വിടാതെ പ്രതിസന്ധി! ബൈജൂസിനെതിരെ പാപ്പരത്ത ഹര്‍ജിയുമായി വായ്പാദാതാക്കള്‍

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത നടപടികള്‍ക്കൊരുങ്ങി വിദേശ വായ്പാദാതാക്കള്‍. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ കമ്പനികള്‍ പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തത്.

എന്നാല്‍ വിദേശ വായ്പാദാതാക്കളുടെ നടപടി അടിസ്ഥാന രഹിതവും വായ്പാ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേയാണെന്നും ബൈജൂസ് വ്യക്തമാക്കി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയലടക്കം വിവിധ നിയമ നടപടികള്‍ അഭിമുഖീകരിച്ചു വരികയാണ്.
120 കോടി ഡോളറിന്റെ കടം

യു.എസ് വായ്പാദാതാക്കളില്‍ നിന്ന് മൊത്തം 120 കോടി ഡോളറാണ് ടേം ലോണ്‍ ബി (TLB) പ്രകാരം ബൈജൂസ് വായ്പയെടുത്തിട്ടുള്ളത്. ഇതില്‍ 85 ശതമാനവും നല്‍കിയിട്ടുള്ള വായ്പാദാതാക്കളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വായ്പാദാതാക്കളും വിദ്യാഭ്യാസ സ്ഥാപനവുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ടി.എല്‍.ബി കരാറിനെ ചൊല്ലി തര്‍ക്കം നടക്കുന്നുണ്ട്. ഇതിനകം നിരവധി വട്ട ചര്‍ച്ചകളും കഴിഞ്ഞു. 2023 ഓഗസ്റ്റ് മൂന്നിനു മുന്‍പ് വായ്പാ ഭേദഗതിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 16 മാസം കഴിഞ്ഞിട്ടും വായ്പാ പുനഃസംഘടനയിലേക്കെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ബൈജൂസിനെതിരെ പാപ്പരത്ത ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ വായ്പാദാതാക്കള്‍ തീരുമാനിച്ചത്.
പണം സമാഹരിക്കാന്‍ ശ്രമം
വായ്പാ പലിശ തിരിച്ചടയ്ക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമായി പണം സമാഹരിക്കാന്‍ ബൈജൂസ് ശ്രമം നടത്തി വരുന്നതിനിടെയാണ് പുതിയ നീക്കം. ബൈജൂസിന്റെ മൂല്യം 90 ശതമാനത്തോളം കുറച്ച് നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) വായ്പയെടുക്കാനാണ് ലക്ഷ്യം. നിക്ഷേപകരുമായി ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2022ല്‍ നിക്ഷേപകരില്‍ നിന്ന് വായ്പ സമാഹരിക്കുന്ന സമയത്ത് 2,200 കോടി ഡോളര്‍ (ഏകദേശം 1.82 ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയിരുന്നതാണ് ഇപ്പോള്‍ വെറും 100 കോടി ഡോളറാക്കിയത് (
ഏകദേശം 8,000 കോടി രൂപ
). വിവിധ നിക്ഷേപകര്‍ പല തവണയായി ഇതിനകം തന്നെ ബൈജൂസിന്റെ മൂല്യം കുറച്ചിട്ടുമുണ്ട്.
ബൈജൂസ് ഏറ്റെടുത്ത ഉപകമ്പനികളെ വിറ്റഴിച്ച് പണം സമാഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. അമേരിക്കന്‍ ഉപകമ്പനിയായ എപ്പിക്കിനെ വിറ്റഴിച്ച് 40 കോടി ഡോളര്‍ നേടാന്‍ ലക്ഷ്യമിട്ടെങ്കിലും വായ്പാദാതാക്കള്‍ കമ്പനിയില്‍ അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് ആ നീക്കം മുന്നോട്ടു കൊണ്ടുപോകാനായില്ല. കടപ്രതിസന്ധിയില്‍ നിന്ന് രക്ഷനേടി കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ബൈജൂസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കം.
ഇതുകൂടാതെ ബൈജൂസ് ഏറ്റെടുത്ത കമ്പനികളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ നടത്തിയ 30 കോടി ഡോളറിന്റെ നിക്ഷേപം ഓഹരികളാക്കി മാറ്റാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതോടെ ആകാശിന്റെ നിയന്ത്രണം രഞ്ജന്‍ പൈയുടെ കൈകളിലേക്കെത്തും. സാമ്പത്തിക പ്രതിസന്ധിയിൽ ഏക ആശ്വാസമായ ആകാശിലെ നിയന്ത്രണം നഷ്ടപ്പെടുന്നതും ബൈജൂസിന് വലിയ പ്രഹരമായിരിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it