ഇലാസ്റ്റിക്‌റണ്‍; നാട്ടുംപുറത്തെ കടകള്‍ക്ക് സാധനങ്ങല്‍ എത്തിച്ചു നല്‍കി യുണീകോണായ കമ്പനി

രാജ്യത്തെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സാധന-സേവനങ്ങള്‍ എത്തിച്ചു നല്‍കുന്ന ബി2ബി ഓണ്‍ലൈന്‍ കൊമേഴ്‌സ് കമ്പനി ഇലാസ്റ്റിക്‌റണ്‍ യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി. ഏറ്റവും പുതിയ ഫണ്ടിംഗില്‍ 330 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.5 ബില്യണ്‍ ഡോളറിലെത്തി. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കടക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക.

2016ല്‍ സന്ദീപ് ദേശ്മുഖ്, സൗരഭ് നിഗം, ഷിറ്റിസ് ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ഇലാസ്റ്റിക്‌റണ്ണിന് ഇന്ന് 28 സംസ്ഥാനങ്ങളിലും സാന്നിധ്യമുണ്ട്. 80,000 ഗ്രാമങ്ങളില്‍ ഇലാസ്റ്റിക്‌റണ്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഏകദേശം ഒരു മില്യണ്‍ ഗ്രാമീണ കടയുടമകള്‍ ഇവരിലൂടെയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്, പെപ്‌സികോ, റിലയന്‍സ്, കൊക്ക-കോള ഉള്‍പ്പടെ മൂന്നുറോളം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങല്‍ ഇലാസ്റ്റിക്‌റണ്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ 10 മില്യണിലധികം കടകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ കടകളിലേക്കെല്ലാം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കടന്ന് ചെല്ലാനായിട്ടില്ലെന്ന് ഇലാസ്റ്റിക്‌റണ്‍ സിഇഒ സന്ദീപ് ദേശ്മുഖ് പറയുന്നു.
അടുത്ത 18-24 മാസത്തിനുള്ളില്‍ രണ്ട് മില്യണ്‍ കടകളെ തങ്ങളുടെ ശൃംഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഫണ്ടിംഗിലൂടെ ലഭിച്ച തുക ഇതിനായാണ് ചെലവഴിക്കുക. സോഫ്റ്റ് ബാങ്ക്, പ്രൊസസ്, ഗോള്‍ഡ്മാന്‍ സാച്ച്, കലാരി ക്യാപിറ്റല്‍, അവതാര്‍ വെഞ്ചേഴ്‌സ്, ചിമേര, സ്‌കോഡര്‍ adveq തുടങ്ങിയവരാണ് ഇലാസ്റ്റിക്‌റണ്ണിന്റെ നിക്ഷേപകര്‍. കഴിഞ്ഞ ഫെബ്രുവരി എട്ടിന് വെഞ്ച്വര്‍ ഇന്റലിജന്‍സ് യുണീകോണ്‍ ട്രാക്കറില്‍ ഈ വര്‍ഷത്തെ ഏഴാമത്തെ യുണീകോണ്‍ കമ്പനിയായി ഇലാസ്റ്റിക്‌റണ്ണിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരി 17ന് ആണ് ഇലാസ്റ്റിക്‌റണ്‍ ഫണ്ടിംഗിനെ സംബന്ധിച്ച ഔദ്യോഗിക പ്രതികരണം നല്‍കിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it