കൊച്ചി ലുലുമാളിന് 11-ാം പിറന്നാള്‍; കോഴിക്കോട്ടും കോട്ടയത്തും ലുലുമാള്‍ ഉടന്‍ തുറക്കും

മലയാളികളുടെ ഷോപ്പിംഗ് സംസ്‌കാരത്തിന് തന്നെ പുതുമകളുടെ ചേരുവകള്‍ സമ്മാനിച്ച കൊച്ചിയിലെ ലുലുമാളിന് 11-ാം പിറന്നാള്‍. കേരളത്തിന്റെ വാണിജ്യരംഗത്ത് പുത്തന്‍ അദ്ധ്യായം തന്നെ തുറന്നുകൊണ്ട് 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ എന്ന പെരുമകൂടിയാണ് കൊച്ചി ലുലുമാള്‍ നെറുകയില്‍ ചൂടിയത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ കൊച്ചി ലുലുമാളില്‍ സന്ദര്‍ശകരായി എത്തിയത് 19 കോടിയിലധികം പേരാണ്. ലോകോത്തര സൗകര്യങ്ങള്‍, മികവുറ്റ സേവനങ്ങള്‍, ചെറുതും വലുതുമായ ബ്രാന്‍ഡുകളുടെ സ്‌റ്റോറുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളുമായാണ് കൊച്ചി ലുലുമാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
250ലധികം ആഭ്യന്തര-അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്‌റ്റോറുകള്‍, വിശാലമായ ഫുഡ്‌കോര്‍ട്ട്, മികവുറ്റ തിയേറ്ററുകള്‍, കിഡ്‌സ് പ്ലേ ഏരിയ എന്നിങ്ങനെയും മികവുകള്‍ ധാരാളം. ഇക്കാലയളവില്‍ ലോക റെക്കോഡുകള്‍ അടക്കം നിരവധി അംഗീകാരങ്ങളും കൊച്ചി ലുലുമാളിനെ തേടിയെത്തി.

കോഴിക്കോട്, കോട്ടയം മാളുകൾ ഈ വര്‍ഷം

ഒരു പതിറ്റാണ്ട് പിന്നിലേക്ക് നോക്കുമ്പോള്‍ കൊച്ചി ലുലുമാളിന് ചുറ്റുമായി കൊച്ചി നഗരവും കൂടുതല്‍ വളര്‍ന്നതായി കാണാമെന്ന് മാള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാളില്‍ ജീവനക്കാരുടെ വിവിധ ആഘോഷ പരിപാടികള്‍ അരങ്ങേറി. ചലച്ചിത്രതാരം അര്‍ജുന്‍ ആശോകന്‍ ഉദ്ഘാടനം ചെയ്തു.
നിലവില്‍ കൊച്ചിക്ക് പുറമേ ബംഗളൂരു, ലക്‌നൗ, തിരുവനന്തപുരം, ഹൈദരാബാദ്, പാലക്കാട്, തൃപ്രയാര്‍ എന്നിവിടങ്ങളിലും ലുലുമാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ കോഴിക്കോട്ടും കോട്ടയത്തും ലുലുമാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Related Articles
Next Story
Videos
Share it