ലുലു കേരളത്തിലും ഉത്തര്‍പ്രദേശിലും കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നു

ഇന്ത്യയുടെ ചെറു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് സാന്നിധ്യം ഇരട്ടിയാക്കാനൊരുങ്ങി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. അഹമ്മദാബാദ്, ഗ്രെയ്റ്റര്‍ നോയ്ഡ എന്നിവിടങ്ങൾ കൂടാതെ കേരളത്തിലും ഉത്തര്‍പ്രദേശിലും വിവിധ ഇടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ ലുലു പദ്ധതി ഇടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. ഉത്തർ പ്രദേശിൽ പ്രയാഗ്‌രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ് എന്നിവിടങ്ങളിലായി ചെറു മാളുകള്‍ വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

70 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് ഇവ നാലും ചേര്‍ന്ന് വരുക. നിലവില്‍ രാജ്യത്ത് അഞ്ച് മാളുകളാണ് ലുലുവിനുള്ളത്. ഇവ 70 ലക്ഷം ചതുരശ്ര അടി വരും. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇരട്ടി വളര്‍ച്ചയിലേക്കാകും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല പ്രവേശിക്കുക.

ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ശ്രദ്ധ നല്‍കിക്കൊണ്ട് കേരളത്തില്‍ അഞ്ച് ചെറിയ മാളുകളുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. നോയിഡയിലെ ഫൂഡ് പാര്‍ക്ക് അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ്. ലക്‌നൗവിലും മൂന്നു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പദ്ധതി ഇടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഷോപ്പിംഗ് മാളും ഹോട്ടലും നിര്‍മിക്കാനുള്ള കരാറില്‍ ലുലു നേരത്തെ ഒപ്പു വച്ചിരുന്നു. 4,500 കോടി മുതല്‍ മുടക്കില്‍ ആറ് മാളുകളാണ് ഇവിടെ സ്ഥാപിക്കുക

ഹോട്ടലുകളും

കേരളത്തില്‍ കൊച്ചിയിലും തൃശൂരിലും തിരുവനന്തപുരത്തും ലുലുവിനു കീഴിലുള്ള ഹയാത്ത് ഹോട്ടലുകളുള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്തെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ 500 കോടി മുതല്‍ മുടക്കില്‍ കോഴിക്കോടും ഹയാത്ത് റിജന്‍സി തുടങ്ങുമെന്ന് എം.എ യൂസഫലി പ്രഖ്യാപിച്ചിരുന്നു.

കൊച്ചി, തിരുവനന്തപുരം, ബെംഗളുരു, ലക്‌നൗ എന്നിവിടങ്ങളിലായി ഷോപ്പിംഗ് മാളുകള്‍ തുറന്നിട്ടുള്ള ലുലു കേരളത്തിലും തമിഴ്‌നാട്ടിലും ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles
Next Story
Videos
Share it