ശന്തനുവിന്റെ 'ഗുഡ്‌ഫെലോസ്' അവതരിപ്പിച്ച് രത്തന്‍ ടാറ്റ

ബിസിനസ് അസിസ്റ്റന്റ് ശന്തനു നായിഡുവിന്റെ (Shantanu Naidu) സ്റ്റാര്‍ട്ടപ്പ് ഗുഡ്‌ഫെലോസ് (Goodfellows) ഔദ്യോഗികമായി അവതരിപ്പിച്ച് രത്തന്‍ ടാറ്റ (Ratan Tata). ഇരുപത്തിയെട്ടുകാരന്‍ ശന്തനുവിന്റെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുമെന്ന് ടാറ്റ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ കമ്പാനിയന്‍ഷിപ്പ് സ്റ്റാര്‍ട്ടപ്പ് ആണ് ഗുഡ്‌ഫെലോസ്. ഒറ്റയ്ക്കാവുന്നത് വരെ ഏകാന്തത നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ലെന്നാണ് ഗുഡ്‌ഫെലോസ് അവതരിപ്പിച്ചുകൊണ്ട് ടാറ്റ പറഞ്ഞത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സംരംഭമാണ് ഗുഡ്ഫെലോസ്. സേവനം എന്ന് വെച്ചാല്‍ എന്തെങ്കിലും ഓണ്‍ലൈന്‍ സംഗതികളല്ല. കൂടെ നടക്കാനും കാര്യങ്ങള്‍ പങ്കുവെക്കാനുമൊക്കെ ഒരു സുഹൃത്തിനെയാണ് ഗുഡ്ഫെലോസ് നല്‍കുന്നത്. 30 വയസിന് താഴെയുള്ള ഡിഗ്രി യോഗ്യതയുള്ള യുവതീ യുവാക്കളെയാണ് ഇതിനായി ഇവര്‍ നിയമിക്കുന്നത്. ഗുഡ്ഫെലോസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

പ്രായമായവര്‍ക്ക് പ്രതിമാസം പണമടച്ച് സേവനം ബുക്ക് ചെയ്യാം. ആദ്യത്തെ ഒരുമാസം സേവനം സൗജന്യമായിരിക്കും. പുതിയ ടെക്നോളജി പഠിക്കാനും, ഡോക്ടറെ കാണാന്‍ കൂട്ടുവരാനും, ഡ്രൈവിംഗിനും, പച്ചക്കറികള്‍ മേടിക്കാനും തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ഗുഡ്ഫെലോസിനെ ആശ്രയിക്കാം.

പ്രായമാകുമ്പോള്‍ അനുഭവപ്പെടുന്ന ഏകാന്തത ഇന്റര്‍ ജനറേഷന്‍ സൗഹൃദങ്ങളിലൂടെ മറികടക്കാനുള്ള അവസരം കൂടിയാണ് ഈ സ്റ്റാര്‍ട്ടപ്പ് ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പരീക്ഷണാര്‍ത്ഥമാണ് ഗുഡ്ഫെലോസിന്റെ പ്രവര്‍ത്തനം മുംബൈയില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ മുംബൈയില്‍ മാത്രം ലഭ്യമാകുന്ന സേവനം ഭാവിയില്‍ പൂനെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

Related Articles
Next Story
Videos
Share it