Begin typing your search above and press return to search.
എഫ് എം സി ജി കമ്പനികൾക്ക് നല്ല കാലം തിരിച്ചു വരുന്നു ?
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയതോടെ എഫ് എം സി ജി കമ്പനികൾക്ക് നല്ല കാലം തിരിച്ചു വന്നിരിക്കുന്നു. ആളുകൾ പുറത്തിറങ്ങി തുടങ്ങുകയും സാമ്പത്തിക രംഗത്ത് വീണ്ടും ഉണർച്ച കണ്ടു തുടങ്ങുകയും ചെയ്തതോടെ ഗ്രാമീണ മേഖലയിലടക്കം നിത്യോപയോഗ സാധനങ്ങൾക്ക് ഡിമാൻഡ് കൂടി വരികയാണ്.
ഹിന്ദുസ്ഥാൻ യൂണിലിവർ, മാരികോ, ഇമാമി എന്നിവ മൂന്നാം പാദത്തിലെ ലാഭത്തിൽ ഇരട്ടയക്ക വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 1,938 കോടി രൂപയുടെ അറ്റാദായമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ രേഖപ്പെടുത്തിയത്. മുൻവർഷത്തെ 1,631 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 18.82 ശതമാനം വർധന.
മാരികോയാകട്ടെ 312 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. അതായത് 13.04 ശതമാനംവർദ്ധന. 208.96 കോടി രൂപയുടെ അറ്റാദായമാണ് ഇമാമി റിപ്പോർട്ട് ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 44.6 ശതമാനം വർധന.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉപഭോഗം (ജി എസ് കെ സി എച്ചിന്റെ ലയനത്തിന്റെയും വിവാഷ് ഏറ്റെടുക്കലിന്റെയും സ്വാധീനം ഒഴികെ) ഈ പാദത്തിൽ 7 ശതമാനം വളർച്ച നേടി, മാരികോ 15 ശതമാനവും ഇമാമി 13 ശതമാനവും ഉയർന്നു.
എഫ് എം സി ജി മേഖലയ്ക്കും കമ്പനിയ്ക്കും ഇപ്പോൾ ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറയുന്നു.
ഗവൺമെന്റിന്റെ ഇടപെടൽ കാരണം ഗ്രാമീണ മേഖലയിലും ഇപ്പോൾ നിത്യോപയോഗ സാധനങ്ങൾക്കുള്ള ഡിമാൻഡ് വീണ്ടും വർധിച്ചു. നഗരപ്രദേശങ്ങളിലാകട്ടെ ഡിമാൻഡ് കുറഞ്ഞു പോയ സ്ഥലങ്ങളിൽക്കൂടി മൂന്നാം പാദത്തിൽ തന്നെ കാര്യങ്ങൾ പോസിറ്റീവ് ആയി മാറിയിരുന്നു. അതോടെ 86 ശതമാനം കച്ചവടവും പഴയ സ്ഥിതിയിലായി. തങ്ങളുടെ പോർട്ട്ഫോളിയോയുടെ 80 ശതമാനം വരുന്ന ആരോഗ്യ ശുചിത്വ പോഷകാഹാര വിഭാഗത്തിൽ ഇരട്ട അക്കത്തിൽ വളരുന്നത് തുടരുകയാണെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ ആഘാതം കുറയുന്നതിനാൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ക്രമാനുഗതമായി മെച്ചപ്പെടുന്നത് കൊണ്ട് മാരികോയുടെ 95 ശതമാനം ഉല്പന്നങ്ങൾക്കും ശക്തമായ ഡിമാന്ഡ് ഉണ്ടായതായി കമ്പനി പറയുന്നു. ഭക്ഷ്യ പോർട്ട്‌ഫോളിയോയുടെ മൂല്യം 74 ശതമാനം വർധിച്ചു.
ഇമാമിയാകട്ടെ പ്രധാന ബ്രാൻഡുകളിലുടനീളം സമഗ്ര വളർച്ച കൈവരിച്ചു, ആരോഗ്യ പരിപാലന ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ മൂന്നാം പാദത്തിൽ 38 ശതമാനം വർദ്ധനയുണ്ടായി.
എല്ലാ കമ്പനികളും ഒരേ പോലെ സമ്മതിക്കുന്ന കാര്യം ഓൺലൈൻ വില്പനയുടെ കാര്യത്തിലുണ്ടായ ശക്തമായ വർദ്ധനയാണ്. ഇപ്പോൾ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വരുമാനത്തിന്റെ അഞ്ച് മുതൽ ആറ് ശതമാനം സംഭാവന ചെയ്യുന്നത് കമ്പനിയുടെ ഇ കൊമേഴ്‌സ് ചാനലാണ്. നേരത്തെ ഇത് മൂന്ന് ശതമാനം മാത്രമായിരുന്നു.
ചില ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ പണപ്പെരുപ്പ സംബന്ധമായ സമ്മർദ്ദം വർദ്ധിക്കുന്നത് കൊണ്ട് ഹിന്ദുസ്ഥാൻ യൂണിലിവറും മാരികോയും ചില ഉൽപ്പന്നങ്ങളുടെ വില ഉയർത്തി.
ഇപ്പോൾ വിതരണ കാര്യത്തിലെ പരിമിതികൾ കമ്പനി മറികടക്കുകയാണെന്നും ഡിമാന്ഡിന് അനുസരിച്ച് വിതരണം നടത്താൻ കഴിഞ്ഞാൽ, അത് തീർച്ചയായും നേട്ടം കൊണ്ടുവരും എന്നാണ് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ കൊണ്ടുവരുന്ന നടപടികളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇവർ.
Next Story
Videos