അറ്റാദായ നഷ്ടം മൂന്ന് മടങ്ങായിട്ടും വരുമാനം ഉയര്‍ന്നു; വിപണിയില്‍ മുന്നേറി സൊമാറ്റൊ

2022 സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ അറ്റാദായത്തില്‍ വന്‍ ഇടിവുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റൊ (Zomato) . അറ്റാദായത്തില്‍ കഴിഞ്ഞ കാലയളവിനേക്കാള്‍ മൂന്ന് മടങ്ങിലധികം നഷ്ടമാണ് സൊമാറ്റൊ രേഖപ്പെടുത്തിയത്. 359 കോടി രൂപയുടെ നഷ്ടമാണ് അറ്റാദായത്തിലുണ്ടായത്. കഴിഞ്ഞ കാലയളവില്‍ ഇത് 134.2 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞപാദത്തിലെ സൊമാറ്റയുടെ വരുമാനം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ കാലയളവിലെ 692.4 കോടിയില്‍ നിന്ന് 75 ശതമാനം വര്‍ധിച്ച് 1,211.8 കോടി രൂപയായി.

2021 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ചെലവ് കുത്തനെ ഉയര്‍ന്നതാണ് അറ്റാദായ നഷ്ടം ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചെലവ് 885 കോടി രൂപയില്‍ നിന്ന് 1,701 കോടി രൂപയായാണ് കഴിഞ്ഞപാദത്തില്‍ വര്‍ധിച്ചത്. കൂടാതെ അവലോകന കാലയളവിലെ മൊത്ത ഓര്‍ഡര്‍ മൂല്യം ആറ് ശതമാനം വര്‍ധിച്ച് 58.5 ബില്യണ്‍ രൂപയായി ഉയര്‍ന്നു. നാലാം പാദത്തില്‍ 300 നഗരങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ച സൊമാറ്റൊയ്ക്ക് നിലവില്‍ 1,000 ലധികം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
അതേസമയം, മാര്‍ച്ച് പാദത്തിലെ ഫലം പുറത്തുവിട്ടതിന് പിന്നാലെ ഈ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ മുന്നേറുകയാണ്. ഇന്ന് (24-05-2022, 1.00) 12 ശതമാനം വര്‍ധിച്ച് 63.90 രൂപ എന്ന നിലയിലാണ് സൊമാറ്റൊ വിപണിയില്‍ വ്യാപാരം നടത്തുന്നത്. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ഈ ഓഹരി 17 ശതമാനത്തോളം ഉയര്‍ന്ന് 66.50 രൂപ എന്ന നിലയിലെത്തിയിരുന്നു.



Related Articles
Next Story
Videos
Share it