രാജ്യത്ത് എഫ്എംസിജി വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ എഫ്എംസിജി വിപണി അര ശതമാനം ശോഷിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യോല്‍പ്പന്നങ്ങളിലെ ഉപഭോഗം കുറഞ്ഞതാണ് പ്രധാനമായും ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗത്തില്‍ വില്‍പ്പന കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

നഗരപ്രദേശങ്ങളില്‍ 2.6 ശതമാനം വിപണി ഇടിഞ്ഞപ്പോള്‍ ഗ്രാമീണ മേഖലയില്‍ 1.60 ശതമാനം വില്‍പ്പന കൂടിയെന്ന് കണ്‍സ്യൂമര്‍ റിസര്ച്ച് സ്ഥാപനമായ കാന്റാര്‍ വേള്‍ഡ് പാനല്‍ (മുമ്പ് ഐഎംആര്‍ബി) തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ടാറ്റ കണ്‍സ്യൂമര്‍, മാരികോ തുടങ്ങിയ കമ്പനികള്‍ ഉല്‍പ്പന്ന വില്‍പ്പനയില്‍ ഇക്കാലയളവില്‍ ഒറ്റയക്ക വളര്‍ച്ച മാത്രമാണ് നേടിയിരിക്കുന്നത്.
കമ്പനികളുടെ വില്‍പ്പന കണക്കുകള്‍ നോക്കിയല്ല, ഓരോ വീട്ടിലെയും ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് കാന്റാര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബ്രാന്‍ ചെയ്യപ്പെടാത്ത ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച കണക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന്, ആട്ട സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനാല്‍ സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞിരിക്കാം. പക്ഷേ അതുകൊണ്ട് ഉപഭോഗം കുറഞ്ഞുവെന്ന് കണക്കാക്കാനാവില്ല.
കോവിഡ് വ്യാപകമായതിന് ശേഷം ഈ മേഖലയ്ക്ക് വലിയ തുണയായത് ഗ്രാമീണ മേഖലയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളില്‍ വില്‍പ്പന കുറഞ്ഞപ്പോഴും ഗ്രാമീണ മേഖലയില്‍ കൂടിയത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
2020 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ മാത്രമാണ് നഗരമേഖലയില്‍ ഗ്രാമീണ മേഖലയേക്കാള്‍ കൂടുതല്‍ എഫ്എംസിജി ഉല്‍പ്പന്ന വില്‍പ്പന നടന്നിരുന്നത്. അന്ന് നഗരങ്ങളില്‍ മുന്‍പാദത്തേക്കാള്‍ 4.80 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ഗ്രാമീണ മേഖലയില്‍ 3.80 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. പിന്നീട് ഇങ്ങോട്ട് ഗ്രാമീണ മേഖലയിലായിരുന്നു വളര്‍ച്ച കൂടുതല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it