പൊടിപൊടിച്ച് ദീപാവലി; 50 ടണ്‍ വില്‍പ്പന റെക്കോര്‍ഡ് രേഖപ്പെടുത്തി സ്വര്‍ണം

രാജ്യത്ത് കോവിഡ് ലോക്ഡൗണില്‍ മങ്ങലേറ്റ സ്വര്‍ണവ്യാപാരമേഖലയ്ക്ക് ദീപാവലിയോടെ വീണ്ടും തിളക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആചരിച്ചു പോരുന്ന 'ധന്‍തേരസ്' ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് 50 ടണ്‍ സ്വര്‍ണവില്‍പ്പന രേഖപ്പെടുത്തിയെന്ന് ദേശീയ റിപ്പോര്‍ട്ടുകള്‍. 2019 ല്‍ വിറ്റഴിച്ചതിനെക്കാള്‍ ഏതാണ്ട് 20 ടണ്‍ കൂടുതലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിലക്കുറവും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായതും വാക്‌സിന്‍ ലഭ്യതയുമെല്ലാം കച്ചവടത്തെ സഹായിച്ചതായാണ് വ്യാപാര മേഖല വ്യക്തമാക്കുന്നത്. ട്രേഡ് ബോഡി ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (ഐബിജെഎ) പുറത്തിറക്കിയ ഡാറ്റ പ്രകാരം, രാജ്യത്തെ ലോക്ഡൗണുകളും കോവിഡ് മരണനിരക്കും ഉപഭോക്താക്കളെ പിന്നോട്ട് വലിച്ചിരുന്നു.
2019 ലെ വില്‍പ്പന നിരക്കായ 30 ടണ്ണില്‍ നിന്നും 20 ടണ്ണോളം വര്‍ധനവാണ് ഇത്തവണ ഇന്ത്യയ്ക്ക് കൈവരിക്കാന്‍ സാധിച്ചതെന്നും മേഖലയ്ക്ക് ഉണര്‍വ് പകരുന്നു. ധന്‍തേരസ് ദിനമായ ഇക്കഴിഞ്ഞ ചൊവ്വാഴ്ചത്തെ 10 ഗ്രാം ശുദ്ധസ്വര്‍ണത്തിന്റെ പവന്‍ വില കഴിഞ്ഞ വര്‍ഷത്തെ 51,500 രൂപയെ അപേക്ഷിച്ച് 47,904 രൂപയായിരുന്നുവെന്നതും വില്‍പ്പനയ്ക്ക് സഹായകമായി.
ഹിന്ദു കലണ്ടര്‍ വര്‍ഷം പ്രകാരം ദീപാവലി ഉത്സവാഘോഷങ്ങളുടെ തുടക്ക ദിനമായ 'ധന്‍തേരസ്' സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായാണ് ഇന്ത്യക്കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണ വില്‍പ്പനയും കൂടുതല്‍ നടക്കുന്നത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. എന്നാല്‍ കേരളത്തിലും റീറ്റെയ്ല്‍ മേഖലയില്‍ വില്‍പ്പന വര്‍ധനവ് പ്രകടമാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, നക്ഷത്ര ഗോള്‍ഡ് തുടങ്ങിയ ജൂവല്‍റി സെയ്ല്‍സ് വിഭാഗം പറയുന്നു.
ദീപാവലിയോടനുബന്ധിച്ച് മികച്ച സ്വര്‍ണ വില്‍പ്പനയുണ്ടാകുമെന്ന് നേരത്തെ തന്നെ സ്വര്‍ണ വ്യാപാരികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കോവിഡ് ഭീതിയില്‍ നിന്ന് മെല്ലെ ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നുവെന്നതും വിവാഹങ്ങള്‍ പോലുള്ള ആഘോഷങ്ങളിലുണ്ടായ വര്‍ധനവുമാണ് സെയ്ല്‍സിലും പ്രകടമായിട്ടുള്ളതെന്നാണ് ജൂവല്‍റിക്കാര്‍ പറയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it