സൗദിയില്‍ വിദേശികള്‍ക്ക് ബിസിനസ് തുടങ്ങാം; വഴികള്‍ അറിയാം
തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശ നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്ന നയമാണ് ഇപ്പോള്‍ സൗദി അറേബ്യയുടേത്
വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവരെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. സൗദി സര്‍ക്കാരിന്റെ വികസന പദ്ധതിയായ വിഷന്‍ 2030 ല്‍ വ്യാവസായിക മേഖലയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. നേരത്തെ പരിമിതമായ മേഖലകളില്‍, സൗദി പൗരന്‍മാര്‍ക്കൊപ്പം പങ്കാളിത്ത നിക്ഷേപം നടത്തുന്നതിനാണ് അനുമതി നല്‍കിയിരുന്നതെങ്കില്‍ ഇന്ന് പൂര്‍ണമായും വിദേശ നിക്ഷേപം അനുവദിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. യു.എ.ഇയിലെന്ന പോലെ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല റെസിഡന്‍സി വിസകള്‍ നല്‍കി ഒപ്പം നിര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമത്തിന്റെ കര്‍ശനമായ ചട്ടക്കൂടുകള്‍ നിലനിന്നിരുന്ന രാജ്യത്ത് ഇപ്പോള്‍ ഇളവുകളുമായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നുണ്ട്.
ബിസിനസ് തുടങ്ങുന്നതെങ്ങനെ?
മാറുന്ന സാഹചര്യങ്ങളെ മുന്നില്‍ കണ്ട് തൊഴില്‍ വിസകളില്‍ നിന്ന് ബിസിനസ് രംഗത്തേക്ക് മാറിയ ഒട്ടേറെ മലയാളികള്‍ സൗദിയിലെ വിവിധ നഗരങ്ങളിലുണ്ട്. സൗദി വിപണിക്ക് പുറമെ വിവിധ ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകള്‍ കൂടിയുള്ളതിനാല്‍ വിവിധ മേഖലകളില്‍ ഇവിടെ ബിസിനസ് സാധ്യതകള്‍ വര്‍ധിക്കുകയാണ്. സൗദി അറേബ്യയിലെ നിക്ഷേപങ്ങള്‍ക്ക് പ്രാഥമിക അനുമതി നല്‍കുന്നത് സൗദി നിക്ഷേപക മന്ത്രാലയമാണ് (misa/ wizarat al aistithmar). നിക്ഷേപ ലൈസന്‍സുകള്‍ നല്‍കല്‍, നികുതി ആനൂകൂല്യങ്ങള്‍, ഗ്യാരണ്ടികള്‍, നിയമ ചട്ടക്കൂടുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ മന്താലയമാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഏതെല്ലാം മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിട്ടുണ്ടെന്നതിന്റെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മേഖലയിലും നിക്ഷേപിക്കുന്ന തുകക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പണമായും ആസ്തികളായും (കമ്പനി ഉപകരണങ്ങള്‍) കാണിക്കാം. ആവശ്യമായ ആസ്തിയുടെ രേഖകള്‍, സ്ഥാപനത്തിന്റെ സ്വഭാവം, ലക്ഷ്യങ്ങള്‍, പ്രതീക്ഷിത വരുമാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്ന ബിസിനസ് പ്ലാന്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള വ്യക്തിപരമായ രേഖകള്‍ തുടങ്ങിയവക്കൊപ്പമാണ് അപേക്ഷ നല്‍കേണ്ടത്.
നിക്ഷേപക വിസ
നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക വിസയും റിസിഡന്‍സ് പെര്‍മിറ്റും സൗദി സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. കമ്പനി രജിസ്‌ട്രേഷന് സമാന്തരമായി ഇതിനുള്ള അപേക്ഷകളും നല്‍കാം. ഇതോടൊപ്പം പ്രാദേശിക ബാങ്കില്‍ അകൗണ്ട് ആരംഭിക്കണം. നിക്ഷേപകര്‍ക്ക് അകൗണ്ട് അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് പ്രത്യേക പദ്ധതികളുണ്ട്. വര്‍ഷം തോറും പുതുക്കാവുന്ന പരിമിത കാല വിസ, ആജീവനാന്ത റെസിഡന്‍സി പെര്‍മിറ്റ്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭക വിസ, പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് റസിഡന്‍സി പെര്‍മിറ്റ്, കല,സാംസ്‌കാരിക,കായിക മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ടാലന്റ് റസിഡന്‍സി തുടങ്ങി വ്യത്യസ്ത പെര്‍മിറ്റുകളാണ് താമസത്തിനായി നല്‍കുന്നത്. കമ്പനികളുടെ പേരില്‍ മാത്രമാണ് നിക്ഷേപങ്ങള്‍ അനുവദിക്കുക. വ്യക്തിയെന്ന നിലയില്‍ ബിസിനസ് നിക്ഷേപങ്ങള്‍ അനുവദിക്കില്ലെന്ന് നിക്ഷേപക മന്ത്രാലയം വ്യക്തമാക്കുന്നു. കമ്പനികളിലെ നിയമനങ്ങളില്‍ സ്വദേശി വല്‍ക്കരണ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരോ മേഖലയിലും സ്വദേശികള്‍ക്ക് നിര്‍ബന്ധമായും നിയമനം നടത്തുന്നതിന് ചട്ടങ്ങളുണ്ട്.
