ഏഴ് സ്ത്രീകള്‍ 80 രൂപ നിക്ഷേപിച്ച് 1600 കോടി രൂപയുടെ ബിസിനസ് കെട്ടിപ്പടുത്ത കഥ!

62 വര്‍ഷങ്ങള്‍ക്കുമുമ്പ് മുംബൈയിലെ ഉള്‍പ്രദേശത്തെ ഒരു വീടിന്റെ ടെറസില്‍ ഏഴ് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അവര്‍ക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ലായിരുന്നു. വീട്ടില്‍ കൂട്ടിന് ദാരിദ്ര്യവും. എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് വരുമാനമുണ്ടാക്കി വീട് പുലര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വഴികള്‍ പലതാലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി.

ഏഴ് പേരും അവരുടെ കൈയിലെ കാശിന് അനുസരിച്ച് പപ്പടം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങുക. ഒരാള്‍ ഉഴുന്ന് വാങ്ങി. മറ്റൊരാള്‍ കുരുമുളക്. വേറൊരാള്‍ കായം, പിന്നെയൊരാള്‍ മസാലകള്‍ അങ്ങനെ ഏഴ് പേരും ഓരോന്ന്. ഇതെല്ലാം ചേര്‍ത്തവര്‍ പപ്പടത്തിനുള്ള മാവ് തയ്യാറാക്കി. അത് ഉരുട്ടി പരത്തി ഉണക്കി പപ്പടമാക്കി വിറ്റു.

നാല് പായ്ക്കറ്റ് പപ്പടമാണ് അന്ന് അവര്‍ക്ക് വില്‍ക്കാന്‍ സാധിച്ചത്. അതിന് ലാഭമായി കിട്ടിയത് എട്ട് അണയും (അതായത് ഇന്നത്തെ 50 പൈസ). പിറ്റേന്ന് അവര്‍ ഇരട്ടി സാധനങ്ങള്‍ വാങ്ങി എട്ട് പായ്ക്കറ്റുണ്ടാക്കി വിറ്റു.

ഈ ഏഴ് പേര്‍ക്കൊപ്പം അയല്‍വാസികളായ കൂടുതല്‍ സ്ത്രീകളും പിന്നീട് ചേര്‍ന്നു. മൂന്നുമാസം കൊണ്ട് പപ്പട കൂട്ടായ്മയിലെ സ്ത്രീകളുടെ എണ്ണം 200 ആയി. സമീപ ഗ്രാമങ്ങളിലേക്ക് ഇത് വ്യാപിച്ചു. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും. ഇന്ന് ഈ പ്രസ്ഥാനത്തെ ഇന്ത്യയിലെമ്പാടും അറിയും. രാജ്യാന്തര തലത്തിലും.

ഏഴ് സ്ത്രീകള്‍ 80 രൂപ നിക്ഷേപം കൊണ്ട് ഉല്‍പ്പാദിപ്പിച്ച പപ്പടത്തെയും എല്ലാവരും അറിയും. ലിജ്ജത്ത് പപ്പട്. ശ്രീ മഹിള ഗ്രിഹ ഉദ്യോഗ് ലിജ്ജത് പപ്പട് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വനിതാ സഹകരണ പ്രസ്ഥാനമാണ്. ഇന്നും സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഈ സഹകരണ പ്രസ്ഥാനത്തിന്റെ വാര്‍ഷിക വിറ്റുവരവ് 1600 കോടി രൂപയാണ്. 17 സംസ്ഥാനങ്ങളിലായി 45,000 സ്ത്രീകള്‍ ഈ സഹകരണ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് ജോലി ചെയ്യുന്നു. പ്രതിവര്‍ഷം 400 കോടി പപ്പടമാണ് ഇവര്‍ വില്‍ക്കുന്നത്.

സമാനതകളില്ലാത്ത ബിസിനസ് മോഡല്‍

ഇന്നും ഒരുതരത്തിലുമുള്ള വൈദഗ്ധ്യവുമില്ലാത്ത സ്തീകളെ പത്രപരസ്യത്തിലൂടെയാണ് ലിജ്ജത് തങ്ങളുടെ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നത്. പുതുതായി ജോലിയിലെത്തുന്ന ഓരോ പെണ്‍കുട്ടിയും ആദ്യം പപ്പട മാവ് ഉരുട്ടാന്‍ പഠിക്കണം. പപ്പടം ഉണ്ടാക്കാന്‍ അറിയാത്ത ഒരു സ്ത്രീ പോലും ഈ സഹകരണ പ്രസ്ഥാനത്തിന്റെ സാരഥ്യത്തിലേക്കും വരില്ല.

62 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു വഴി തുറന്നെടുക്കാന്‍ പരിശ്രമിച്ച ജസ്‌വന്തിബെന്‍ പോപതിന് ഇപ്പോള്‍ പ്രായം 91. ഈ വര്‍ഷം രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ കൂട്ടത്തില്‍ പോപതുമുണ്ടായിരുന്നു.

