ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില; ഇത് വന്‍ കുതിപ്പിന് മുമ്പുള്ള പതുങ്ങലോ?

അനുദിനം റെക്കോഡ് തിരുത്തിയുള്ള മുന്നേറ്റത്തിന് കഴിഞ്ഞ രണ്ടുദിവസമായി ബ്രേക്കിട്ടിരിക്കുകയാണ് കേരളത്തിലെ സ്വര്‍ണവില. എന്നാല്‍, വീണ്ടും കുതിച്ചുകയറുന്നതിന് മുന്നോടിയായുള്ള വെറും പതുങ്ങലാണോ ഇതെന്ന ആശങ്കയിലാണ് നിരീക്ഷകരും വിപണിയും.
കേരളത്തില്‍ ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമാണ് ഇപ്പോള്‍ വില. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഈ മാസം ഇതുവരെ പവന് 2,520 രൂപയും ഗ്രാമിന് 315 രൂപയും കേരളത്തില്‍ കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5,040 രൂപയിലും വെള്ളിവില ഗ്രാമിന് 79 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. രണ്ടും റെക്കോഡ് വിലകളാണ്.
രാജ്യാന്തര വിപണിയും ഭാവിയും
കഴിഞ്ഞദിവസം ഔണ്‍സിന് 2,182 ഡോളറെന്ന സര്‍വകാല ഉയരംതൊട്ട രാജ്യാന്തര സ്വര്‍ണവില ഇന്നുള്ളത് 2,178 ഡോളറില്‍. അമേരിക്കയിലും ആഗോളതലത്തിലും പണപ്പെരുപ്പം കുറയുന്നെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വും മറ്റ് കേന്ദ്ര ബാങ്കുകളും വൈകാതെ അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്തുമെന്ന് സൂചനകളുണ്ട്.


ഇത് ഡോളറിന്റെ മൂല്യത്തെയും കടപ്പത്രങ്ങളുടെ ആദായനിരക്കിനെയും (Bond Yield) താഴേക്ക് നയിക്കും. ഫലത്തില്‍, സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിന് ഡിമാന്‍ഡേറും; വിലയും കൂടും.
അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു എന്ന നിരീക്ഷണങ്ങളും നേട്ടമാവുക സ്വര്‍ണത്തിനാണ്. ഫലത്തില്‍, വരുംദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും കുതിച്ചേക്കാമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ദ്ധരുമേറെ.
മാത്രമല്ല, നിരവധി കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതും രാജ്യാന്തരവിലയെ ഉയര്‍ത്തും. ടര്‍ക്കിഷ് കേന്ദ്രബാങ്കും (ബാങ്ക് ഓഫ് ടര്‍ക്കി) ചൈനയുടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും ഇന്ത്യയുടെ റിസര്‍വ് ബാങ്കുമാണ് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. രാജ്യാന്തരവില കുതിച്ചാല്‍ ആനുപാതികമായി കേരളത്തിലെ വിലയും കത്തിക്കയറും.
Related Articles
Next Story
Videos
Share it