Begin typing your search above and press return to search.
സ്വര്‍ണവില കുറഞ്ഞു; ഇന്ന് നേരിയ ഇടിവ്, വരും ദിവസങ്ങളിൽ വില കുറയുമോ കൂടുമോ?
സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്‍പം ആശ്വാസം പകര്‍ന്ന് വില ഇന്ന് നേരിയതോതില്‍ കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 6,335 രൂപയായി. 200 രൂപ താഴ്ന്ന് 50,680 രൂപയാണ് പവന്‍വില.
ഇന്നലെ ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 6,360 രൂപയും പവന് 680 രൂപ വര്‍ധിച്ച് 50,880 രൂപയുമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായിരുന്നു അത്.
18 കാരറ്റ് സ്വര്‍ണവില ഇന്ന് 20 രൂപ കുറഞ്ഞ് 5,295 രൂപയായി. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 82 രൂപയിലാണ് വ്യാപാരം.
എന്തുകൊണ്ട് ഇന്ന് വില കുറഞ്ഞു?
ലോകത്തെ ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചികയിലുണ്ടായ വര്‍ധനയാണ് ഇന്ന് സ്വര്‍ണവിലയെ അല്‍പം താഴേക്ക് നയിച്ചത്. ഡോളര്‍ സൂചിക (Dollar INdex) 0.03 ശതമാനം ഉയര്‍ന്ന് 105.05ലാണുള്ളത്.
ഇന്നലെ ഔണ്‍സിന് 2,259 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില 2,249 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. അതേസമയം, വില ഇപ്പോള്‍ 2,253 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ആശ്വാസം തുടരുമോ?
സ്വര്‍ണവില വരുംദിവസങ്ങളില്‍ ഉയരാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെയും ഇന്ത്യയുടെയുമടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
അടിസ്ഥാന പലിശനിരക്ക് കുറയുന്നത് കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം (Bond Yield) കുറയാനിടയാക്കും. ഇത് സ്വര്‍ണത്തിനാണ് നേട്ടമാവുക. നിക്ഷേപകര്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റും.
ഇന്ത്യയുടെ റിസര്‍വ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം വന്‍തോതില്‍ കരുതല്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും വിലയെ മേലോട്ട് നയിക്കുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം തുടങ്ങിയവ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഓഹരി, കടപ്പത്ര വിപണികളെ നഷ്ടത്തിലേക്ക് വീഴ്ത്തും. ഈ സാഹചര്യങ്ങളില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് സ്വീകാര്യത കൂടും. കാരണം, പ്രതിസന്ധിഘട്ടങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ളത് സ്വര്‍ണത്തിനാണ്. പ്രതിസന്ധി അകലുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുകയും ചെയ്യും.
നിലവില്‍ സാഹചര്യങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമായതാണ് വില കൂടാന്‍ കാരണം. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ മാസങ്ങള്‍ക്കകം തന്നെ രാജ്യാന്തരവില ഔണ്‍സിന് 2,300 ഡോളര്‍ ഭേദിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പവന്‍വില റെക്കോഡുകള്‍ തകര്‍ത്ത് കുതിക്കാന്‍ ഇതിടവരുത്തും.
Next Story
Videos