ഇത് ഉജ്വല നേട്ടം! ജുന്‍ജുന്‍വാലയെക്കാളും ആനന്ദ് മഹീന്ദ്രയെക്കാളും സമ്പന്നനായി ബൈജു രവീന്ദ്രന്‍

ഇന്ത്യയില്‍ കോവിഡ് കാലത്ത് സമ്പത്ത് വളർത്തിയ സംരംഭകരേത് എന്ന ചോദ്യത്തിന് അംബാനിയെയും അദാനിയെയും ചൂണ്ടിക്കാട്ടാം. കാലാകാലങ്ങളായി കുടുംബ ബിസിനസില്‍ നില്‍ക്കുന്ന, തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന ഇവരുടെ ഒപ്പം ആദ്യ 70 പേരില്‍ ഒരു യുവ മലയാളി താരമുണ്ട്, ബൈജു രവീന്ദ്രന്‍. പത്താമത് ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ ബൈജൂസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ജുന്‍ജുന്‍വാല അടക്കമുള്ള സമ്പന്നരെക്കാളും മുന്നിലെത്തിയിരിക്കുകയാണ് ബൈജൂസ് സാരഥി.

ഇന്ത്യയിലെ എയ്‌സ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയെ മാത്രമല്ല ബൈജു കടത്തിവെട്ടിയത്. ആനന്ദ് മഹീന്ദ്രയും കുടുംബവും സ്വത്തില്‍ ബൈജുവിന് താഴെ. ബൈജുവിന്റെയും കുടുംബത്തിന്റേതുമായ സമ്പത്ത് 19 ശതമാനം വര്‍ധിച്ച് 24,300 കോടി രൂപയായപ്പോള്‍, സോഹോയുടെ രാധ വെമ്പുവിന്റെ സമ്പത്ത് 23,100 കോടി രൂപയും ജുന്‍ജുന്‍വാലയുടേത് 22,300 കോടി രൂപയും ആനന്ദ് മഹീന്ദ്രയുടെയും കുടുംബത്തിന്റെയും സ്വത്ത് 22,000 കോടി രൂപയുമാണ്. നന്ദന്‍ നിലേകനിയും കുടുംബത്തിന്റെ സമ്പത്തും 20,900 കോടി രൂപയുമാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ പഠന മേഖലയുടെ വളര്‍ച്ച 40 കാരനായ ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും സമ്പത്തും വര്‍ധിപ്പിച്ചു. നിരവധി വമ്പന്‍ നിക്ഷേപകരാണ് ബൈജുവിന്റെ കമ്പനിയിലേക്കെത്തിയത്. ഏറ്റെടുക്കലും വളര്‍ച്ചയും എല്ലാം വളരെ പെട്ടെന്ന് തന്നെ. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 അനുസരിച്ച്, സമ്പത്തില്‍ ഇന്ത്യയിലെ 67ാം സ്ഥാനക്കാര്‍.

യുവ തരംഗം

ജുന്‍ജുന്‍വാല, രേഖ ജുന്‍ജുന്‍വാല ദമ്പതികളുടെ സ്വത്തുവകകള്‍ 52 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ബൈജുവിനേക്കാള്‍ താഴെയാണെത്തിയതെന്നും കാണാം. അതേസമയം ഇത്തവണ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം ആയിരം കടന്നു. യുപിഐ സേവന ദാതാക്കളായ ഭാരത് പേ സാരഥി നക്രണിയാണ് ഹുറൂണ്‍ ലിസ്റ്റില്‍ സ്ഥാനമുറപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 23 കാരനാണ് നക്രാണി.

1700 കോടിയോളമാണ് നക്രണിയുടെ സമ്പത്ത് വളര്‍ന്നത്. യൂണികോണായി മാറിയ ഭാരത് പേയുടെ സഹസ്ഥാപകനാകുമ്പോള്‍ നക്രണിക്ക് പ്രായം വെറും 19 വയസ്സ്. ഇത്തവണ 1990 കളില്‍ ജനിച്ച 13 പേരാണ് നക്രാണിയോടൊപ്പം ഹുറൂണിലിടം നേടിയത്.

തുടര്‍ച്ചയായ പത്താം വര്‍ഷവും ഏറ്റവും വലിയ സമ്പന്നനായി റിലയന്‍സ് ഗ്രൂപ്പിന്റെ മുകേഷ് അംബാനി തന്നെ. രണ്ടാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി തുടരുന്നു. എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ്നാടാരും കുടുംബവുമാണ് സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it