Begin typing your search above and press return to search.
സ്വര്‍ണവിലയില്‍ ഇന്ന് മികച്ച കുറവ്; മാറാതെ വെള്ളിവില
സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് ഇന്ന് 25 രൂപ താഴ്ന്ന് 6,035 രൂപയായി. 200 രൂപ കുറഞ്ഞ് 48,280 രൂപയാണ് പവന്‍വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില താഴ്ന്നത്.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,010 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 80 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
സ്വര്‍ണവിലയുടെ ഭാവി?
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ധനനയ യോഗം ഈയാഴ്ച ചേരാനിരിക്കേയാണ് ഇപ്പോള്‍ സ്വര്‍ണവില താഴേക്ക് നീങ്ങിയത്. കഴിഞ്ഞവാരം ഔണ്‍സിന് 2,194 ഡോളര്‍ വരെ ഉയര്‍ന്നവില ഇപ്പോഴുള്ളത് 2,146 ഡോളറില്‍. ഒരുവേള 2,136 ഡോളര്‍ വരെ താഴ്ന്നശേഷമാണ് വില കയറിയത്.
പണപ്പെരുപ്പം അപ്രതീക്ഷിതമായി വീണ്ടും ഉയര്‍ന്നതിനാല്‍ ഉടനൊന്നും ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്നാണ് വിലയിരുത്തലുകള്‍.
ഇതുമൂലം ഡോളറിന്റെ മൂല്യവും ബോണ്ട് യീല്‍ഡും (കടപ്പത്ര ആദായനിരക്ക്) വര്‍ദ്ധിക്കുന്നതാണ് ഇപ്പോള്‍ സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്. എന്നാല്‍, പലിശനിരക്ക് ഏറെക്കാലം ഇതേനിരക്കില്‍ തുടരാനിടയില്ലെന്നും കുറയ്ക്കാനുള്ള തീരുമാനം പിന്നീടുണ്ടായേക്കും എന്നുമുള്ള വിലയിരുത്തലുമുണ്ട്. അത് സംഭവിച്ചാല്‍ സ്വര്‍ണവില 2,300 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. ഇത് കേരളത്തിലെ വിലയെ വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നയിച്ചേക്കും.
Next Story
Videos