പമ്പ് ഉടമകള്‍ കോളടിച്ചു; എണ്ണ കമ്പനികള്‍ കമീഷന്‍ കൂട്ടി
പെട്രോള്‍ പമ്പുടമകള്‍ക്ക് പെട്രോളിയം കമ്പനികളുടെ വക ദീപാവലി സമ്മാനം. പെട്രോളിന്റെയും ഡീസന്റെയും വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ചു നല്‍കാന്‍ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് കൂട്ടി നല്‍കുക. എട്ടു വര്‍ഷത്തിന് ശേഷമാണ് കമീഷന്‍ വര്‍ധിപ്പിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ അന്തര്‍സംസ്ഥാന ചരക്ക് നീക്കവുമായി ബന്ധപ്പെട്ട നിരക്ക് വ്യത്യാസങ്ങള്‍ ഏകീകരിക്കാനും കമ്പനികള്‍ തീരുമാനിച്ചു. ഒഡീഷ, ഛത്തീസ് ഗഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇതിന്റെ ഗുണം കൂടുതലായി ലഭിക്കുക.
കമീഷന്‍ നിരക്കുകള്‍ ഇങ്ങനെ
നിലവില്‍ ഒരു കിലോ ലിറ്റര്‍ (1000 ലിറ്റര്‍) പെട്രോളിന് 1,868.14 രൂപയാണ് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ കമീഷന്‍ നല്‍കുന്നത്. ഇതിന് പുറമെ ബില്‍ ചെയ്യുന്ന തുകക്ക് 0.875 ശതമാനവും നല്‍കും. ഡീസലിന്റെ കാര്യത്തില്‍ ഒരു കിലോ ലിറ്ററിന് 1,389.35 രൂപയും ബില്‍ തുകയുടെ 0.28 ശതമാനവുമാണ്. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കമീഷന്‍ വര്‍ധനയിലൂടെ പമ്പുകളില്‍ നിന്ന് ഉപഭോക്തള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. കമ്പനികളുടെ തീരുമാനത്തെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് സ്വാഗതം ചെയ്തു.
പെട്രോള്‍, ഡീസല്‍ വില കൂടില്ല
പമ്പുടമകള്‍ക്കുള്ള കമീഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കൂടില്ല. ഇത് ഇന്ധനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന വിലയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ചരക്ക് നീക്ക നിരക്കുകള്‍ ഏകീകരിക്കുന്നതിലൂടെ ചില സംസ്ഥാനങ്ങളില്‍ നിരക്കുകളില്‍ കുറവുണ്ടാകും. ഒഡീഷയിലെ ചില മേഖലകളില്‍ പെട്രോള്‍ വിലയില്‍ 4.69 രൂപയുടെയും ഡീസലിന് 4.45 രൂപയുടെയും കുറവുണ്ടാകുമെന്നും കമ്പനി അറിയിച്ചു.