
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറായി ടി.എസ്. കല്യാണരാമന്‍ തുടരും. 2029 ജൂണ്‍ 19 വരെ കാലാവധിയിലാണ് അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കുന്നതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 19ന് അദ്ദേഹത്തിന്റെ നിലവിലെ നിയമന കാലാവധി അവസാനിക്കാനിരിക്കേയാണ് പുനര്‍നിയമനം.
ടി.എസ്. കല്യാണരാമന്റെ മക്കളും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുമായ (Wholetime Directors) ടി.കെ. സീതാറാം, ടി.കെ. രമേഷ് എന്നിവര്‍ക്കും അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കി. 2024 ജൂണ്‍ 20 മുതല്‍ക്കാണ് പുനര്‍നിയമനം പ്രാബല്യത്തിലാവുക.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'എക്‌സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ ലീഡര്‍ഷിപ്പ്: ദ എഫക്റ്റീവ് യൂസ് ഓഫ് പവര്‍' കോഴ്‌സും നേടിയിട്ടുണ്ട് ടി.കെ. സീതാറാം. കര്‍ണാടക സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് ടി.കെ. രമേഷ്.
ഓഹരിവിലയില്‍ ഇടിവ്
ഇന്ന് മൊത്തത്തില്‍ ചുവന്ന ഓഹരിവിപണിയുടെ അതേ ട്രെന്‍ഡിലാണ് (Click here for the details) കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയുമുള്ളത്. നിലവില്‍ 4.8 ശതമാനം താഴ്ന്ന് 363.25 രൂപയില്‍ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 230 ശതമാനത്തിലധികം നേട്ടം സമ്മാനിച്ചിട്ടുണ്ട് കല്യാണ്‍ ജുവലേഴ്‌സ് ഓഹരി. 14 ശതമാനമാണ് കഴിഞ്ഞ മൂന്നുമാസത്തെ നേട്ടം. 37,400 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി 22 ശതമാനം വളര്‍ച്ചയോടെ 180 കോടി രൂപ ലാഭവും 40 ശതമാനം വര്‍ധനയോടെ 4,512 കോടി രൂപ വരുമാനവും നേടിയിരുന്നു. 250ലധികം ഷോറൂമുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്കുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine