Begin typing your search above and press return to search.
പിരിച്ചുവിടല്‍ 'ഭൂതത്തെ' തുറന്നുവിട്ട് ബൈജൂസ്; ഈ വര്‍ഷം പണിതെറിച്ചത് 28,000 പേര്‍ക്ക്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 2023ന്റെ ആദ്യ മൂന്ന് ത്രൈമാസങ്ങളില്‍ ജോലി നഷ്ടമായത് 28,000ലേറെ പേര്‍ക്ക്. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസം കൂടി കഴിയാനിരിക്കേ, ജോലി നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 30,000 കടക്കുമെന്നാണ് വിലയിരുത്തലുകള്‍.
സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറാനുള്ള ചെലവ് ചുരുക്കലുകളുടെയും പ്രവര്‍ത്തന പുനഃക്രമീകരണത്തിന്റെയും ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ കുറയ്ക്കുന്നതെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ലോംഗ്ഹൗസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021ല്‍ 4,080 പേര്‍ക്കാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടതെങ്കില്‍ 2022ല്‍ ഇത് 20,000 കടന്നിരുന്നു. ഇതാണ് ഈ വര്‍ഷം 30,000 ലക്ഷ്യമിട്ട് കുതിക്കുന്നത്. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഉഡാന്‍, ഫിസിക്‌സ്‌വാലാ, ബിസോന്‍ഗോ, തേഡ് വേവ് കോഫീ എന്നിവ ജീവനക്കാരെ വെട്ടിക്കുറച്ച് കഴിഞ്ഞു.
ബൈജൂസ് മുന്നില്‍
എഡ്‌ടെക്, ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ മുന്നിലുള്ളത്. 2,500 പേരെ പിരിച്ചുവിട്ട്, ജീവനക്കാരെ കുറയ്ക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള സ്റ്റാര്‍ട്ടപ്പായത് പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസാണ്.
ആമസോണ്‍ 1,500ലധികം പേരെയും ജിയോമാര്‍ട്ട് 1,000 പേരെയും ഒഴിവാക്കി. ഷെയര്‍ചാറ്റ്, ഡൂന്‍സോ, ഫാബ്ള്‍കെയര്‍ തുടങ്ങിയവയും ജീവനക്കാരെ പിരിച്ചുവിട്ടവയുടെ കൂട്ടത്തിലുണ്ട്.
എന്താണ് പ്രതിസന്ധി?
നിക്ഷേപം ലഭിക്കുന്നതിലെ പ്രതിസന്ധിയും സാമ്പത്തിക മേഖലയുടെ കിതപ്പുമാണ് സ്റ്റാര്‍ട്ടപ്പുകളെ പ്രധാനമായും വലയ്ക്കുന്നത്. ബൈജൂസ് അടക്കമുള്ള പ്രമുഖ കമ്പനികളെല്ലാം ചെലവ് ചുരുക്കിയും പ്രവര്‍ത്തനം പുനഃക്രമീകരിച്ചും പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്.
2023ല്‍ ഇതുവരെ വെറും 700 കോടി ഡോളര്‍ (58,300 കോടി രൂപ) ഫണ്ടിംഗ് മാത്രമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയത്. 2022ല്‍ 2,500 കോടി ഡോളര്‍ (രണ്ടുലക്ഷം കോടി രൂപ) എത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും മോശം ഫണ്ടിംഗാണിത്.
Next Story
Videos