Begin typing your search above and press return to search.
അദാനിക്ക് പച്ചക്കൊടി, കൊളംബോ തുറമുഖ പദ്ധതിക്ക് അദാനി ധനസഹായം നൽകുന്നതിൽ പ്രശ്‌നങ്ങളില്ലെന്ന് ശ്രീലങ്ക
കൊളംബോ തുറമുഖത്തെ ഡീപ് വാട്ടർ കണ്ടെയ്‌നർ ടെർമിനൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ശ്രീലങ്കയ്ക്ക് താൽപ്പര്യമുളളതായി തുറമുഖ മന്ത്രി ബിമൽ രത്നായക പറഞ്ഞു. അദാനി ഗ്രൂപ്പ് സ്വന്തമായി ഫണ്ട് കണ്ടെത്തി പദ്ധതിയുമായി സഹകരിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും ബിമൽ രത്നായക പറഞ്ഞു.
പദ്ധതിക്ക് യു.എസ് ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷനിൽ (ഡി.എഫ്.സി) നിന്നുള്ള ധനസഹായം അദാനി ഗ്രൂപ്പ് നിരസിച്ചിരുന്നു. ഈ അവസരത്തിലാണ് അദാനി സ്വന്തമായി ഫണ്ട് കണ്ടെത്തുന്നതില്‍ വിരോധമില്ല എന്ന് തുറമുഖ മന്ത്രി അറിയിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് കൊളംബോ വെസ്റ്റ് ഇൻ്റർനാഷണൽ ടെർമിനൽ (സി.ഡബ്ല്യു.ഐ.ടി) എന്ന ഡീപ് വാട്ടർ കണ്ടെയ്‌നർ ടെർമിനലിന്റെ നിര്‍മ്മാണമാണ് അദാനി നിര്‍വഹിക്കുക. ടെർമിനലിൻ്റെ വികസനം, നിർമ്മാണം, പ്രവർത്തനം എന്നിവയുടെ സഹായത്തിനായി കഴിഞ്ഞ വർഷം നവംബറിലാണ് 553 ദശലക്ഷം യുഎസ് ഡോളർ വായ്പ നൽകാൻ ഡി.എഫ്.സി സമ്മതിച്ചത്.
തുറമുഖത്ത് ചൈനയ്ക്ക് സ്വാധീനം
അദാനി പോർട്ട്സ്, ശ്രീലങ്കൻ കമ്പനിയായ ജോൺ കീൽസ് ഹോൾഡിംഗ്സ് പി.എൽ.സി, ശ്രീലങ്ക പോർട്ട് അതോറിറ്റി (എസ്.എൽ.പി.എ) എന്നിവയുടെ കൺസോർഷ്യമാണ് സി.ഡബ്ല്യു.ഐ.ടി വികസിപ്പിക്കുന്നത്. ശ്രീലങ്കന്‍ തുറമുഖത്ത് ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനുള്ള യു.എസ് ഗവൺമെൻ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡി.എഫ്.സി ധനസഹായം നല്‍കാമെന്ന് അറിയിച്ചത്.
അദാനിയും എസ്.എൽ.പി.എ യും തമ്മിലുള്ള കരാർ തങ്ങളുടെ വ്യവസ്ഥകൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന ഡി.എഫ്.സി യുടെ ആവശ്യമാണ് വായ്പാ നടപടികൾ സ്തംഭിക്കുന്നതിനുളള കാരണം. ഡി.എഫ്.സി യിൽ നിന്നുള്ള ധനസഹായം കൂടാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.
അതേസമയം, ശ്രീലങ്കയുടെ വടക്കുകിഴക്കൻ ജില്ലയായ മാന്നാറിലെ അദാനിയുടെ കാറ്റാടി വൈദ്യുതി പദ്ധതിയെ സർക്കാർ എതിർക്കുന്നുവെന്നും രത്നായക പറഞ്ഞു. പരിസ്ഥിതി പ്രവർത്തകർ പദ്ധതിക്കെതിരെ ഗൗരവപൂര്‍വമായ ആശങ്കകളാണ് ഉന്നയിച്ചിരിക്കുന്നത്.
Next Story
Videos