കല്യാണ്‍ ജുവലേഴ്‌സിന് ആദ്യ പാദത്തില്‍ 31% വളര്‍ച്ച; ഓഹരിയില്‍ 7% കയറ്റം

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന് മികച്ച വളര്‍ച്ച. മുന്‍ പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും വില്‍പ്പനയിലും വലിയ മുന്നേറ്റമുണ്ടായതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ഗള്‍ഫ് വിപണികളിലെ സംയോജിത വരുമാന വളര്‍ച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധിച്ചു. 2022 ജൂണ്‍ പാദത്തില്‍ 3,333 കോടി രൂപയായിരുന്നു വിറ്റുവരവ്.

അക്ഷയ തൃതീയ ഉള്‍പ്പെടെയുള്ള വിശേഷദിനങ്ങളാണ് ഇക്കാലയളവില്‍ വില്‍പ്പന ഉയര്‍ത്തിയത്. ദക്ഷിണേന്ത്യ
ക്ക്‌
പുറത്തുള്ള വിപണികളിലാണ് കൂടുതല്‍ വളര്‍ച്ച. ഷോറൂം അടിസ്ഥാനത്തിലുള്ള മൊത്ത ലാഭ മാര്‍ജിനും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്.
പുതിയ ഷോറൂമുകള്‍
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ദക്ഷിണേന്ത്യക്ക്‌ പുറത്ത് 12 ഷോറൂമകളാണ് കമ്പനി തുറന്നത്. ദീപാവലിക്ക്‌ മുന്‍പ് 20 പുതിയ ഷോറൂമുകള്‍ കൂടി ഈ മേഖലകളില്‍ തുറക്കും. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 52 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്.
തിളങ്ങി ഗള്‍ഫ് മേഖല
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ആദ്യ പാദത്തില്‍ 21 ശതമാനമാണ് വളര്‍ച്ച. നിലവിലുള്ള ഷോറൂമുകള്‍ വഴിയുള്ള വില്‍പ്പനയാണ് ഉയര്‍ന്നത്. ഷോറൂം വിപുലീകരണം പൂർണ തോതിൽ നടന്നിരുന്നില്ല. ഈദ് അവധിയും വില്‍പ്പന കൂട്ടാന്‍ സഹായിച്ചു.
ഗള്‍ഫ് മേഖലയിലെ കല്യാണ്‍ ജുവലേഴ്‌സിന്റെ ആദ്യ franchisi (Franchisee Owned Company Operated/FOCO) ഷോറൂം അടുത്ത പാദത്തില്‍ തുറക്കാനാകുമെന്നും കമ്പനി സൂചിപ്പിച്ചു. കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ സംയോജിത വരുമാനത്തിന്റെ 16 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.
കൂടുതല്‍ കാന്‍ഡിയര്‍ ഷോറൂമുകള്‍
ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ വരുമാനത്തില്‍ മുന്‍ സാമ്പത്തികവര്‍ഷത്തെ സമാനപാദവുമായി നോക്കുമ്പോള്‍ 22 ശതമാനം കുറവുണ്ടായിട്ടുണ്ട്. വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള (ഒമ്‌നി ചാനല്‍) പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാന്‍ഡിയറിന്റെ രണ്ട്
ഫിസിക്കല്‍
ഷോറൂമുകള്‍ തുറന്നിരുന്നു. ഇവയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ 20 കാന്‍ഡിയര്‍ ഷോറൂമുകള്‍ കൂടി തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
കല്യാണ്‍ ജുവലേഴ്‌സിന് 2023 ജൂണ്‍ 30 വരെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 194 ഷോറൂമുകളുണ്ട്. ഇന്ന് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 7% ഉയര്‍ന്ന് 164 രൂപയിലെത്തി. ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 33.92% വളര്‍ച്ചയാണ് ഓഹരിയിലുണ്ടായത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it