് പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഒക്കലസിന്റെ ക്വസ്റ്റ് വിആര്‍ ഉപയോഗിച്ച് മാത്രമെ ഇപ്പോൾ ഹൊറിസോണ്‍ വേള്‍ഡ്‌സ് ഉപയോഗിക്കാന്‍ സാധിക്കു. ഗെയിമിംഗ് മുതല്‍ മെറ്റാവേഴ്‌സിലൂടെയുള്ള പരസ്പരമുള്ള ഇടപെടലുകള്‍ വരെ സാധ്യമാക്കുന്ന ഭാവിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയാണ് ഹൊറിസോണ്‍ വേള്‍ഡ്‌സ് വിലയിരുത്തപ്പെടുന്നത്.
Next Story
Videos