രണ്ടുംകല്‍പ്പിച്ച് തന്നെ സ്വര്‍ണം; വില ഇന്നും പുത്തന്‍ റെക്കോഡിട്ടു, വെള്ളിവില നിശ്ചലം

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തിയുള്ള സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പ് ഇന്നും തുടര്‍ന്നു. പവന് 120 രൂപ ഉയര്‍ന്ന് വില സര്‍വകാല റെക്കോഡായ 48,200 രൂപയിലെത്തി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,025 രൂപയുമായി.
ഈ മാസം ഇതുവരെ പവന് കൂടിയത് 1,880 രൂപയാണ്. ഗ്രാമിന് 235 രൂപയും വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 10 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,000 രൂപയിലെത്തി. ആദ്യമായാണ് 18 കാരറ്റിന്റെ വില 5,000 രൂപ ഭേദിക്കുന്നത്. അതേസമയം, വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 79 രൂപ.
ആ വില തികയില്ല പൊന്നേ!
48,200 രൂപയാണ് ഇന്ന് പവന്‍വില. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയുമടങ്ങുന്ന ഹോള്‍മാര്‍ക്ക് (HUID) ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോള്‍ 52,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. 6,500 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വര്‍ണാഭരണവും കിട്ടൂ. വിലക്കുതിപ്പുമൂലം ഉപഭോക്താക്കള്‍ സ്വര്‍ണവിപണിയില്‍ നിന്ന് അകന്നുനില്‍ക്കുന്നുണ്ട്. വിവാഹ സീസണ്‍ അല്ലാത്തതും വില്‍പനയെ ബാധിക്കുന്നുണ്ട്.
എന്തുകൊണ്ട് വില പൊള്ളുന്നു?
സുരക്ഷിത നിക്ഷേപമെന്ന പെരുമയുണ്ട് ആഗോളതലത്തില്‍ സ്വര്‍ണത്തിന്. അതായത് ഓഹരികള്‍, കടപ്പത്രം തുടങ്ങിയ നിക്ഷേപങ്ങളുടെ ആദായത്തെ ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ നിക്ഷേപകര്‍ അവയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റും. അങ്ങനെ, സ്വര്‍ണത്തിന് ഡിമാന്‍ഡും വിലയും കൂടും.
ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവലിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സ്വര്‍ണവിലക്കുതിപ്പിന് വളമായത്. അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ച് കുറയ്ക്കില്ലെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം അമേരിക്കന്‍ നിയമനിര്‍മ്മാണസഭയില്‍ പറഞ്ഞത്.
ഇതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡും (ആദായനിരക്ക്) കുറഞ്ഞു. ഇത് സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കുകയും അതുവഴി വിലയും കൂടുകയുമായിരുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,157 ഡോളറില്‍. ഇന്നുമാത്രം 9 ഡോളറിലധികം ഉയര്‍ന്നു.
Related Articles
Next Story
Videos
Share it