ബൈജൂസില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; 1,000 ജീവനക്കാര്‍ പുറത്തേക്ക്

മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പ്രമുഖ എഡ്‌ടെക് (EdTech)സ്ഥാപനമായ ബൈജൂസ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. വിവിധ വിഭാഗങ്ങളിലായി 1,000ത്തോളം ജീവനക്കാരെയാണ് ഇത്തവണ ഒഴിവാക്കിയത്. ഇതോടെ ബൈജൂസ് ഒഴിവാക്കുന്ന ജീവനക്കാരുടെ എണ്ണം 3,500 ആയി. ചെലവുകള്‍ കുറച്ച് കമ്പനിയെ ലാഭക്ഷമതയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാല്‍ ബൈജൂസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം നല്‍കുമെന്നും മറ്റ് ആനുകൂല്യങ്ങളൊന്നുമുണ്ടാകില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അപ്രതീക്ഷിതമായാണ് നടപടിയെന്നും ജീവനക്കാരോട് സ്വയം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെന്ററിംഗ്, ലോജിസ്റ്റിക്‌സ്, പരിശീലനം, വില്‍പ്പന, വില്‍പ്പനാനന്തര സേവനം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍. ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും.

വരുമാനം മെച്ചപ്പെടുത്താന്‍

പ്രവര്‍ത്തനം പുന:ക്രമീകരിച്ച് വരുമാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനം അല്ലെങ്കില്‍ 2,500 പേരെ കുറയ്ക്കുമെന്ന് 2022 ല്‍ ബൈജൂസ് വ്യക്തമാക്കിയിരുന്നു. ഒരേ സ്ഥാനം വഹിക്കുന്ന ഒന്നിലധികം വരുന്ന ജീവനക്കാരെ കുറിച്ചും സാങ്കേതികവിദ്യയുടെ സഹായം കൂടുതല്‍ പ്രയോജനപ്പെടുത്തിയും 50,000ത്തോളം വരുന്ന ജീവനക്കാരുടെ 5 ശതമാനം ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2023 മാര്‍ച്ചോടെ കമ്പനിയെ ലാഭത്തിലാക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തിരുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍

യു.എസിലെ ബാങ്കുകള്‍ക്ക് 4 കോടി ഡോളര്‍ വായ്പ തിരിച്ചടവ് വീഴ്ചവരുത്തിയതിനു പിന്നാലെയാണ് പുതിയ നടപടി. വായ്പാ കമ്പനി ഭീഷണിപ്പെടുത്തുന്നുവെന്നും അമേരിക്കന്‍ ബിസിനസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും കാട്ടി ബൈജൂസ് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടയിലും ആകാശിന്റെ ഐ.പി.ഒ അടുത്ത വര്‍ഷം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. 2021 സാമ്പത്തിക വര്‍ഷ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ നഷ്ടം 4,588 കോടി രൂപയാണ്.

ഒരു സമയത്ത് 2,200 കോടി ഡോളര്‍ മൂല്യം രേഖപ്പെടുത്തിയിരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബൈജൂസ്. ജനറല്‍ അറ്റ്‌ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപകര്‍ ബൈജൂസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തിടെ കമ്പനിയുടെ മൂല്യം 820 കോടി ഡോളറായി കുറച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it