ശമ്പളത്തിന് പകരം 'കത്തില്‍' വൈകാരികത നിറച്ച് ബൈജൂസ്; ലക്ഷ്യം ജീവനക്കാരുടെ പിന്തുണ

പ്രതിസന്ധികളില്‍ നിന്ന് കരകയറാനാകാതെ നട്ടംതിരിയുന്ന പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസില്‍ ഏപ്രിലിലും ജീവനക്കാര്‍ക്ക് ശമ്പളം വൈകുമെന്ന് ഉറപ്പായി. കൃത്യസമയത്ത് ശമ്പളം നല്‍കാന്‍ ഇത്തവണയും സാധിക്കില്ലെന്ന് ജീവനക്കാരെ കത്തെഴുതി തന്നെ അറിയിച്ചിരിക്കുകയാണ് മാനേജ്മെന്റ്. വിവിധ നഗരങ്ങളിലെ ഓഫീസുകള്‍ അടയ്ക്കുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണവും കുറച്ചുകൊണ്ടിരിക്കുന്ന ബൈജൂസിന് സമീപകാലത്ത് തിരിച്ചടികള്‍ തുടര്‍ക്കഥയാണ്.
വൈകാരികത ഉയര്‍ത്തിവിട്ട് ജീവനക്കാരുടെ അതൃപ്തി ഒരുപരിധി വരെയെങ്കിലും ശമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് കത്തയച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിനകം ശമ്പളം പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് മാനേജ്മെന്റ് പങ്കുവയ്ക്കുന്നത്. ശമ്പളത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ മറ്റ് വഴികള്‍ തേടുന്നുവെന്ന സൂചനയും ബൈജൂസ് നല്‍കിയിട്ടുണ്ട്. ചില വിദേശ നിക്ഷേപകരുടെ അനാവശ്യ ഇടപെടലുകള്‍ മൂലമാണ് ശമ്പളകാര്യത്തില്‍ പ്രതിസന്ധി ഉടലെടുത്തതെന്നും കമ്പനി കുറ്റപ്പെടുത്തുന്നു. അവകാശ ഓഹരിയിലൂടെ സ്വരൂപിച്ച പണം ശമ്പളത്തിനായി ഉപയോഗിക്കുന്നതിനെതിരെ ചില നിക്ഷേപകര്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സ്വന്തമാക്കിയിരുന്നു.
ബൈജുവിനെതിരെ നിക്ഷേപകര്‍
മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനും സി.ഇ.ഒയുമായ കമ്പനിയിലെ ഒരുകൂട്ടം നിക്ഷേപകര്‍ അടുത്ത കാലത്തായി അദ്ദേഹത്തിനെതിരാണ്. ബൈജുവിനെയും കുടുംബാംഗങ്ങളെയും താക്കോല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ ശ്രമിക്കുന്ന നിക്ഷേപകരിലേക്ക് ജീവനക്കാരുടെ രോഷം വഴിതിരിച്ചു വിടുകയെന്ന ലക്ഷ്യവും കത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. ജീവനക്കാരുടെ അവകാശങ്ങളും ശമ്പളവും കൃത്യമായി നല്‍കാനുള്ള നീക്കങ്ങളെ തടയുന്നത് ശരിയല്ലെന്നും കത്തില്‍ വിമര്‍ശിക്കുന്നു.
പരസ്യങ്ങളും അപ്രത്യക്ഷം
വളര്‍ച്ചയുടെ കൊടുമുടികള്‍ കയറുന്ന സമയത്ത് ബൈജൂസിന്റെ പരസ്യങ്ങളായിരുന്നു ചാനലുകളിലും പത്രങ്ങളിലും ഇന്റര്‍നെറ്റിലും നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ പരസ്യ കാമ്പെയ്നുകള്‍ ഏറെക്കുറെ നിലച്ചിട്ടുണ്ട്. ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ഉള്‍പ്പെടെ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. ഷാരൂഖ് ഖാനും മോഹന്‍ലാലും ഉള്‍പ്പെടുന്ന സെലബ്രിറ്റികളും ബൈജൂസുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ കൂടിയാണ് ബൈജൂസ്. ഈ സീസണോടു കൂടി ബ്ലാസ്റ്റേഴ്സുമായുള്ള കരാറും ബൈജൂസ് അവസാനിപ്പിക്കുകയാണ്. 15-20 കോടി രൂപയ്ക്ക് ഇടയ്ക്കായിരുന്നു ഈ കരാര്‍. അധിക ചെലവുകള്‍ പരമാവധി കുറച്ച് കമ്പനിയെ ട്രാക്കിലേക്ക് വീണ്ടും തിരികെയെത്തിക്കാനാണ് ബൈജു രവീന്ദ്രന്റെയും സംഘത്തിന്റെയും ശ്രമം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it