Begin typing your search above and press return to search.
സ്വര്‍ണവിലയില്‍ ആശ്വാസം! റെക്കോഡില്‍ നിന്ന് താഴ്ന്നിറങ്ങി പൊന്ന്; വെള്ളിയും താഴേക്ക്
റെക്കോഡുകള്‍ കടപുഴക്കിയുള്ള കുതിപ്പിന് ബ്രേക്കിട്ട് ഒടുവില്‍ സ്വര്‍ണവില താഴേക്ക്. കേരളത്തില്‍ ഇന്ന് പവന്‍വില 320 രൂപ കുറഞ്ഞ് 48,280 രൂപയായി. 40 രൂപ താഴ്ന്ന് 6,035 രൂപയാണ് ഗ്രാം വില. പവന്‍ 48,600 രൂപയും ഗ്രാം 6,075 രൂപയും എന്ന സര്‍വകാല റെക്കോഡ് വിലയില്‍ നിന്നാണ് ഇന്ന് താഴേക്കിറങ്ങിയത്. ഈ മാസം മാത്രം പവന്‍ 2,520 രൂപയുടെയും ഗ്രാം 315 രൂപയുടെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5,040 രൂപയെന്ന റെക്കോഡില്‍ നിന്ന് ഇന്ന് 30 രൂപ കുറഞ്ഞ് 5,010 രൂപയിലെത്തി. ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 78 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരവും നടക്കുന്നത്.
എന്തുകൊണ്ട് ഇന്ന് വിലയിടിഞ്ഞു?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി റീറ്റെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഉയര്‍ന്നതാണ് സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്. ജനുവരിയിലെ 3.1 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായാണ് പണപ്പെരുപ്പം കൂടിയത്.
അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം പണപ്പെരുപ്പം 2 ശതമാനമായി താഴ്ത്തുകയാണെന്നിരിക്കേയാണ്, അപ്രതീക്ഷിതമായി കഴിഞ്ഞമാസം വര്‍ധനയുണ്ടായത്.
മുന്‍മാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ ഫെഡറല്‍ റിസര്‍വ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു. ഇതുമൂലം ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (Bond Yield) താഴേക്കുപോയി. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാനും പ്രേരിപ്പിച്ചു. അതോടെയാണ് വില കഴിഞ്ഞദിവസങ്ങളില്‍ കുതിച്ചുകയറിയത്.
എന്നാല്‍, പണപ്പെരുപ്പം കൂടിയതോടെ ഇപ്പോള്‍ ഡോളറും ബോണ്ട് യീല്‍ഡും നേട്ടത്തിലേറി. ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 102.95 വരെ ഉയര്‍ന്നു. അമേരിക്കയുടെ 10-വര്‍ഷ ബോണ്ട് യീല്‍ഡ് 4.15 ശതമാനത്തിലുമെത്തി. ഇതോടെ, സ്വര്‍ണത്തെ കൈവിട്ട് നിക്ഷേപകര്‍ വീണ്ടും ബോണ്ടുകളിലേക്ക് മാറിയതാണ് സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്.
കഴിഞ്ഞദിവസം ഔണ്‍സിന് 2,182 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തര സ്വര്‍ണവില ഇന്നുള്ളത് 2,158 ഡോളറിലാണ്.
ഒരു പവന്‍ ആഭരണത്തിന് ഇന്ന് എന്ത് നല്‍കണം?
സ്വര്‍ണാഭരണ പ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തിയാണ് കഴിഞ്ഞദിവസങ്ങളില്‍ വില റെക്കോഡ് കുതിപ്പ് നടത്തിയത്. വില കഴിഞ്ഞദിവസം 48,600 എന്ന റെക്കോഡ് ആയിരുന്നെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52,500 രൂപയെങ്കിലും കൊടുക്കണമെന്നതായിരുന്നു സ്ഥിതി.
മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസ്, പണിക്കൂലി എന്നിവ ചേരുമ്പോഴായിരുന്നു അത്. പണക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്റെ രൂപകല്‍പനയ്ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇന്ന് വില കുറഞ്ഞെങ്കിലും ഏകദേശം 51,000 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. സ്വർണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, വായിക്കൂ - സ്വർണം വാങ്ങുമ്പോൾ ഓർക്കണേ ഇക്കാര്യം! (Click here)
Next Story
Videos