Begin typing your search above and press return to search.
'ബൈജു സാറിനെ' പുറത്താക്കാനുള്ള നീക്കം ഗൂഢാലോചനയെന്ന്; ജീവനക്കാര്‍ക്ക് വീണ്ടും കത്ത്
പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ മാനേജ്‌മെന്റിനെതിരെ കമ്പനിയുടെ പ്രധാന നിക്ഷേപകര്‍ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ജീവനക്കാര്‍ക്ക് കത്തയച്ച് മാനേജ്‌മെന്റ്.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യം മുതലെടുത്ത് നിക്ഷേപകര്‍ കമ്പനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നും സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമോട്ടര്‍മാരെ കമ്പനിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. കമ്പനി വെല്ലുവിളികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കുന്നതിനു പകരം മാധ്യമങ്ങളോട് നേരിട്ട് അഭിപ്രായപ്രകടനം നടത്തി കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് നിക്ഷേപകര്‍. എന്നാല്‍ കമ്പനിയുടെ ഏറ്റവും വലിയ പോരാളികളും ഏറ്റവും വലിയ നിക്ഷേപകരും പ്രമോട്ടര്‍മാരാണെന്നും കത്തില്‍ പറയുന്നു.
ഫെബ്രുവരി ഒന്നിനാണ് ബൈജൂസിന്റെ മുഖ്യ ഓഹരി ഉടമകളില്‍ ചിലര്‍ ചേര്‍ന്ന് അസാധാരണ പൊതുയോഗം വിളിക്കണമെന്നും (EGM) ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രന്‍ അടക്കമുള്ള പ്രമോട്ടര്‍മാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എന്നാല്‍ ഓഹരിയുടമകളുടെ എഗ്രിമെന്റ് പ്രകാരം സി.ഇ.ഒയെ മാറ്റുന്നതിനുള്ള അധികാരം അവര്‍ക്കില്ലെന്ന് തിങ്ക് ആന്‍ഡ് ലേണ്‍ വ്യക്തമാക്കി.
Also Read : ബൈജു രവീന്ദ്രനോട് 'കടക്ക് പുറത്തെന്ന്' ഓഹരിയുടമകള്‍; പാപ്പരത്ത അപേക്ഷയുമായി അമേരിക്കന്‍ യൂണിറ്റ്
കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഈ ആഴ്ചയാദ്യം നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ബൈജൂസ് അവകാശ ഓഹരി വില്‍പ്പനയിലൂടെ (റൈറ്റ്‌സ് ഇഷ്യു) 20 കോടി ഡോളര്‍ (1,660 കോടി രൂപ) സമാഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് നിക്ഷേപകരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇഷ്യു ഓവര്‍സബ്‌സ്‌ക്രൈബ്ഡ് ആയതായാണ് അറിയുന്നത്.
''റൈറ്റ്‌സ് ഇഷ്യു അവതരിപ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലക്ഷ്യമിട്ടതിനേക്കാള്‍ 100 ശതമാനം അധികം അപേക്ഷകള്‍ ലഭിച്ചു. ആവശ്യത്തിന് വളര്‍ച്ചാ മൂലധനം ഉറപ്പാക്കാനും പ്രവര്‍ത്തന ബാധ്യതകള്‍ നേരിടാനും ഇതുവഴി സാധിക്കും.'' കമ്പനി ജീവനക്കാര്‍ക്കയച്ച കത്തില്‍ പറയുന്നു. റൈറ്റ്‌സ് ഇഷ്യു കാലാവധി അവസാനിക്കാന്‍ ഇനി 25 ദിവസം കൂടിയുണ്ട്.
ശമ്പളം വൈകില്ല
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീണ്ടും കാലതാമസം നേരിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേ കുറിച്ചും കമ്പനി കത്തില്‍ പരമര്‍ശിച്ചിട്ടുണ്ട്.
''നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായിട്ടില്ല. ഫെബ്രുവരി അഞ്ചിനുള്ളില്‍ ഘട്ടംഘട്ടമായി ഇത് പൂര്‍ത്തിയാക്കും. കഴിഞ്ഞ കുറെ മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത 'ബൈജു സാര്‍' സ്വന്തം ചുമലിലേറ്റിയിരിക്കുകയാണ്. ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ സ്വന്തം വീട് പോലും പണയപ്പെടുത്തിയിരുന്നു. ഈ മാസവും സ്ഥിതി വ്യത്യസ്തമാകില്ല''. മാനേജ്‌മെന്റയച്ച കത്തില്‍ പറയുന്നു.
പ്രശ്‌നം രൂക്ഷം
എന്നാല്‍ ഇതിനിടെ കമ്പനിയുടെ പ്രതിസന്ധിയ്ക്ക് കൂടുതല്‍ തിരിച്ചടനല്‍കി കൊണ്ട് മറ്റ് ചില കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ബൈജൂസിന്റെ യു.എസ് കമ്പനിയായ ആല്‍ഫ പാപ്പരത്ത ഹര്‍ജിയുമായി യു.എസ് കോടതിയില്‍ എത്തിയത് ഈ ആഴ്ചയാദ്യമാണ്. കൂടാതെ വായ്പാ തിരിച്ചടവില്‍ വീഴ്ചവന്നതോടെ ബൈജൂസിനെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് വായ്പാദാതാക്കള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുമുണ്ട്. 120 കോടി ഡോളറാണ് (ഏകദേശം 9,800 കോടി രൂപ) ബൈജൂസ് വിദേശ വായ്പാദാതാക്കളില്‍ നിന്ന് കടമെടുത്തിരിക്കുന്നത്.
Next Story
Videos