സ്വര്‍ണത്തിന് പുത്തന്‍ റെക്കോഡ്; പവന്‍വില ഇന്നും കത്തിക്കയറി, വെള്ളിക്കും മുന്നേറ്റം

സ്വര്‍ണാഭരണ പ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും കനത്ത സങ്കടത്തിലാഴ്ത്തി വില ഇന്നും പുത്തന്‍ റെക്കോഡിലെത്തി. ഗ്രാമിന് 85 രൂപ ഉയര്‍ന്ന് വില 6,360 രൂപയായി. 680 രൂപ വര്‍ധിച്ച് 50,880 രൂപയാണ് പവന്‍വില. രണ്ടും കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്.
കഴിഞ്ഞമാസം 29ന് കുറിച്ച ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമെന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 75 രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 5,315 രൂപയിലെത്തി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 82 രൂപയാണ് വെള്ളിവില. ഇതും റെക്കോഡാണ്.
അമേരിക്കന്‍ പ്രഹരം!
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പണപ്പെരുപ്പ ഭീതി ഒഴിയുന്നതിനാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ജൂണ്‍ മുതല്‍ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയേറിയിട്ടുണ്ട്.
അടിസ്ഥാന പലിശനിരക്ക് താഴുന്നത് ഡോളറിനും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (Bond yield) തിരിച്ചടിയാണ്. ഡോളറിന്റെ മൂല്യവും ബോണ്ട് യീല്‍ഡും താഴും. ഈ സാഹചര്യത്തില്‍ ഇവയില്‍ നിന്ന് നിക്ഷേപകര്‍ പണം പിന്‍വലിക്കുകയും താത്കാലികമായി സ്വര്‍ണ നിക്ഷേപങ്ങളിലേക്ക് ഒഴുക്കുകയും ചെയ്യും. ഇത്തരത്തില്‍, സുരക്ഷിത നിക്ഷേപമെന്ന പെരുമ കിട്ടുന്ന സ്വര്‍ണത്തിന് ഡിമാന്‍ഡേറുമ്പോള്‍ വിലയും കുതിക്കും.
റഷ്യ-യുക്രെയ്ന്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങളും ക്രൂഡോയില്‍ വില വര്‍ധനയും അടക്കമുള്ള പ്രതിസന്ധികള്‍ മൂലം ഓഹരി, കടപ്പത്ര വിപണികള്‍ നേരിടുന്ന തളര്‍ച്ചയും സ്വര്‍ണവിലയെ സ്വാധീനിക്കും. നിക്ഷേപകര്‍ കൂടുതലായി ഇത്തരം സാഹചര്യങ്ങളില്‍ സ്വര്‍ണത്തെ ആശ്രയിക്കും. പ്രതിസന്ധികള്‍ വിട്ടകലുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറുകയും ചെയ്യും. നിലവില്‍, ആഗോള സാമ്പത്തികസ്ഥിതി സ്വര്‍ണത്തിന് അനുകൂലമാണ്.
ഇന്ത്യയുടെ റിസര്‍വ് ബാങ്കടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണവില വര്‍ധനയ്ക്ക് വളമാകുന്നുണ്ട്.
രാജ്യാന്തരവിലയും റെക്കോഡില്‍
ആഗോളതലത്തില്‍ ഡിമാന്‍ഡ് ഏറിയതോടെ രാജ്യാന്തരവിലയും പുതിയ ഉയരത്തിലേക്ക് കുതിക്കുകയാണ്. ഒരുമാസം മുമ്പുവരെ ഔണ്‍സിന് 1,981 ഡോളര്‍ നിരക്കിലായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,259 ഡോളറിലാണ്. ഇന്നുമാത്രം 15 ഡോളര്‍ ഉയര്‍ന്നു. ഇതിന് ആനുപാതികമായാണ് കേരളത്തിലെ വിലയും കൂടിയത്. കഴിഞ്ഞവാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതുമൂലം ഇറക്കുമതിച്ചെലവിലുണ്ടായ വര്‍ധനയും ആഭ്യന്തരവില കൂടാനിടയാക്കി.
55,000 രൂപയെങ്കിലും വേണം ഒരു പവന്
ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ 55,082 രൂപയെങ്കിലും കൊടുക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. 50,880 രൂപയാണ് ഒരു പവന്‍ വില. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ് (HUID Fee), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോഴാണ് ഒരു പവന്‍ ആഭരണത്തിന് വില 55,000 രൂപ കടക്കുന്നത്.
അതേസമയം, മനസ്സിനിഷ്ടപ്പെട്ട മികച്ച ഡിസൈനുകളുള്ള സ്വര്‍ണാഭരണങ്ങളാണ് വാങ്ങാന്‍ ശ്രമിക്കുന്നതെങ്കില്‍, ഡിസൈന് അനുസരിച്ച് പണിക്കൂലിയും കൂടൂം. അത്തരം ആഭരണങ്ങള്‍ക്ക് 20-30 ശതമാനം വരെ പണിക്കൂലിയും ഉണ്ടാകും. അത്തരം ആഭരണങ്ങള്‍ക്ക് വില 60,000 രൂപയ്ക്കും മേലെയായിരിക്കും.
വില എങ്ങോട്ടാണ് കുതിക്കുന്നത്?
രാജ്യാന്തരവില വൈകാതെ ഔണ്‍സിന് 2,300 ഡോളര്‍ ഭേദിക്കുമെന്നാണ് വിലയിരുത്തലുകള്‍. അങ്ങനെയെങ്കില്‍ കേരളത്തിലെ വില പവന് 55,000 രൂപ ഭേദിക്കുന്നകാലം വിദൂരമല്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതായത്, നികുതിയും പണിക്കൂലിയുമടക്കം ഒരു പവന്‍ ആഭരണം വാങ്ങാന്‍ മിനിമം 60,000 രൂപ കൊടുക്കേണ്ട സാഹചര്യം ഏറെ അകലെയല്ലെന്നും അവര്‍ പറയുന്നു.
Related Articles
Next Story
Videos
Share it