മറ്റു ലൈസന്‍സുകള്‍
നിക്ഷേപക മന്ത്രാലയത്തില്‍ നിന്നുള്ള അടിസ്ഥാന ലൈസന്‍സ് നേടിയാല്‍ ഓരോ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ലൈസന്‍സുകളും ആവശ്യമാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കമേഴ്‌സ്യല്‍ ലൈസന്‍സ്, പ്രൊഫഷണല്‍ മേഖലയില്‍ (ലീഗല്‍, എഞ്ചിനിയറിംഗ് തുടങ്ങിയവ) പ്രൊഫഷണല്‍ ലൈസന്‍സ്, ആരോഗ്യമേഖലയില്‍ ഹെല്‍ത്ത് ലൈസന്‍സ് തുടങ്ങിയവ പ്രത്യേകമായി എടുക്കണം. അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ സാധ്യമാണ്. ബിസിനസ് ആരംഭിച്ച് ചില വരുമാന പരിധികള്‍ പിന്നിടുമ്പോള്‍ വാറ്റ് റജിസ്‌ട്രേഷന്‍, സക്കാത്ത് രജിസ്‌ട്രേഷന്‍ എന്നിവ എടുക്കണം.
പ്രോല്‍സാഹന മേഖലകള്‍
റിയല്‍ എസ്‌റ്റേറ്റ്,ഐടി, റിന്യൂവബിള്‍ എനര്‍ജി, ബയോ ടെക്‌നോളജി, ആരോഗ്യം, ടൂറിസവും ഹോസ്പിറ്റാലിറ്റിയും, മൈനിംഗ്, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലാണ് വിദേശ നിക്ഷേപം കൂടുതലായി പ്രോല്‍സാഹിപ്പിക്കുന്നത്. 100 ശതമാനം വരെ നിക്ഷേപം നടത്താവുന്ന കമ്പനികള്‍, നിലവിലുള്ള അന്താരാഷ്ട്ര കമ്പനികളുടെ ബ്രാഞ്ചുകള്‍, മാര്‍ക്കറ്റ് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രതിനിധി ഓഫീസുകള്‍, പ്രാദേശിക നിക്ഷേപകരുമായി സഹകരിച്ചുള്ള പങ്കാളിത്ത ബിസിനസുകള്‍ എന്നിവക്കാണ് ലൈസന്‍സുകള്‍ അനുവദിക്കുക. സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ സൗദി അറേബ്യന്‍ എസ്എംഇ അതോറിറ്റി വിവിധ ധനസഹായ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. കോ വര്‍ക്കിംഗ് സ്‌പേസുകള്‍, ബിസിനസ് മെന്ററിംഗ് തുടങ്ങി സൗകര്യങ്ങളും നല്‍കുന്നു. റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളിലെ പ്രത്യേക സാമ്പത്തിക സോണുകളിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.
ആവശ്യമായ രേഖകള്‍
നിക്ഷേപ ലൈസന്‍സ് അപേക്ഷക്കൊപ്പം ബിസിനസ് പങ്കാളികളുടെ പേരും ഓരോ പങ്കാളിയുടെയും മൂലധനത്തിന്റെ വിഹിതവും അടങ്ങിയ നോട്ടറൈസ്ഡ് ബോര്‍ഡ് റെസല്യൂഷന്‍, മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക വിവരങ്ങള്‍, അസോസിയേഷന്‍ ആര്‍ട്ടിക്കിള്‍സ്, ഓഹരി ഉടമകളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍. ഡയറക്ടര്‍മാരുടെയും ഓഹരി ഉടമകളുടെയും തിരിച്ചറിയല്‍ രേഖയും വിലാസത്തിന്റെ തെളിവും, പവര്‍ ഓഫ് അറ്റോര്‍ണിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ ആവശ്യമായി വരും. കമ്പനി ലൈസന്‍സുകള്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്ന ഒട്ടേറെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാം.