Begin typing your search above and press return to search.
കേരളത്തില്‍ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; രാജ്യാന്തര വിപണിയില്‍ പുത്തന്‍ റെക്കോഡ്
തുടര്‍ച്ചയായ റെക്കോഡ് കുതിപ്പിന് ബ്രേക്കിട്ട് കേരളത്തിലെ സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസമായി പവന്‍ വില 48,600 രൂപയിലും ഗ്രാം വില 6,075 രൂപയിലും തുടരുകയാണ്. കേരളത്തിലെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 5,040 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. വെള്ളിവിലയും മാറിയില്ല; 79 രൂപയാണ് ഒരു ഗ്രാമിന് വില.
ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തിയ വന്‍ കുതിപ്പാണ് ഈ മാസം ഇതിനകം സ്വര്‍ണവില നടത്തിയത്.
ഫെബ്രുവരി 29ന് 46,080 രൂപ മാത്രമായിരുന്ന പവന്‍ വില പിന്നീട് ഇതുവരെ ഉയര്‍ന്നത് 2,520 രൂപയാണ്. ഗ്രാമിന് ഇക്കാലയളവില്‍ 315 രൂപയും വര്‍ധിച്ചാണ് വില 6,000 രൂപയെന്ന മാജിക്‌സംഖ്യ ഭേദിച്ചത്.
കേരളവും സ്വര്‍ണക്കുതിപ്പും
കേരളത്തിലെ സ്വര്‍ണവില ഓരോ വര്‍ഷം പിന്നിടുമ്പോഴും വന്‍ കുതിച്ചുകയറ്റമാണ് നടത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1925ല്‍ വെറും 13.75 രൂപയായിരുന്നു ഒരു പവന് വില. 1950 ആയപ്പോഴേക്കും വില 72.75 രൂപയായി.
1970ല്‍ വില ആദ്യമായി 100 രൂപയും 1975ല്‍ 300 രൂപയും ഭേദിച്ചു. 1985ല്‍ വില 1,500 രൂപ കടന്നു. 2009ലാണ് പവന്‍ 10,000 രൂപ തൊട്ടത്. തുടര്‍ന്ന് അടുത്ത 10,000 രൂപ കൂട്ടിച്ചേര്‍ത്ത് 20,000 രൂപ മറികടക്കാന്‍ വേണ്ടിവന്നത് വെറും മൂന്ന് വര്‍ഷമാണ്.
2020ല്‍ വില 32,000 രൂപ ഭേദിച്ചു. തുടര്‍ന്ന് വെറും 4-ാം വര്‍ഷത്തില്‍ തന്നെ വില 48,000 രൂപ കടന്നു. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില 50,000 രൂപ എന്ന നിര്‍ണായക സംഖ്യ തൊടാനുള്ള ദൂരം വിദൂരമല്ല.
രാജ്യാന്തരവില റെക്കോഡില്‍
ആഗോളതലത്തില്‍ പണപ്പെരുപ്പം കുറയുന്നതും ഡോളറിന്റെയും കടപ്പത്രങ്ങളുടെയും മൂല്യം താഴുന്നതും സ്വര്‍ണത്തിന്റെ സ്വീകാര്യത കൂട്ടുന്നുണ്ട്. ഇതുമൂലം വില റെക്കോഡ് പഴങ്കഥയാക്കി കുതിക്കുകയുമാണ്.
ഔണ്‍സിന് 2,170 ഡോളറെന്ന റെക്കോഡ് തകര്‍ന്ന് കഴിഞ്ഞദിവസം വില 2,182 ഡോളറിലെത്തി. ഇപ്പോള്‍ 1.36 ഡോളര്‍ താഴ്ന്ന് 2,180.96 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Next Story
Videos