പൊന്നിന്‍ കുതിപ്പിനൊരു സഡന്‍ ബ്രേക്ക്! സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; മാറ്റമില്ലാതെ വെള്ളി

സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവരെ വലച്ച് ഇന്നലെ വമ്പന്‍ കുതിപ്പുമായി സര്‍വകാല റെക്കോഡിലേക്ക് കത്തിക്കയറിയ വില ഇന്നല്‍പം താഴേക്കിറങ്ങി. പവന് 200 രൂപ കുറഞ്ഞ് വില 50,200 രൂപയായി. 25 രൂപ താഴ്ന്ന് 6,275 രൂപയാണ് ഗ്രാം വില.

ഇന്നലെ പവന്‍വില ഒറ്റയടിക്ക് 1,040 രൂപ കൂടി കേരളത്തിലെ എക്കാലത്തെയും ഉയരമായ 50,400 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 6,300 രൂപയുമായിരുന്നു ഇന്നലെ വില. നികുതിയും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 55,000 രൂപയെങ്കിലും നല്‍കിയാലേ ഇന്നലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകുമായിരുന്നുള്ളൂ. ഇന്ന് നല്‍കേണ്ട വില 54,000 രൂപ നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

മാറാതെ വെള്ളി വില

18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,240 രൂപയായി. അതേസമയം, ഇന്നലെ ഉയര്‍ന്ന വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 81 രൂപയിലാണ് വ്യാപാരം.

എന്തുകൊണ്ട് ഇന്ന് വില താഴ്ന്നു?

അമേരിക്കയില്‍ ജി.ഡി.പി നിരക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ച 3.2 ശതമാനത്തെ കടത്തിവെട്ടി 3.4 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഉപഭോക്തൃച്ചെലവ് (Personal Consumption Expenditures) അടിസ്ഥാനമായുള്ള പണപ്പെരുപ്പം (PCE Inflation) ഫെബ്രുവരി വരെയുള്ള 12-മാസക്കാലത്ത് 2.4ല്‍ നിന്ന് 2.5 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍, ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അഭിപ്രായത്തെ തുടര്‍ന്ന് ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ സൂചിക (Dollar Index) 0.1 ശതമാനം ഉയര്‍ന്ന് 104.67ലെത്തി. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ മികച്ച ഉയരമാണിത്.

അമേരിക്കന്‍ സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ ആദായനിരക്കും (US 10-Year Treasury Bond Yield) 0.01 ശതമാനം ഉയര്‍ന്ന് 4.206 ശതമാനത്തിലെത്തി. ഈ പശ്ചാത്തലത്തില്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് നിക്ഷേപകര്‍ വീണ്ടും ഡോളറിലേക്കും ബോണ്ടിലേക്കും ചേക്കേറിയതാണ് ഇന്ന് സ്വര്‍ണവില അല്‍പം താഴാനിടയാക്കിയത്. മാത്രമല്ല, രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ സ്വര്‍ണം ഇറക്കുമതിക്ക് കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരും. ഇത് ലോകത്തെ ഏറ്റവും വലിയ ഉപഭോഗ രാജ്യമായ ഇന്ത്യക്കും മറ്റും കനത്ത തിരിച്ചടിയാണ്. അവര്‍ വാങ്ങല്‍ കുറയ്ക്കും. ഇതും സ്വര്‍ണവിലയെ താഴേക്ക് നയിക്കും.

സ്വര്‍ണവില ഇനി എങ്ങോട്ട്?

നിലവില്‍ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,232 ഡോളറെന്ന റെക്കോഡ് നിലയില്‍ സ്ഥിരത തുടരുകയാണ്. സമീപഭാവിയില്‍ വില 2,150-2,250 ഡോളര്‍ നിരക്കില്‍ തുടരാനാണ് സാദ്ധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതായത്, കേരളത്തില്‍ 49,000-51,000 രൂപനിരക്കില്‍ പവന്‍വില വരുംദിവസങ്ങളില്‍ ചാഞ്ചാടാനുള്ള സാദ്ധ്യതയാണ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it