ജര്‍മ്മനിയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ ആറ് കേരള സ്റ്റാര്‍ട്ടപ്പുകള്‍

കേരളത്തില്‍ നിന്നുള്ള ആറ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയില്‍ പ്രവര്‍ത്തനം വിപുലമാക്കാനൊരുങ്ങുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സംരംഭങ്ങളാണിവ.

ജര്‍മ്മന്‍ സംരംഭങ്ങളുമായി സഹകരിച്ചാണ് ഇവ ജര്‍മ്മനിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ജര്‍മ്മന്‍ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്‌സ്, പ്ലേസ്‌പോട്ട്‌സ്, സ്‌കീബേര്‍ഡ് ടെക്‌നോളജീസ്, ഫ്യൂസ്‌ലേജ് ഇന്നൊവേഷന്‍സ്, ട്രാന്‍ക്വിലിറ്റി ഐ.ഒ.ടി ആന്‍ഡ് ബിഗ് ഡേറ്റ സൊല്യൂഷന്‍സ്, ടോസില്‍ സിസ്റ്റംസ് എന്നിവയാണ് ആറ് കേരള സ്റ്റാര്‍ട്ടപ്പുകള്‍. ഇവയുടെ സ്ഥാപകരും മേധാവികളും സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

പുത്തന്‍ സാങ്കേതികവിദ്യകളായ വിര്‍ച്വല്‍ റിയാലിറ്റി (VR), ഓഗ്മെന്റഡ് റിയാലിറ്റി (AR), 3ഡി ആനിമേഷന്‍ എന്നിവയിലധിഷ്ഠിതമായ കണ്ടന്റുകള്‍/സൊല്യൂഷന്‍സ് ലഭ്യമാക്കുന്ന സംരംഭമാണ് ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്‌സ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ ട്യൂട്ട്എ.ആര്‍ (TutAR) ഇവരുടെ ശ്രദ്ധേയ ഉത്പന്നമാണ്.

കായികമേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന സംരംഭമാണ് പ്ലേസ്‌പോട്ട്‌സ്. മൊബൈല്‍ ആപ്പ് വഴി അടുത്തുള്ള മികച്ച സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ കണ്ടെത്താം, സമയം ബുക്ക് ചെയ്യാം, എതിരാളികളെ കണ്ടെത്തി മത്സരിക്കാം എന്നിവയ്ക്ക് ആപ്പ് പ്രയോജനപ്പെടുത്താം.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ക്ലൗഡ് അധിഷ്ഠിത ബിസിനസ് സൊല്യൂഷന്‍സ് ലഭ്യമാക്കുകയാണ് സ്‌കീബേര്‍ഡ് ടെക്‌നോളജീസ് ചെയ്യുന്നത്. പര്‍ച്ചേസ്, വില്‍പന, എച്ച്.ആര്‍., അക്കൗണ്ടിംഗ് തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാം. കാര്‍ഷിക, ഭക്ഷ്യോത്പന്ന മേഖലയ്ക്ക് നൂതന സാങ്കേതികവിദ്യാ പിന്തുണ നല്‍കുകയാണ് ഫ്യൂസ്‌ലേജ് ഇന്നൊവേഷന്‍സ് ചെയ്യുന്നത്. അഗ്രികള്‍ച്ചര്‍ ഡ്രോണ്‍, നിരീക്ഷണ ഡ്രോണ്‍, ട്രാക്കിംഗ് കണ്‍സോള്‍ എന്നിവ ലഭ്യമാക്കുന്നു.

വിവിധ മേഖലകളിലെ കമ്പനികള്‍ക്ക് അനുയോജ്യമായ ഡേറ്റ അനലിറ്റിക്‌സ്, സ്മാര്‍ട്ട് ഫാം, സ്മാര്‍ട്ട് ഹോം, അസറ്റ് ട്രാക്കിംഗ്, ജി.പി.എസ് സിസ്റ്റം, സ്മാര്‍ട്ട് മീറ്റര്‍ തുടങ്ങിയ ഉത്പന്ന/സേവനങ്ങളാണ് ട്രാന്‍ക്വിലിറ്റി ഐ.ഒ.ടി ആന്‍ഡ് ബിഗ് ഡേറ്റ സൊല്യൂഷന്‍സ് നല്‍കുന്നത്. ഓട്ടോമോട്ടീവ്, വ്യവസായം, സെമികണ്ടക്ടര്‍, ഐ.ഒ.ടി മേഖലകള്‍ക്ക് ഗവേഷണ-വികസന (R&D), എന്‍ജിനിയറിംഗ് പിന്തുണയാണ് ടോസില്‍ സിസ്റ്റംസ് നല്‍കുന്നത്.

ജിന്‍സെപ്പിന്റെ ഭാഗം
ജര്‍മ്മനിയിലെത്തിയ കേരള സംഘം യൂറോപ്യന്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തിലെ ഉള്‍പ്പെടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ആഗോള ഡിജിറ്റല്‍ ഡെമോഡേയില്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു.
മികച്ച നിക്ഷേപ സാദ്ധ്യതകള്‍ ഉള്‍പ്പെടെ സന്ദര്‍ശനം മുഖേന ലഭിച്ചുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. ജര്‍മ്മനി-ഇന്ത്യ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ (ജിന്‍സെപ്/GINSEP) ഭാഗമായാണ് കേരള സംഘം ജര്‍മ്മനി സന്ദര്‍ശിച്ചത്.
Related Articles
Next Story
Videos
Share it