കല്യാണ്‍ ജുവലേഴ്‌സിന്റെ വരുമാനത്തില്‍ മികച്ച വളര്‍ച്ച; 6 മാസത്തിനിടെ ഓഹരികളിലും മിന്നുന്ന നേട്ടം

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 34 ശതമാനം സംയോജിത വരുമാന (Consolidated Revenue) വളര്‍ച്ച നേടി. കഴിഞ്ഞവര്‍ഷത്തെ മൊത്തം വരുമാന വളര്‍ച്ച 2022-23നേക്കാള്‍ 31 ശതമാനവും ഉയര്‍ന്നെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ കല്യാണ്‍ ജുവലേഴ്‌സ് വ്യക്തമാക്കി.
കഴിഞ്ഞപാദത്തില്‍ ഇന്ത്യയിലെ വരുമാനം 38 ശതമാനം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ മുഴുവന്‍ കണക്കെടുത്താല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാന വളര്‍ച്ച 36 ശതമാനമാണ്.
ഫോകോ ഷോറൂമുകള്‍
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 10 പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജുവലേഴ്‌സ് തുറന്നു. ഇതില്‍ ഒമ്പതും 'ഫോകോ' ഷോറൂമുകളാണ്. ഫോകോ (FOCO) എന്നാല്‍ ഫ്രാഞ്ചൈസി-ഓണ്‍ഡ്-കമ്പനി-ഓപ്പറേറ്റഡ് ഷോറൂം.
ഷോറൂമിന്റെ മൂലധനം, സ്‌റ്റോക്ക് എന്നിവ ഫ്രാഞ്ചൈസികളും നടത്തിപ്പ് കല്യാണും നിര്‍വഹിക്കുന്ന ബിസിനസ് മോഡലാണ് ഫോകോ.
ഗള്‍ഫിലും നേട്ടം
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വരുമാനം കഴിഞ്ഞപാദത്തില്‍ 14 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകെ 11 ശതമാനവും വളര്‍ച്ചയുണ്ടെന്ന് കല്യാണ്‍ ജുവലേഴ്‌സ് വ്യക്തമാക്കി.
പുതിയ രണ്ട് ഷോറൂമുകളാണ് മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞപാദത്തില്‍ തുറന്നത്. മൂന്നുമാസത്തിനകം ഇവ ഫോകോ ഷോറൂമുകളാക്കി മാറ്റിയേക്കും. കടബാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വേറെയും ചില ഷോറൂമുകളും ഫോകോ മോഡലിലേക്ക് മാറ്റിയേക്കും. കല്യാണ്‍ ജുവലേഴ്‌സിന്റെ മൊത്തം വരുമാനത്തില്‍ 14 ശതമാനമാണ് മിഡില്‍ ഈസ്റ്റ് ഷോറൂമുകളുടെ പങ്ക്.
ഡിജിറ്റലില്‍ നേട്ടവും കോട്ടവും
കല്യാണ്‍ ജുവലേഴ്‌സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ വരുമാനം കഴിഞ്ഞപാദത്തില്‍ 12 ശതമാനം ഉയര്‍ന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷത്തെ മൊത്തം പ്രകടനം വിലയിരുത്തുമ്പോള്‍ വരുമാനത്തില്‍ 17 ശതമാനം കുറവുണ്ട്.
കാന്‍ഡിയറിന്റെ ഓഫ്‌ലൈന്‍ (Physical Showrooms) ഷോറൂമുകള്‍ക്ക് മികച്ച ഉപഭോക്തൃ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞപാദത്തില്‍ 6 ഷോറൂമുകള്‍ തുറന്നിരുന്നു.
ഓഹരികളില്‍ മിന്നുന്ന തിളക്കം
നിക്ഷേപകര്‍ക്ക് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ തുടര്‍ച്ചയായി മികച്ച നേട്ടമാണ് നല്‍കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 മാര്‍ച്ചിലായിരുന്നു കല്യാണിന്റെ ഐ.പി.ഒ. തുടര്‍ന്നിതുവരെ ഓഹരി മുന്നേറിയത് 470 ശതമാനം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടം (Return) 304 ശതമാനമാണ്; ആറുമാസത്തിനിടെ 83 ശതമാനവും. ഒരുവര്‍ഷം മുമ്പ് 100 രൂപവരെ താഴ്ന്ന ഓഹരിവില ഇപ്പോഴുള്ളത് 430.50 രൂപയില്‍. 44,204 കോടി രൂപ വിപണിമൂല്യവുമായി (Market Cap) കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയുമാണ് കല്യാണ്‍ ജുവലേഴ്‌സ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it