Begin typing your search above and press return to search.
കടം കുറയ്ക്കാന്‍ വഴി തേടി ബൈജൂസ്; അമേരിക്കന്‍ ഉപകമ്പനിയെ വില്‍ക്കാന്‍ ചര്‍ച്ച
കടബാധ്യതകള്‍ വീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലെ ഉപസ്ഥാപനത്തെ വിറ്റൊഴിയാനുള്ള ചര്‍ച്ചകളിലേക്ക് കടന്ന് ബൈജൂസ്. പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (EdTech) സ്ഥാപനമായ ബൈജൂസ്, പ്രതാപകാലത്ത് ഏറ്റെടുത്ത എപ്പിക് ക്രിയേഷന്‍സിനെ (Epic! Creations) വില്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ജോഫ്രേ കാപ്പിറ്റലുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കാലിഫോര്‍ണിയ ആസ്ഥാനമായ ടെക്‌നോളജി ഫണ്ട് സ്ഥാപനമാണ് ജോഫ്രേ കാപ്പിറ്റല്‍.
കുറയ്ക്കണം കടബാധ്യത
120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) കടം വീട്ടുന്നതില്‍ ബൈജൂസ് വീഴ്ച വരുത്തിയത് കോടതി നടപടികള്‍ക്ക് വഴിവച്ചിരുന്നു. ഉപസ്ഥാപനങ്ങളെ വിറ്റഴിച്ച് 6 മാസത്തിനകം കടം പൂര്‍ണമായി വീട്ടാമെന്ന വാഗ്ദാനം സെപ്റ്റംബറില്‍ ബൈജൂസ് മുന്നോട്ട് വച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 30 കോടി ഡോളര്‍ (2,500 കോടി രൂപ) അടയ്ക്കാമെന്നും പറഞ്ഞിരുന്നു.
പ്രതാപകാലത്ത് 2021ല്‍, ആഗോളതലത്തിലേക്ക് സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബൈജൂസ് ഏറ്റെടുത്ത കമ്പനിയാണ് എപ്പിക്. കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്‌ഫോമാണിത്. ഏകദേശം 40,000 പുസ്തകങ്ങളുടെ ശേഖരം എപ്പിക്കിലുണ്ട്.
50 കോടി ഡോളറിനായിരുന്നു (4,150 കോടി രൂപ) എപ്പിക്കിനെ ബൈജൂസ് ഏറ്റെടുത്തത്. ഇപ്പോള്‍ വില്‍ക്കാനുള്ള നീക്കം പക്ഷേ 40 കോടി ഡോളറിനാണ് (3,300 കോടി രൂപ). മോലിസ് ആന്‍ഡ് കോ (Moelis & Co) ആണ് എപ്പിക്കിന്റെ വില്‍പന നടപടികള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് സൂചനകള്‍. വില്‍പന നടപടി ഈമാസം തന്നെ പൂര്‍ത്തിയാക്കുമെന്നും സൂചനകളുണ്ട്. ജോഫ്രേയ്ക്ക് പുറമേ ഡ്യുവോലിങ്കോ (Duolingo) എന്ന കമ്പനിയും എപ്പിക്കിനെ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Next Story
Videos