ജീവനക്കാരെ പിരിച്ചുവിടുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്..?
സെക്കന്‍-ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന കാര്‍സ്24 കഴിഞ്ഞ ദിവസം ഇന്ത്യയിലെ 600 ജിവനക്കാരെയാണ് പിരിച്ചു വിട്ടത്. പ്രകടനം നോക്കി വര്‍ഷാവര്‍ഷം ചെയ്യുന്ന ഒരു നടപടി മാത്രമാണ് ഇതെന്നാണ് കമ്പനി പറഞ്ഞത്. മിഡില്‍ ഈസ്റ്റ്. ഓസ്‌ട്രേലിയ, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് ഏകദേശം 9000 ജീവനക്കരാണ് ഉള്ളത്. ഈ വര്‍ഷം ജീവനക്കാരെ പിരിച്ചുവിടുന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പുകളില്‍ എട്ടാമത്തേതാണ് കാര്‍സ്24.
ഏതാനും ദിവസം മുമ്പ് എഡ്‌ടെക്ക് യുണീകോണ്‍ വേദാന്തു 424 ജിവനക്കാരെയാണ് പിരിച്ചുവിട്ടത്. 200 ജിവനക്കാരെ പിരിച്ചുവിട്ട് ദിവസങ്ങള്‍ക്കകം ആണ് കമ്പനി രണ്ടാംഘട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഒരു മാസം കൊണ്ട് 624 പേര്‍ക്കാണ് വേദാന്തുവില്‍ നിന്ന് ജോലി നഷ്ടമായത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഡിമാന്‍ഡ് ഇടിഞ്ഞതും വിപണി സാഹചര്യങ്ങളുമാണ് വേദാന്തു സിഇഒ വംശി കൃഷ്ണ കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.
നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി ലേണിംഗ് പ്ലാറ്റ്‌ഫോം അണ്‍അക്കാദമി 600 പേരെയാണ് പിരിച്ചുവിട്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്രെല്‍ (300), എഡ്‌ടെക്ക് പ്ലാറ്റ്‌ഫോം ലിഡോ(200), ഫര്‍ണിച്ചറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഫര്‍ലെന്‍കോ(180), ഇ-കൊമേഴ്‌സ് കമ്പനി മീഷോ(150), ഫിന്‍ടെക്ക് കമ്പനി ഒകെ ക്രെഡിറ്റ് (40) എന്നിവയാണ് 2022 തുടങ്ങിയ ശേഷം ജീവനക്കാരെ പിരിച്ചുവിട്ട മറ്റ് പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍.
ബിസിനസ് ഇടിഞ്ഞതാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലേക്ക് പല സ്റ്റാര്‍ട്ടപ്പുകളെയും നയിച്ചതെന്നാണ് വിലയിരുത്തല്‍. മുകളില്‍ പറഞ്ഞ 8 സ്റ്റാര്‍ട്ടപ്പുകളില്‍ മൂന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബൈജ്യൂസ് മുതല്‍ പ്രാദേശിക ഭാഷകളിലുള്ള യുട്യൂബ് ചാനലുകള്‍ വരെ ഉള്‍പ്പെടുന്ന മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബൈജ്യൂസിന് പിന്നാലെ അണ്‍അക്കാദമിയും ഓഫ്‌ലൈന്‍ സെന്ററുകല്‍ പ്രഖ്യാപിച്ചിരുന്നു.
ചിലവ് കുറച്ചുകൊണ്ട് ലാഭത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഇതും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലേക്ക് നയിച്ചു. ലാഭക്കണക്കുകളും പ്രകടനവും നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണെന്നിരിക്കെ പല സ്റ്റാര്‍ട്ടപ്പുകളും വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്്‌ഫോമുകളില്‍ ഒന്നായ അണ്‍അക്കാദമി 2021-22 സാമ്പത്തിക വര്‍ഷം ഒരു രൂപ വരുമാനം നേടാന്‍ 5.1 രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. 1537.5 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലെ പ്രധാനികളായ സോഫ്റ്റ് ബാങ്ക് രാജ്യത്തെ നിക്ഷേപങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഫ്റ്റ് ബാങ്ക് നിലപാടും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തിരിച്ചടിയാണ്. സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപക വിഭാഗം വിഷന്‍ ഫണ്ട് മാര്‍ച്ച് അവസാനം രേഖപ്പെടുത്തിയത് 26.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ്. പേയ്ടിഎമ്മില്‍ സോഫ്റ്റ് ബാങ്ക് നടത്തിയ 1.4 ബില്യണ്‍ ഡോളറിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 800 മില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ യുണീകോണ്‍ കമ്പനികളുടെ ആകെ ഫണ്ടിംഗിന്റെ 10 ശതമാനം ആണ് സോഫ്റ്റ് ബാങ്കിന്റെ സംഭാവന.
ഫണ്ടിംഗ് കുറയുന്നതിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് സ്റ്റാര്‍ട്ടപ്പുകളോട് മുന്‍കരുതലുകള്‍ എടുക്കണെമന്ന് ഇന്ത്യയിലുള്‍പ്പടെ നിക്ഷേപങ്ങളുള്ള പ്രശസ്ത സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ വൈ കോംബിനേറ്റര്‍ ആവശ്യപ്പെട്ടിരുന്നു. ഫണ്ടിംഗ് മന്ദഗതിയിലായ സാഹചര്യത്തില്‍ ചെലവ് ചുരുക്കാനാണ് വൈ കോംബിനേറ്ററിന്റെ നിര്‍ദ്ദേശം. കമ്പനി നന്നായി പ്രവര്‍ത്തിച്ചാലും സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വൈ കോംബിനേറ്ററിന്റെ വിലയിരുത്തല്‍