യന്ത്ര സംവിധാനത്തോടെ പത്തുമടങ്ങ് വേഗത്തില്‍ വന്‍തോതില്‍ പപ്പടം ഉണ്ടാക്കാനാകുമെങ്കിലും ലിജ്ജത് പപ്പടമുണ്ടാക്കുന്ന ഒരു വീട്ടിലും യന്ത്രങ്ങളില്ല. പകരം സ്ത്രീകള്‍ കൈകള്‍ കൊണ്ടാണ് ഇന്നും പപ്പടമാവ് ഉരുട്ടുന്നതും പരത്തുന്നതുമെല്ലാം. എല്ലാവരും അവരവരുടെ വീടുകളിലിരുന്ന് പപ്പടമുണ്ടാക്കുന്നു. സഹകരണ പ്രസ്ഥാനത്തിലെ കളക്ഷന്‍ ജീവനക്കാര്‍ വീടുകളിലെത്തി ഇവ ശേഖരിക്കുന്നു. അവര്‍ക്കുള്ള കൂലിയും കൈമാറുന്നു.

ലിജ്ജത് പപ്പട് ബോളിവുഡിലേക്കും!

ലിജ്ജത് പപ്പടിന്റെ വിജയകഥ ഇപ്പോള്‍ അശുതോഷ് ഗവാരിക്കര്‍ സിനിമയാക്കുകയാണ്. 1990കളില്‍ ദൂരദര്‍ശനില്‍ നിറഞ്ഞുനിന്ന ലിജ്ജത്ത് പപ്പടിന്റെ പരസ്യമാണ് രാജ്യമെമ്പാടും ഈ വനിതാ സഹകരണ പ്രസ്ഥാനത്തെ പരിചിതമാക്കിയതും. ഇപ്പോള്‍ ഈ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് പദവി വഹിക്കുന്ന സ്വാതി പരദ്കര്‍, പത്താം വയസ്സില്‍ അമ്മയെ പപ്പട നിര്‍മാണത്തില്‍ സഹായിച്ചുകൊണ്ടാണ് സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായത്. ''അക്കാലത്ത് എനിക്ക് വലിയ സങ്കടമുണ്ടാക്കുന്ന ജോലിയായിരുന്നു ഇത്.

സ്‌കൂളില്‍ പോകും മുമ്പും വന്നുകഴിഞ്ഞും അമ്മയെ പപ്പടമുണ്ടാക്കാന്‍ സഹായിക്കണം. അവധി ദിവസങ്ങളില്‍ പൂര്‍ണമായും പപ്പടമുണ്ടാക്കാലാകും. അയല്‍പക്കത്തെ കുടുംബങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പപ്പടത്തിന്റെ കണക്കും കൂലിയും ഒക്കെ എഴുതാന്‍ കളക്ഷന്‍ ഏജന്റുമാരെ സഹായിച്ചു. പിന്നീട് അത്തരം ജോലികള്‍ക്ക് അടുത്തുള്ള ബ്രാഞ്ചിലേക്ക് പോയി. എന്നെ ഉന്നത പഠനത്തിന് അയക്കാന്‍ വീട്ടില്‍ പണമില്ലായിരുന്നു. അതുകൊണ്ട് സൊസൈറ്റിയിലെ പുതിയ ജോലികള്‍ എല്ലാം ഏറ്റെടുക്കാന്‍ വീട്ടുകാരും സമ്മതിച്ചു,'' തന്റെ യാത്ര പരദ്കര്‍ ഓര്‍മിക്കുന്നതിങ്ങനെ.

ഇന്നും പഴയ രീതിയില്‍ പപ്പടമുണ്ടാക്കുന്നതിനെ പരദ്കര്‍ അനുകൂലിക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. '' പപ്പട നിര്‍മാണം വന്‍തോതില്‍ യന്ത്രങ്ങളുടെ സഹായത്താല്‍ നടത്തിയാല്‍ തൊഴിലവസരങ്ങള്‍ കുറയും. ഇത്രയേറെ തൊഴിലുകള്‍ നമുക്ക് നല്‍കാനാകില്ല,'' അവര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

സ്വാതി പരദ്കറിനെ പോലെയാണ് ലിജ്ജതിന്റെ നേതൃനിരയിലെ ഓരോ സ്ത്രീയും കടന്നുവന്നിരിക്കുന്നത്. ഈ വലിയ വനിതാ സഹകരണ പ്രസ്ഥാനത്തെ കുറിച്ച് സിനിമ വരുന്നതിനെയും ഏറെ പ്രതീക്ഷയോടെയാണ് സ്വാതിയെ പോലുള്ളവര്‍ കാണുന്നത്. ''രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റനേകം പേര്‍ ഈ മൂവ്‌മെന്റിനെ കുറിച്ച് അറിയുമല്ലോ,'' ഇതാണ് അവരുടെ സന്തോഷത്തിന്റെ കാരണം.

Related Articles
Next Story
Videos
Share it