Begin typing your search above and press return to search.
കറന്റ് ബില്ലെന്ന പേരില്‍ വ്യാജ സന്ദേശം; ശ്രദ്ധിച്ചില്ലെങ്കില്‍ തട്ടിപ്പിന്റെ ഷോക്ക്!
ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
ഒടുവില്‍, കറന്റ് ബില്ലെന്ന പേരിലും വ്യാജ എസ്.എം.എസുകളും വാട്‌സാപ്പ് സന്ദേശങ്ങളും പറക്കുന്നു. ജാഗ്രത കാട്ടിയില്ലെങ്കില്‍ അടിക്കുക തട്ടിപ്പിന്റെ ഷോക്കായിരിക്കും. സന്ദേശങ്ങളിലെ മൊബൈല്‍ നമ്പറുമായി ഉപയോക്താക്കള്‍ ഒരു കാരണവശാലും ബന്ധപ്പെടരുത്.
അഥവാ, ആ നമ്പറുകളിലേക്ക് കോള്‍ ചെയ്താല്‍ അറ്റന്‍ഡ് ചെയ്യുക കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്ന വ്യാജേന ഒരാളായിരിക്കും. അയാള്‍ പ്രത്യേക മൊബൈല്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ചോദിച്ചാല്‍ പറയും ബില്‍ അടയ്ക്കാന്‍ ആപ്പ് അനിവാര്യമാണെന്ന്. ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ ബാങ്ക് വിവരങ്ങളും മറ്റും തട്ടിപ്പുകാര്‍ക്ക് ലഭിക്കും. അത്, ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ അവര്‍ക്ക് എളുപ്പമാകും.
കാട്ടണം ജാഗ്രത
കെ.എസ്.ഇ.ബിയുടെ ബില്‍ എന്ന പേരില്‍ സന്ദേശങ്ങള്‍ വാട്‌സാപ്പിലോ എസ്.എം.എസ് ആയോ കിട്ടിയാല്‍ അത് യഥാര്‍ത്ഥമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രതികരിക്കുക. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവയൊന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനോ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനോ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി എന്നിവ നല്‍കാനോ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സുരക്ഷിതമായ നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങളുണ്ട്. ബില്‍ അടയ്ക്കുന്നത് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ 1912 എന്ന ടോള്‍ഫ്രീ നമ്പരിലോ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
Videos