മലയാളിയുടെ ആയുര്‍വേദ 'കാട്' യു.എ.ഇയില്‍ പച്ചപിടിക്കുന്നു
കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ ജോലി നഷ്ടപ്പെട്ട നിരവധി പേരില്‍ ഒരാളായിരുന്നു യു.എ.ഇയില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായിരുന്ന ഷഫിന്‍ കളത്തിങ്കല്‍. യു.എ.ഇയിലെ ജോലി പോയപ്പോള്‍ സ്വന്തം നാട്ടിലെ ആയുര്‍വേദത്തില്‍ പിടിച്ച് ദുബൈയില്‍ ആളൊരു ബിസിനസ് തുടങ്ങി. ആയുര്‍വേദത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സസ്യ അധിഷ്ഠിത ചര്‍മ്മ സംരക്ഷണ, സൗന്ദര്യ ബ്രാന്‍ഡായ 'കാട്' (Qaadu). ഇന്ന് ദുബൈ ആസ്ഥാനമായുള്ള ഈ സ്ഥാപനം അതിന്റെ വിപണി വിപുലീകരിക്കാനൊരുങ്ങുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വീഗന്‍ ഉല്‍പ്പന്നങ്ങള്‍
വിപുലീകരണത്തിന്റെ ഭാഗമായി ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്ന് 'കാട്' നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. പുതിയ ഫണ്ടിംഗ് ഇന്‍വെന്ററി മാനേജ്‌മെന്റ്, ഉല്‍പ്പന്ന വികസനം, വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും. 'കാട്' നല്‍കുന്ന ഉല്‍പ്പന്ന ശ്രേണി ദുബൈയിലെ ഉപയോക്താക്കള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാഫിന്‍ കളത്തിങ്കല്‍ പറഞ്ഞു. കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും യു.കെയിലെ വീഗന്‍ സൊസൈറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്.
യു.എ.ഇയിലുടനീളമുള്ള നിരവധി ഫാര്‍മസികളുമായും ഹൈപ്പര്‍മാര്‍ക്കറ്റുകളുമായും കാടിന് പങ്കാളിത്തമുണ്ട്. ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ യു.എ.ഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.