വരുമാനത്തേക്കാള്‍ ഇരട്ടി പരസ്യത്തിന് ചെലവാക്കി എഡ് ടെക് സ്റ്റാര്‍ട്ടപ്പ്

വരുമാനത്തെക്കാള്‍ ഇരട്ടി തുക പരസ്യത്തിന് നല്‍കി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ബ്രൈറ്റ് ചാംപ്‌സ് (Brightchamps)എന്ന വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായികള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് ബ്രൈറ്റ് ചാംപ്‌സ്. റോബോട്ടിക്സ്, കോഡിങ്, ധനകാര്യ സാക്ഷരത എന്നിവയാണ് ഓണ്‍ലൈനായി പഠിപ്പിക്കുന്നത്.

കോടികളുടെ പരസ്യം

2021-22 ല്‍ പരസ്യത്തിന് ചെലവായത് 42.4 കോടി രൂപ, പ്രവര്‍ത്തന വരുമാനം ലഭിച്ചത് 22.5 കോടി രൂപ. മറ്റ് എഡ് ടെക്ക് കമ്പനികളെ പോലെ കോവിഡ് കാലത്ത് ബ്രാന്‍ഡ് പ്രചാരം വര്‍ധിപ്പിക്കാന്‍ എടുത്ത് നടപടി ഫലവത്തായില്ല. സ്‌കൂള്‍ , കോളേജ് ക്ളാസ്സുകള്‍ ഓഫ്ലൈനായി പുനരാംഭിച്ചതോടെ ഓണ്‍ലൈന്‍ കോഴ്സുകളുടെ ആകര്‍ഷണീയത കുറഞ്ഞു. ഫ്‌ളിപ് കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍, അസിം പ്രേംജിയുടെ സ്ഥാപനമായ പ്രേംജി ഇന്‍വെസ്റ്റ് തുടങ്ങിയവര്‍ ഭാവിയില്‍ യൂണികോണാകാന്‍ സാധ്യത ഉള്ള കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.

ശമ്പളം കൊടുത്തത് 55 കോടിരൂപ

55 കോടി രൂപ ജീവനക്കാരുടെ വേതനമായും ചെലവായി. മൊത്തം ചെലവ് 121.1 കോടി രൂപ. വരുമാനത്തെക്കാള്‍ അഞ്ചിരട്ടി ചെലവ്. 2021 -22 ല്‍ കമ്പനിയുടെ നഷ്ടം രേഖപെടുത്തിയിരിക്കുന്നത് 98.6 കോടി രൂപയാണ്. കോര്പറേറ്റ് കാര്യ മന്ത്രാലയത്തിന് കമ്പനി സമര്‍പ്പിച്ച കണക്കുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. നവംബര്‍ 2022 ല്‍ പ്രേംജി ഇന്‍വെസ്റ്റ് ഉള്‍പ്പടെ ഉള്ള നിക്ഷേപകര്‍ 63 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തി. അന്ന് കമ്പനിക്ക് കല്‍പിക്കപ്പെട്ട മൂല്യം 650 ദശലക്ഷം ഡോളറായിരുന്നു.

2020 ല്‍ രവി ഭൂഷണ്‍ എന്ന സംരംഭകന്‍ ആരംഭിച്ച കമ്പനി 30 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പ്രചാരം വര്‍ധിച്ചതോടെ മറ്റ് എഡ് ടെക് കമ്പനികളെ പോലെ ബ്രൈറ്റ് ചാംപ്‌സ് എന്ന കമ്പനിക്കും ഉയര്‍ന്ന മൂല്യം കല്‍പിക്കപെട്ടു. ആഗസ്റ്റ് 2022 ല്‍ ഒരു സിംഗപ്പൂര്‍ വിദ്യാഭാസ കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇതിലൂടെ വിയറ്റ്നാം, തായ് ലാന്‍ഡ്, ഇന്തോനേഷ്യ എന്നീ വിപണികളില്‍ ആധിപത്യം നേടാന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു.

Related Articles
Next Story
Videos
Share it