പ്രതിസന്ധി രൂക്ഷം: ജാതിയുടെ വിലപോലുമില്ലാതെ കേരളത്തിലെ വ്യാപാരികള്‍

കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗമാണ് വ്യാപാര രംഗം. എന്നാല്‍ ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് വ്യാപാരികള്‍ കടന്നു പോകുന്നത്. 2023 ന്റെ തുടക്കം മുതല്‍ കേരളത്തിലെ വ്യാപാരി വ്യവസായികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തലസ്ഥാനത്തും വിവിധ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ വിപണിയില്‍ നിന്നുള്ള കടുത്ത മത്സരം, കട നികുതി, വാടക വര്‍ധന എന്നിങ്ങനെ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്രാപിച്ചതോടെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് വ്യാപാരം കുറഞ്ഞു. പലരും പൂട്ടിപ്പോകുന്നു. അവശേഷിക്കുന്നവര്‍ ഏതു സമയവും പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലുമാണ്. അതേപോലെ, നാടു മുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ വരികയും എല്ലാ ദിവസവും ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തതോടെ ചെറുകിട കച്ചവടക്കാരുടെ കച്ചവടം തീരെ കുറഞ്ഞു.

ഇങ്ങനെ പലവിധ പ്രശ്‌നങ്ങള്‍ മൂലം പ്രളയത്തേയും കോവിഡ് പ്രതിസന്ധിയേയും അതിജീവിച്ച വ്യാപാരികള്‍ ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്.

താങ്ങാനാകാത്ത വാടക

വാടകയിലെ വര്‍ധന പല വ്യാപാരികള്‍ക്കും താങ്ങാനാകുന്നില്ല. കൊച്ചി നഗരത്തില്‍ വാടക വര്‍ധിച്ചത് മൂലം ചില സ്ഥലങ്ങളില്‍ കടകള്‍ ഒഴിഞ്ഞു കിടക്കുന്നു. വലിയ വിസ്തൃതി ഉള്ള കടകള്‍ ഭാഗീകമായി ഒഴിഞ്ഞു വാടക കുറയ്ക്കാനുള്ള ശ്രമത്തിലാണ് പല കച്ചവടക്കാരും. മിക്ക ജില്ലകളിലും വാടക കൊടുക്കാനുള്ള കച്ചവടം പോലും ഇല്ലാതെ വ്യാപാരികള്‍ക്ക് ബിസിനസ് നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

റോഡ് വികസനത്തിന് കെട്ടിടം പൊളിക്കുമ്പോള്‍ സ്ഥലത്തിനും കെട്ടിടത്തിനും തുടങ്ങി മരങ്ങള്‍ക്ക് പോലും നഷ്ടപരിഹാരം നല്‍കുമ്പോള്‍ വര്‍ഷങ്ങളായി കച്ചവടം നടത്തിയ വ്യാപാരിക്ക് പുനരധിവാസത്തിനോ, നഷ്ടപരിഹാരമായോ ഒന്നും ലഭിക്കുന്നില്ലന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുവജന വിഭാഗം സെക്രട്ടറി സലീം രാമനാട്ടുകര പറഞ്ഞു. ആദായമുള്ള ഒരു മരത്തിന് ഒരു ലക്ഷം രൂപ വരെ മുറിക്കുമ്പോള്‍ നഷ്ട പരിഹാരം നല്‍കും. എന്നാല്‍ വ്യാപാരിക്ക് അത്ര പോലും വില കല്‍പ്പിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

സമാന്തര വില്‍പ്പന

നാട്ടില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമാന്തര ഡിസ്‌കൗണ്ട് സെയിലും വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. പോലീസ് ക്ലബുകള്‍, അസോസിയേഷനുകള്‍, സ്‌കൂളുകള്‍ തുടങ്ങി അയല്‍കൂട്ടങ്ങള്‍ വരെ സ്‌കൂള്‍ വിപണി മുന്നില്‍ കണ്ട് വില്‍പ്പന തകൃതിയായി നടത്തുന്നുണ്ട്. സ്‌കൂള്‍ അവധി കാലത്ത് നടത്തുന്ന ഇത്തരം കച്ചവടവും സാധാരണ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നതായി സലീം രാമനാട്ടുകര അഭിപ്രായപ്പെട്ടു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഷൂസ്, കുട, പുസ്തകങ്ങള്‍, ചോറ്റുപാത്രങ്ങള്‍, ബാഗ് തുടങ്ങിയവയുടെയെല്ലാം വില്‍പ്പന ഇത്തരം ചെറിയ സംഘങ്ങള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. സാധാരണ സ്റ്റേഷനറി, പാദരക്ഷ കച്ചവടക്കാരുടെ വില്‍പ്പനയാണ് ഇത് വഴി നഷ്ടമാകുന്നത്. ഇതു കൂടാതെ പ്രധാന നഗരങ്ങളിലെല്ലാം വലിയ ഹാളുകള്‍ ബുക്ക് ചെയ്ത് മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വില്‍പ്പന മേളകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്.

പിഴയ്ക്ക് കുറവില്ല

പ്ലാസ്റ്റിക്ക് നിര്‍മാതാക്കളെയോ മൊത്ത കച്ചവടക്കാരെയോ ലക്ഷ്യമിടാത്ത സര്‍ക്കാര്‍ ചെറുകിട വ്യാപാരികളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ഇത്തരത്തില്‍ വിവിധ തരം പിഴകള്‍ വ്യാപാരികള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. കുഞ്ചാവു ഹാജി പറഞ്ഞു. വ്യാപാര സംഘടനകള്‍ ഈ വര്‍ഷമാദ്യം മുതല്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടികളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ജി.എസ്ടി.യിലും വാറ്റിലും പ്രളയ സെസ്സിലും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കി കേസുകള്‍ ഒഴിവാക്കുക, മിനിമം വേതനത്തിന്റെയും മറ്റും പേരിലുള്ള പരിശോധനകളും നടപടികളും അവസാനിപ്പിക്കുക എന്നിങ്ങനെ ഒട്ടനവധി പരാതികൾ പരിഹരിക്കപ്പെടാനുണ്ട്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലും വരുമാന മാര്‍ഗവും ഉറപ്പാക്കുന്ന വ്യാപാര മേഖലയുടെ ന്യായമായ ആവശ്യങ്ങള്‍പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് സംഘടനകളുടെ പരാതി

Related Articles

Next Story

Videos

Share it