Begin typing your search above and press return to search.
ഇ കൊമേഴ്‌സ് രംഗത്ത് പിടിമുറുക്കാന്‍ ഫര്‍ണിച്ചര്‍ ഭീമന്‍ ഐകിയ
ഇ കൊമേഴ്‌സ് രംഗത്ത് പിടിമുറുക്കുന്നതിനായി സ്വീഡിഷ് ഫര്‍ണിച്ചര്‍ റീറ്റെയ്‌ലര്‍ ഭീമനായ ഐകിയ (IKEA) ഇന്ത്യയില്‍ ഷോപ്പിംഗ് ആപ്പ് പുറത്തിറക്കുന്നു. മുംബൈ, പൂനെ, ഹൈദരാബാദ്, വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും ഇതിലൂടെ തുടക്കത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന ലഭ്യമാക്കുക. ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ പിന്നീട് സേവനം ലഭ്യമാക്കുമെന്ന് ഐകിയയുടെ കൊമേഴ്‌സ്യല്‍ മാനേജര്‍ (ഇന്ത്യ) കവിതാ റാവു അറിയിച്ചു. കോവിഡ് ഉയര്‍ത്തിയ പ്രത്യേക സാഹചര്യമാണ് ഐകിയയുടെ ഇ കൊമേഴ്‌സ് മേഖലയിലേക്കുള്ള കടന്നു വരവിന് ആക്കം കൂട്ടിയത്.
മഹാരാഷ്ട്ര, ടെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിലവില്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യം ഐകിയ നല്‍കുന്നുണ്ടെങ്കിലും ആപ്ലിക്കേഷന്‍ തയാറാക്കി ഈ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ഐകിയയുടെ ഇ കൊമേഴ്‌സ് മേഖലയിലേക്കുള്ള കടന്നു വരവ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെപ്പര്‍ഫ്രൈ പോലുള്ള ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് തിരിച്ചടിയാകും.
ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ഏഴായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയ്ക്ക് സ്വന്തമാക്കാമെന്ന് കമ്പനി പറയുന്നു.
വീടിന്റെ ഇന്റീരിയര്‍ സംബന്ധിച്ച പുതിയ ആശയങ്ങളും ആപ്പ് നല്‍കും.
റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിച്ചത് ഡ്യൂറബ്ള്‍സ്, ഹോംഅപ്ലയന്‍സസ്, ഇലക്ട്രോണിക് പ്രോഡക്റ്റ്‌സ് എന്നിവയെയാണ്. ഏപ്രില്‍ 2021 ല്‍ 31 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്. അതേസമയം പാദരക്ഷ, ബ്യൂട്ടി, അപ്പാരല്‍സ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് യഥാക്രമം 66 ശതമാനം, 59 ശതമാനം, 47 ശതമാനം ഇടിവുണ്ടായി. മാര്‍ച്ച് 2020 നേക്കാള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കാനും ഐകിയ പദ്ധതിയിടുന്നുണ്ട്. മുംബൈയില്‍ രണ്ടു സ്റ്റോറുകള്‍ തുറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ലോക്ക് ഡൗണ്‍ പിന്‍വലിക്കപ്പടാനായി കാത്തിരിക്കുകയാണ്.
ഐകിയയക്ക് നിലവില്‍ ഹൈദരാബാദിലും നവി മുംബൈയിലും വന്‍കിട സ്റ്റോറുകളുണ്ട്.
Next Story
Videos