ഇഷ്ടം പോലെ പാല്‍ സംഭരിക്കാം; മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറത്ത്

കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ മില്‍മ ഇനി പാല്‍പൊടിയായും വിപണിയില്‍ എത്തിക്കുന്നു. മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂര്‍ക്കനാട് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയരക്ടര്‍ കെ.സി. ജയിംസ് എന്നിവര്‍ അറിയിച്ചു. മില്‍മ പാല്‍പൊടിയുടെ ലോഞ്ചിംഗും ചടങ്ങില്‍ നടക്കും. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ആധുനിക യന്ത്രങ്ങളോടു കൂടിയ പ്ലാന്റിന്റെ നിര്‍മാണം ടെട്രാപാക്കാണ് നിര്‍വ്വഹിച്ചത്. 131.3 കോടിയില്‍ രൂപയില്‍ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതവും 32.72 കോടി നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടുമാണ്. ബാക്കി തുക മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമാണ്. നേരത്തെ മില്‍മക്ക് ആലപ്പുഴയില്‍ പാല്‍പൊടി നിര്‍മാണ പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തന ക്ഷമമല്ലാതായി.

ഉല്‍പ്പാദനക്ഷമത 10 ടണ്‍

കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവര്‍ത്തിക്കുന്നതുമാണ് ഈ പ്ലാന്റെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. 10 ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റാനാകും. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉൽപ്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനും അത് പാല്‍പൊടി തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉണ്ടായേക്കാവുന്ന പാല്‍ സംഭരണത്തിലെ വ്യത്യാസത്തെ ഒരു പരിധി വരെ സന്തുലിതപ്പെടുത്താനും ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധിക്കും.

പ്രതികൂല സാഹചര്യങ്ങളില്‍ പാല്‍ മിച്ചം വരുമ്പോള്‍ പൊടിയാക്കി മാറ്റുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് മില്‍മ മാനേജിംഗ് ഡയരക്ടര്‍ കെ.സി.ജയിംസ് പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ മില്‍മ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ന്ന അളവില്‍ സംഭരിച്ച പാലിന്റെ കൈകാര്യം ചെയ്യല്‍. കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ഇല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനത്തെ ഫാക്ടറികളെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്തൊട്ടാകെ വന്‍തോതില്‍ പാല്‍ മിച്ചം വന്നിരുന്നു. അതു കൊണ്ടു തന്നെ പാല്‍പൊടിയാക്കി മാറ്റാന്‍ ഫാക്ടറികളില്‍ ഡിമാന്റുമേറെയായിരുന്നു. തമിഴ്നാട്ടിലെ ഫാക്ടറികളില്‍ പാല്‍ എത്തിച്ചാണ് മില്‍മ പാല്‍പൊടി നിര്‍മിച്ചിരുന്നത്.

മില്‍മ ഡെയറി വൈറ്റ്‌നര്‍

ഫാക്ടറിയുടെ ഉദ്ഘാടനത്തോടൊപ്പം മില്‍മ പാല്‍പ്പൊടിയായ ഡെയറി വൈറ്റ്‌നര്‍ വിപണിയിലിറങ്ങും. പാലില്‍ നിന്ന് കൂടുതല്‍ കാലം കേടുകൂടാതിരിക്കുന്ന മൂല്യ വര്‍ധിത ഉൽപ്പന്നങ്ങളും നിര്‍മിക്കും. 25 കിലോ, 10 കിലോ, ഒരു കിലോ, 500 ഗ്രാം 200 ഗ്രാം, 50 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ വിവിധ അളവുകളില്‍ പാക്ക് ചെയ്താണ് ഡെയറി വൈറ്റ്‌നര്‍ പുറത്തിറക്കുന്നത്. മില്‍മ പാല്‍പ്പൊടി ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി കണ്ടെത്താനാകും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും നൂറില്‍പ്പരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ പാല്‍ ആവശ്യം വരുന്നതിനാല്‍ പശുവളര്‍ത്തല്‍ മേഖലയിലും ഉണര്‍വുണ്ടാകുമെന്നും മില്‍മ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Videos
Share it